ഒരു പട്ടചിത്ര പെയിന്റിങ് വരയ്ക്കുന്നതിനുള്ള ആദ്യ പടി ഒരു പാട്ട് ചിട്ടപ്പെടുത്തുകയാണ്- ഒരു പട്ടാർ ഗാൻ. "പെയിന്റ് ചെയ്യാൻ തുടങ്ങുന്നതിന് മുൻപ്, ഞങ്ങൾക്ക് പാട്ടിന്റെ ഖണ്ഡികകൾ ചിട്ടപ്പെടുത്തേണ്ടതുണ്ട്. അതിന്റെ താളത്തിനനുസരിച്ചാണ് പെയിന്റിങ് പ്രക്രിയ ക്രമീകരിക്കുന്നത്," മാമോണി ചിത്രകാർ പറയുന്നു. തന്റെ വീട്ടിലിരുന്ന്, പശ്ചിമ ബംഗാളിലെ കിഴക്കൻ കൊൽക്കത്തയിലെ നീർത്തടങ്ങൾ ചിത്രീകരിക്കുന്ന ഒരു പട്ടചിത്ര രചിക്കുകയാണ് എട്ടാം തലമുറയിലെ ഈ കലാകാരി.
തുണിക്കഷ്ണം എന്ന് അർത്ഥമുള്ള 'പട്ട', പെയിന്റിങ് എന്ന് അർത്ഥമുള്ള 'ചിത്ര' എന്നീ സംസ്കൃത പദങ്ങളിൽനിന്നാണ് പട്ടചിത്ര എന്ന കലാരൂപത്തിന് ആ പേര് ലഭിക്കുന്നത്. നീർത്തടങ്ങൾ പരിപോഷിപ്പിക്കുന്ന സങ്കീർണ്ണമായ ആവാസവ്യവസ്ഥ പെയിന്റ് ചെയ്യുന്നതിനൊപ്പം, പട്ടചിത്രയുടെ അവതരണത്തിന് അകമ്പടിയേകുന്ന പട്ടാർ ഗാനവും മാമോണി പാടുന്നു. അവർതന്നെ എഴുതി, ഈണം പകർന്നിട്ടുള്ള ഈ പാട്ട് ഒരു ക്ഷണത്തോടെയാണ് ആരംഭിക്കുന്നത്: "കേൾക്കൂ, എല്ലാവരും കേൾക്കൂ, ശ്രദ്ധിച്ചു കേൾക്കൂ"
"അനേകം ആളുകൾക്ക് അഭയമായ" കിഴക്കൻ കൊൽക്കത്ത നീർത്തടങ്ങളുടെ പ്രാധാന്യമാണ് ഈ പാട്ട് വിവരിക്കുന്നത്. മത്സ്യത്തൊഴിലാളികളും കർഷകരും വിശാലമായ പാടങ്ങളുമെല്ലാം പട്ടയിൽ വരയ്ക്കുകയാണ് അടുത്ത പടി - തുണിയിൽ ഒട്ടിച്ചുവെച്ച കടലാസുചുരുളുകളെയാണ് പട്ട എന്ന് വിളിക്കുന്നത്. അവതരണത്തിനിടയിൽ, അവസാനത്തെ പട്ട നിവർത്തുമ്പോൾ, പെയിന്റിങ്ങിന്റെ ഓരോ ഭാഗവും പാട്ടിന്റെ ഓരോ ഖണ്ഡത്തിനും യോജിക്കുന്നവയായിരിക്കും. ഇത്തരത്തിൽ, പെയിന്റിങ്ങിലൂടെയും സംഗീതത്തിലൂടെയും മാമോണിയുടെ കല നീർത്തടങ്ങളുടെ കഥ പറയുന്നു.
പശ്ചിമ മേദിനിപ്പൂരിലെ പിംഗ്ല താലൂക്കിൽ ഉൾപ്പെടുന്ന നൊയ ഗ്രാമത്തിലെ താമസക്കാരിയാണ് മാമോണി. തന്റെ ഗ്രാമത്തിൽ 400-ഓളം കലാകാരൻമാരുണ്ടെന്നാണ് അവരുടെ ഒരു ഏകദേശക്കണക്ക്. താലൂക്കിലെ പട്ടചിത്ര നിർമ്മാണത്തിൽ വിദഗ്ധരായ ഇത്രയധികം ആളുകളെ മറ്റൊരു ഗ്രാമത്തിലും കാണാൻ കഴിയില്ല. "ഈ ഗ്രാമത്തിലെ 85 വീടുകളിൽ മിക്കതിന്റെയും ചുവരുകളിൽ ചുവർച്ചിത്രങ്ങൾ കാണാം," വൃക്ഷലതാദികളുടെയും വന്യമൃഗങ്ങളുടേയും പൂക്കളുടെയും വർണ്ണാഭമായ ചിത്രങ്ങൾ പരാമർശിച്ച്, 32 വയസ്സുകാരിയായ ഈ കലാകാരി പറയുന്നു. "ഞങ്ങളുടെ ഗ്രാമം ഒന്നാകെ സുന്ദരമാണ്," അവർ കൂട്ടിച്ചേർക്കുന്നു.











