ബച്ചു തന്റെ ഇന്നത്തെ ആദ്യ വില്പന ആരംഭിക്കുകയാണ്. ശിവപൂർവ ഗ്രാമത്തിലെ കുടിവെള്ള പൈപ്പിനരികിൽ പത്തോളം സ്ത്രീകൾ നില്പുണ്ട്. അവർക്കരികിൽ വണ്ടി നിർത്തി ബച്ചു പറഞ്ഞു, "ഈ പുതിയ ഡിസൈനുകൾ നോക്കൂ ചേച്ചി. ഇത്തരം ഡിസൈനുകൾ ഉള്ള സാരികൾ സിധി മാർക്കറ്റിലെ വലിയ കടകളിൽ പോലും കിട്ടില്ല. ഇഷ്ടപ്പെട്ടില്ലെങ്കിൽ എടുക്കണമെന്ന് നിർബന്ധമില്ല, എങ്കിലും നോക്കാമല്ലോ".
ആദ്യ വില്പന ഉറപ്പിക്കാനായി ബച്ചു വളരെ പ്രതീക്ഷയോടെ നല്ലൊരു വിലക്കുറവ് തന്നെ പ്രഖ്യാപിക്കുന്നു. "ഈ ഓരോ സാരിക്കും 700 രൂപയാണ് യഥാർത്ഥ വില. നിങ്ങൾക്ക് ഞാനിത് വെറും 400 രൂപക്ക് നൽകാം."
സ്ത്രീകൾ അയാളുടെ തുണിഭാണ്ഡത്തിലുള്ള പതിനഞ്ചു മുതൽ ഇരുപതോളം വരുന്ന നൈലോൺ സാരികൾ എടുത്തു നോക്കുന്നു. അതിൽ ഒരു സ്ത്രീ ഒരു സാരി എടുത്ത് അതിന് 150 രൂപ നൽകാമെന്ന് പറയുന്നു. അല്പം ദേഷ്യം വന്ന ബച്ചു തന്റെ സാരികൾ എടുത്ത് ഭാണ്ഡക്കെട്ടിൽ അടുക്കിവച്ച് അതിനെ ഒരു കയറുകൊണ്ട് കെട്ടി. ഇതിനിടയിൽ ആ സാരിയുടെ വാങ്ങിയ വില പോലും 250 രൂപയാണെന്ന് ബച്ചു പിറുപിറുക്കുന്നുണ്ടായിരുന്നു. തന്റെ ആദ്യ ഉപഭോക്താവാകേണ്ടിയിരുന്ന ആ സ്ത്രീ പൈപ്പിനരുകിലേക്ക് നീങ്ങി.
നിരാശനായ ബച്ചു തന്റെ അടുത്ത ലക്ഷ്യമായ മഡ്വ ഗ്രാമത്തിലേക്ക് പോകാനായി മോട്ടോർസൈക്കിളിൽ കയറി. "ചിലനേരങ്ങൾ ആളുകൾ വെറുതെ സാധനങ്ങൾ നോക്കി സമയം കളയും, ഒന്നും വാങ്ങുകയുമില്ല," ബച്ചു തന്റെ ജന്മഭാഷയായ ബഘേലിയിൽ പിറുപിറുത്തു. "ഞങ്ങളുടെ കുറെ അധികം സമയം ഈ സാരികൾ നിവർത്താനും അടുക്കി വാക്കാനും സഞ്ചി തയ്യാറാക്കാനുമായി പാഴായിപോകുന്നു.”
മൂന്ന് കിലോമീറ്റർ അകലെയുള്ള മഡ്വ ഗ്രാമത്തിലെ കുടിവെള്ള പൈപ്പിനരുകിൽ വെള്ളം കുടിക്കാനായി അയാൾ വണ്ടി നിർത്തി. "ഞാൻ ഇന്ന് യാത്ര തുടങ്ങി 4 മണിക്കൂർ കഴിഞ്ഞിരിക്കുന്നു. പക്ഷെ ഇതുവരെ ആദ്യ വില്പന പോലും നടന്നിട്ടില്ല. രാവിലെ 150 രൂപക്ക് പെട്രോൾ അടിച്ചതാണ് അത്രപോലും പണം ഇതുവരെയും ലഭിച്ചില്ല," അയാൾ പറഞ്ഞു.









