കണ്ണീര്‍ പിടിച്ചു നിര്‍ത്താനാവാതെ ദ്രൗപതി സാബര്‍ സാരിത്തലപ്പ് കൊണ്ട് തന്‍റെ കണ്ണുകള്‍ തുടച്ചു. ഒഡീഷയിലെ ഗുഡഭേലി ഗ്രാമത്തിലെ അവരുടെ വീടിന് പുറത്ത് കൊച്ചുമക്കളായ 3 വയസ്സുകാരന്‍ ഗിരീഷും 9 മാസം പ്രായമുള്ള വിരാജും ശാന്തമായി കളിക്കുന്നു. കൊച്ചുമകളായ തുള്‍സയുടെ മരണത്തില്‍ തകര്‍ന്നു വിലപിക്കുന്ന 65 വയസ്സുള്ള ആ സ്ത്രീയെ കുടുംബാംഗങ്ങള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു.
“ആരെ ഞങ്ങളിനി ‘ഞങ്ങടെ കൊച്ചുമോളെ’ എന്നു വിളിക്കും’?” പ്രത്യേകിച്ചാരോടുമല്ലാതെ അവര്‍ ചോദിച്ചു.
നുവാപാഡ ജില്ലയിലെ ഖഡിയാര്‍ ബ്ലോക്കില്‍, പാതിപണിത ഇഷ്ടിക വീടിന്‍റെ മുന്നിലെ പ്ലാസ്റ്റിക് പായയില്‍ ഇരിക്കുന്ന തുള്‍സയുടെ കുടുംബം തങ്ങള്‍ക്കുണ്ടായ ആകസ്മിക നഷ്ടവുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുകയാണ്. ഈ കുടുംബം സാബര്‍ ആദിവാസി കുടുംബത്തില്‍ പെടുന്നു. അവളുടെ മാതാപിതാക്കള്‍ (അമ്മ പദ്മിനിയും അച്ഛന്‍ ദേബാനന്ദും) മകളുടെ ശിശുക്കളായ കുട്ടികളെ, പ്രത്യേകിച്ച് അവള്‍ മരിക്കുന്ന സമയത്തും മുലപ്പാല്‍ നല്‍കിയിരുന്ന വിരാജിനെ, ഓര്‍ത്ത് ദുഃഖിതരാണ്. “എന്‍റെ മരുമകള്‍ പദ്മിനിയും ഞാനും മാറി മാറിയാണ് ഈ കുട്ടികളെ നോക്കിയിരുന്നത്”, ദ്രൗപതി പറഞ്ഞു.
കുട്ടികളുടെ പിതാവും തുള്‍സയുടെ ഭര്‍ത്താവുമായ ഭോസിന്ധു അവിടെയില്ല. 500 കിലോമീറ്റര്‍ തെക്ക് തെലങ്കാനയിലെ പെദ്ദപല്ലി ജില്ലയിലെ രംഗപൂര്‍ ഗ്രാമത്തിലെ ഒരു ഇഷ്ടിക ചൂളയില്‍ അദ്ദേഹം പണിയെടുക്കുകയാണ്. 2021 ഡിസംബറില്‍ തന്‍റെ അമ്മയോടും തുള്‍സയുടെ ഇളയ സഹോദരി ദീപാഞ്ജലിയോടുമൊപ്പം 6 മാസത്തേക്ക് ഇഷ്ടികചൂളയില്‍ പണിയെടുക്കാന്‍ അദ്ദേഹം പോയതാണ്. പ്രതിദിനം അവര്‍ക്ക് 200 രൂപ ഉണ്ടാക്കണമായിരുന്നു.
2022 ജനുവരി 24-ന് രാത്രിയില്‍ ഗുഡഭേലിയിലുള്ള മാതാപിതാക്കളുടെ വീട്ടില്‍ നിന്നും 20 കിലോമീറ്റര്‍ മാറി ചനടമാല്‍ ഗ്രാമത്തിലെ വീട്ടിലായിരുന്നു 25-കാരിയായ തുള്‍സ സാബര്‍. രാത്രി 8 മണിയോടെ കടുത്ത വയറുവേദനയുണ്ടെന്ന് അവള്‍ പരാതിപ്പെട്ടു. “ഞാനവളെ ഖഡിയാറിലെ [പട്ടണത്തിലെ] സബ്-ഡിവിഷണല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി”, അവളുടെ ഭര്‍തൃ പിതാവായ 57-കാരന്‍ ദസ്മു സാബര്‍ പറഞ്ഞു. “അവസ്ഥ ഗുരുതരമാണെന്നും നുവാപാഡയിലെ ജില്ല ഹെഡ് ക്വാര്‍ട്ടര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും അവിടുത്തെ ഡോക്ടര്‍ പറഞ്ഞു. പക്ഷെ ഞങ്ങള്‍ അവിടെയെത്തിപ്പോഴേക്കും അവള്‍ മരിച്ചിരുന്നു.”








