ശരിക്കുള്ള ചോദ്യം മൂല്യങ്ങളെക്കുറിച്ചുള്ളതാണ്. നമ്മുടെ ജീവിതത്തിന്റെ ഭാഗവുമാണ് ആ മൂല്യങ്ങൾ. പ്രകൃതിയുടെ ഭാഗമായിട്ടാണ് ഞങ്ങൾ ഞങ്ങളെ കാണുന്നത്. സർക്കാരുകൾക്കോ കോർപ്പറേറ്റുകൾക്കോ എതിരായുള്ളതല്ല ആദിവാസികളുടെ പോരാട്ടം. അവർക്ക് അവരുടെ ‘ഭൂമി സേന’യുണ്ട്. അത്യാഗ്രഹത്തിലും സ്വാർത്ഥതയിലും രൂഢമൂലമായ മൂല്യങ്ങൾക്കെതിരെയാണ് അവരുടെ സമരം.
എല്ലാം ആരംഭിച്ചത് സംസ്കാരങ്ങളുടെ വളർച്ചയിൽനിന്നാണ്. വ്യക്തികളുടെ വളർച്ചയോടെ, പ്രകൃതിയിൽനിന്നും വേറിട്ട ഒരു മനുഷ്യജീവിയുടെ വളർച്ച ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു. സംഘർഷം ആരംഭിച്ചത് ഇവിടെനിന്നാണ്. പുഴയിൽനിന്ന് വേറിട്ടതോടെ, നമ്മുടെ അഴുക്കുകളും രാസ-വ്യാവസായിക മാലിന്യങ്ങളും അതിൽ ഒഴുക്കിക്കളയാൻ നമുക്ക് മടിയില്ലാതായി. നദിയെ ഒരു വിഭവമായി നമ്മൾ കൈയ്യടക്കാൻ തുടങ്ങി. പ്രകൃതിയിൽനിന്ന് വേറിട്ടും ഉയർന്നതുമായി സ്വയം കാണാൻ ആരംഭിക്കുന്നതോടെ, അതിനെ കൊള്ളയടിക്കാനും ചൂഷണം ചെയ്യാനും എളുപ്പമായി. മറിച്ച്, ഒരു ആദിവാസി സമൂഹത്തിന്റെ മൂല്യങ്ങൾ വെറും വെള്ളക്കടലാസിൽ എഴുതിവെച്ചവയല്ല. ഞങ്ങളുടെ മൂല്യങ്ങളെന്നത് ഞങ്ങളുടെ ജീവിതത്തിന്റെതന്നെ വഴികളാണ്.
ഭൂമിയുടെ ഭ്രൂണമാണ് ഞാൻ
ഭൂമിയുടെ വിത്തും
വേരും ഭ്രൂണവുമാണ് ഞാൻ
സൂര്യനും, സൂര്യന്റെ
അനാദിയായ
താപവും സ്പർശവുമാണ്
ഞാൻ
ഞാൻ ഭിൽ,
ഞാൻ മുണ്ട, ഞാൻ ബോഡോ,
ഞാൻ സന്താളും
ആദിയിൽ ജനിച്ച
ആദ്യത്തെ മനുഷ്യൻ
നീ എന്നിൽ
ജീവിക്കൂ
മുഴുവനായിത്തന്നെ
ഭൂമിയിലെ സ്വർഗ്ഗമാണ്
ഞാൻ
ഭൂമിയുടെ വേരും
വിത്തും ഭ്രൂണവും
സൂര്യനും, സൂര്യന്റെ
അനാദിയായ
താപവും സ്പർശവും
സഹ്യാദിയും സത്പുരയും
വിന്ധ്യനും അരാവല്ലിയും
ഞാൻ
ഹിമാലയത്തിന്റെ തലപ്പും,
തെക്കൻ സമുദ്രത്തിന്റെ അറ്റവും
ഞാൻ
എവിടെയൊക്കെ നീ
മരം വെട്ടുന്നുവോ,
എപ്പോഴൊക്കെ നീ
ഒരു മല വിൽക്കുന്നുവോ
നീ എന്നെ
ലേലം വിളിക്കുകയാണ്
നീ ഒരു
പുഴയെ കൊല്ലുമ്പോൾ
ചാവുന്നത് ഞാനാണ്
നീ ശ്വസിക്കുന്നത് എന്നെത്തന്നെയാണ്
ജീവിതത്തിന്റെ മൃതസഞ്ജീവനിയാണ് ഞാൻ
ഭൂമിയുടെ വേരും
വിത്തും ഭ്രൂണവുമാണ് ഞാൻ
ഞാൻതന്നെയാണ്
സൂര്യനും, സൂര്യതാപവും
അതിന്റെ അനാദിയായ
സ്പർശവും
എത്രയായാലും നീ
എന്റെ പിൻഗാമിയാണ്
എന്റെ രക്തവും
അധികാരത്തിന്റേയും ആർത്തിയുടേയും
ചോദനകളുടേയും ഇരുട്ടുമൂലം
നിനക്ക് ഈ
ലോകത്തെ കാണാൻ കഴിയുന്നില്ല
നീ ഭൂമിയെ
ഭൂമി എന്ന് വിളിക്കുന്നു
ഞങ്ങളതിന്റെ അമ്മ
എന്നും
നീ പുഴയെ
പുഴ എന്ന് വിളിക്കുന്നു
അവൾ ഞങ്ങൾക്ക്
സഹോദരിയാണ്
മലകൾ നിനക്ക്
മലകൾ മാത്രം
ഞങ്ങൾക്ക് അവ
സഹോദരങ്ങളാണ്
സൂര്യൻ ഞങ്ങളുടെ
പിതാമഹൻ
ചന്ദ്രൻ അമ്മ
വഴിക്ക് അമ്മാവൻ
ഈ ബന്ധത്തിന്റെ
പേരിലെങ്കിലും
നമുക്കിടയിൽ ഒരു
വര വരക്കണമെന്ന്
അവർ പറയുന്നു
എന്നാൽ, എനിക്കതിനാവില്ല
നീ എന്നിലേക്ക്
സ്വയം ഒഴുകിയെത്തുമെന്ന്
എനിക്കുറപ്പുണ്ട്
ചൂടിനെ ഉള്ളിലൊതുക്കുന്ന മഞ്ഞാണ് ഞാൻ
ഭൂമിയുടെ വേരും
വിത്തും ഭ്രൂണവുമാണ് ഞാൻ
ഞാൻതന്നെയാണ്
സൂര്യനും, സൂര്യതാപവും
അതിന്റെ അനാദിയായ
സ്പർശവും
പരിഭാഷ: രാജീവ് ചേലനാട്ട്