“സ്‌ത്രീകൾ ഇപ്പോൾ വിമാനം വരെ പറത്തുന്നു. അപ്പോൾ ഓട്ടോറിക്ഷ ഓടിക്കുന്നതിൽ എന്താണ് ബുദ്ധിമുട്ട്?”ചാന്ദ്‌നി പർമാർ ചോദിക്കുന്നു. 2018-ൽ തന്‍റെ ഇരുപതാം വയസിൽ ഭുജ് നഗരത്തിലെ ആദ്യ വനിതാ ഓട്ടോറിക്ഷ ഡ്രൈവറായ ആളാണ് ചാന്ദ്‌നി. ചാന്ദ്‌നിയേക്കാൾ ഒരു വയസിന് മുതിർന്ന ആശ വാഘേലയാണ് മറ്റൊരു വനിത ഓട്ടോറിക്ഷ ഡ്രൈവർ. ആശ ചാന്ദ്‌നിയുടെ ‘മാസി’ കൂടിയാണ് - അതായത് അമ്മയുടെ ഇളയ സഹോദരി.
അവർ ഓടിക്കുന്ന വാഹനം പൊതുവെ അറിയപ്പെടുന്നത് ചക്‌ഡോ അല്ലെങ്കിൽ ചക്‌ഡ എന്നാണ്. പത്തോളം പേർക്ക് സൗകര്യപ്രദമായി യാത്ര ചെയ്യാനാകുന്ന മുച്ചക്ര വാഹനമാണിത്. ഗുജറാത്തിലെ കച്ച് ജില്ലാകേന്ദ്രമായ ഭുജ് നഗരത്തിൽനിന്നും 25 കിലോമീറ്റർ ഗ്രാമങ്ങളിലേക്കും അവിടുന്ന് തിരിച്ചും യാത്ര ചെയ്യുന്നവർ സാധാരണയായി ഉപയോഗിക്കുന്ന യാത്രാമാർഗമാണ് ചക്‌ഡ. ടാക്സിമീറ്റർ ഘടിപ്പിച്ചിട്ടില്ലാത്തതിനാൽ ഒരു അലിഖിത നിരക്ക് പ്രകാരമാണ് കൂലി വാങ്ങുന്നത്. “ചെറിയ ദൂരങ്ങൾക്ക് 20-30 രൂപ വരെയും, ദൂരം വർധിക്കുന്നതനുസരിച്ച് കൂടുതൽ നിരക്കും വാങ്ങും” ആശ പറഞ്ഞു. “ഏറ്റവും കൂടിയത് 300 രൂപ വരെ വാങ്ങാറുണ്ട്, വളരെ ദൂരേക്ക് ഡ്രൈവ് ചെയ്യുകയാണെങ്കിൽ.”
കുടുംബത്തിലെ സ്‌ത്രീകളോ ഭുജിലെതന്നെ മറ്റ് സ്‌ത്രീകളോ ചെയ്യാത്ത ജോലിക്കായി ചാന്ദ്‌നിക്കും ആശയ്ക്കും അനുമതി നൽകാൻ കുടുംബത്തിന് - പ്രത്യേകിച്ച് ആശയുടെ മാതാപിതാക്കള്‍ക്ക് - തുടക്കത്തിൽ ബുദ്ധിമുട്ടുണ്ടായിരുന്നു. പ്രധാനമായും ആശയുടെ മാതാപിതാക്കൾക്ക്. എന്നാൽ ചാന്ദ്‌നിയുടെ കാര്യത്തിൽ സാമ്പത്തിക പ്രതിസന്ധി വഴിതുറന്നു. വളർന്നുവരുന്ന കുടുംബത്തിന്‍റെ സാഹചര്യം മകളെ ഡ്രൈവിങ് പഠിക്കാൻ വിടാൻ അവരെ കൂടുതൽ സന്നദ്ധരാക്കി.
നാല് സഹോദരിമാരും രണ്ട് സഹോദരൻമാരും മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിലെ മുതിർന്ന കുട്ടിയായ ചാന്ദ്‌നി ഒരു ഞായറാഴ്ച വൈകിട്ടാണ് ഭുജ് റെയിൽവേ സ്റ്റേഷന് അപ്പുറമുള്ള തന്‍റെ വീട്ടിലേക്ക് എന്നെ കൊണ്ടുപോയത്. ഭുതേശ്വർ നഗറിലുള്ള ഒരു അർധഗ്രാമ മേഖലയിലാണ് ചാന്ദ്‌നിയുടെ വീട്. പ്രധാന റോഡിൽ നിന്ന് അവളുടെ വീട്ടിലേക്കുള്ള മൺപാത കുണ്ടും കുഴിയും നിറഞ്ഞതാണ്. "ഞാനല്ലാതെ മറ്റൊരു ഓട്ടോക്കാരും ഇങ്ങോട്ടേക്ക് വരില്ല”, അവൾ പറഞ്ഞു, “അതുകൊണ്ട് നഗരത്തിലേക്ക് പോകാൻ വീടിന്‍റെ അടുത്തുനിന്ന് നിരവധി ഓട്ടം ലഭിക്കാറുണ്ട്.”







