“ഹര് ബിരാദരി മേം മഹിള ഹി ഓപറേഷന് കരാത്തി ഹേ” [ഓരോ സമുദായത്തിലും സ്ത്രീകളാണ് വന്ധ്യംകരണത്തിന് (tubectomy) വിധേയരാകുന്നത്], അയണ്‍ ഗുളികകള്‍ വിതരണം ചെയ്യാനായി ആനേയില് എത്തിയ 45-കാരിയായ ആശ പ്രവര്‍ത്തക മനോരമ സിംഗ് പറഞ്ഞു. “ഗ്രാമത്തിലേക്ക് പോകൂ, വന്ധ്യംകരണം (vasectomy) നടത്തിയ ഒരൊറ്റ പുരുഷനെ പോലും നിങ്ങള്‍ കാണില്ല. കുട്ടികള്‍ക്ക് ജന്മം കൊടുക്കുകയും, അതിനുശേഷം ശസ്ത്രക്രിയയ്ക്കും വിധേയരാവുക എന്നത് സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തം ആകുന്നതെന്നതെന്തുകൊണ്ടാണെന്ന് ദൈവത്തിനറിയാം”, അവര്‍ കൂട്ടിച്ചേര്‍ത്തു. 2019-21-ലെ എന്‍.എഫ്.എച്.എസ്.-5 പറയുന്നത് വാരാണസിയിലെ 23.9 ശതമാനം സ്ത്രീകള്‍ വന്ധ്യംകരിക്കപ്പെട്ടിട്ടുള്ളപ്പോള്, പുരുഷന്മാരില് 0.1 ശതമാനം മാത്രമാണ് വന്ധ്യംകരിക്കപ്പെട്ടിട്ടുള്ളത് എന്നാണ്.
എന്‍.എഫ്.എച്.എസ്.-4 പോലും ഇങ്ങനെ സ്ഥിരീകരിക്കുന്നു: “ഗര്‍ഭനിരോധനം സ്ത്രീകളുടെ മാത്രം ജോലിയാണെന്നും ഒരു പുരുഷന് അതെപ്പറ്റി ആശങ്കപ്പെടേണ്ടതില്ലെന്നുമുള്ള അഭിപ്രായത്തോട് ഉത്തര്‍പ്രദേശിലെ 15 മുതല്‍ 49 വയസ്സ് വരെ പ്രായമുള്ള ഏതാണ്ട് അഞ്ചില്‍ രണ്ട് പുരുഷന്മാരും (38 ശതമാനം) യോജിക്കുന്നു.”
ഗ്രാമത്തിലെ തന്റെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ സന്ധ്യ സമാനമായൊരു നിരീക്ഷണം നടത്തുന്നു. “കുടുംബാസൂത്രണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഞങ്ങളവരോട് [പുരുഷന്മാരോട്] ശക്തമായി പറഞ്ഞുകൊണ്ടിരിക്കുകയും അവര്‍ക്കിടയില്‍ ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യുകയും ചെയ്യുന്നു. മിക്ക സംഭവങ്ങളിലും പുരുഷ പങ്കാളികള്‍ ഉറകള്‍ ഉപയോഗിക്കാന്‍ കൂട്ടാക്കുകയില്ല, ഭാര്യമാര്‍ പറഞ്ഞാല്‍ പോലും. കൂടാതെ, കുടുംബത്തിനും ഭര്‍ത്താവിനും വേണ്ടപ്പോള്‍ മാത്രമെ പ്രസവവും നിര്‍ത്തുകയുള്ളൂ.”
എന്‍.എഫ്.എച്.എസ്.-4 അനുസരിച്ച് ഉത്തര്‍പ്രദേശിലെ 15 മുതല്‍ 49 വരെ പ്രായത്തിലുള്ള സ്ത്രീകള്‍ക്കിടയിലെ ഗര്‍ഭനിരോധന വ്യാപന നിരക്ക് (Contraceptive Prevalence Rate - CPR) 46 ശതമാനമാണ് - എന്‍.എഫ്.എച്.എസ്.-3 പ്രകാരമുള്ള 44 ശതമാനത്തേക്കാള്‍ കുറച്ച് കൂടുതല്‍. സര്‍വെ പറയുന്നത്, ഒരു മകനുണ്ടെങ്കില്‍ ഉത്തര്‍പ്രദേശിലെ സ്ത്രീകള്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാനുള്ള സാദ്ധ്യതകള്‍ വളരെ കൂടുതല്‍ ആണെന്നാണ്. “അവരാരും തന്നെ കുടുംബാസൂത്രണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നതായി തോന്നുന്നില്ല - പ്രത്യേകിച്ച് പുരുഷന്മാര്”, മനോരമയുടെ കൂടെയുണ്ടായിരുന്ന താരാദേവി കൂട്ടിച്ചേര്‍ത്തു. അടുത്തുള്ള മറ്റൊരു സ്ഥലത്തെ ആശ പ്രവര്‍ത്തക കൂടിയാണ് അവര്‍. “ഇവിടുള്ള കുടുംബങ്ങളിലെ കുട്ടികളുടെ ശരാശരി എണ്ണം 6 ആണ്. പ്രായമാകുമ്പോള്‍ പ്രസവം തനിയെ നിലയ്ക്കുകയാണ്. പുരുഷന്മാരോട് ചോദിച്ചാല്‍, അവര്‍ പറയുന്നത് അവര്‍ക്ക് വന്ധ്യംകരണത്തിന്റെ വേദനയും സങ്കീര്‍ണ്ണതകളും സഹിക്കാന്‍ വയ്യെന്നാണ്.”
“അദ്ദേഹത്തിന് വരുമാനം ഉണ്ടാക്കണം, കുടുംബ കാര്യങ്ങളും നോക്കണം”, സുദാമ പറഞ്ഞു. “അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തണമെന്ന് എങ്ങനെയെനിക്ക് ചിന്തിക്കാന്‍ പറ്റും? അതൊരു മാര്ഗ്ഗമേയല്ല.”
ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്റെ ഭാഗമാണ് ഈ പ്രോജക്റ്റ്.
ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക്, [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക.
താക്കൂര്‍ ഫാമിലി ഫൗണ്ടേഷന് നല്കുന്ന സ്വതന്ത്ര ജേര്‍ണലിസം ഗ്രാന്റിന്റെ സഹായത്താല്‍ ജിഗ്യാസ മിശ്ര പൊതു ആരോഗ്യത്തെക്കുറിച്ചും പൗര സ്വാതന്ത്ര്യത്തെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തില്‍ താക്കൂര്‍ ഫാമിലി ഫൗണ്ടേഷന് ഒരു എഡിറ്റോറിയല്‍ നിയന്ത്രണവും നടത്തിയിട്ടില്ല.
ജിഗ്യാസ മിശ്രയുടെ പ്രധാന ചിത്രീകരണത്തിനുള്ള പ്രചോദനം പടചിത്ര ചിത്രകല പാരമ്പര്യമാണ്
പരിഭാഷ: റെന്നിമോന്‍ കെ. സി.