എഴുപതുകളുടെ അവസാനത്തിലെത്തിയ ഒരു സ്‌ട്രോബറി കർഷകനകണ് അയാൾ. പഴയ മഹാബലേശ്വറിൽ അദ്ദേഹത്തിനുള്ള മൂന്നേക്കർ സ്ഥലത്ത് കുഴിച്ച കിണർ വറ്റിയ നിലയിലാണ്. ഏറെ ബുദ്ധിമുട്ടിയാണ് അദ്ദേഹവും ഭാര്യയും ചേർന്ന് കൃഷി നോക്കിനടത്തുന്നത്. കുഴൽക്കിണറിൽ അൽപ്പം വെള്ളമുള്ളതിനാൽ അവരെങ്ങനെയോ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു എന്നുമാത്രം. എന്നിട്ടും തന്റെ സ്ഥലത്തിന്റെ അതിർത്തിയിലുള്ള ക്ഷേത്രവുമായി ആ ജലം സൗജന്യമായി പങ്കിടാൻ അദ്ദേഹത്തിന് മടിയില്ല. കടുത്ത വരൾച്ച അദ്ദേഹത്തിന്റെ വിളവിനെ മാത്രമേ ബാധിക്കുന്നുള്ളു. അദ്ദേഹത്തിന്റെ ദാനശീലത്തെ ബാധിച്ചിട്ടില്ല. യൂനുസ് ഇസ്‌മയിൽ നലബന്ദ് എന്നാണ് അദ്ദേഹത്തിന്റെ പേര്. വളരെ സന്തോഷത്തോടെ അദ്ദേഹം ജലം നൽകുന്നത് സത്താറ ജില്ലയിലെ കൃഷ്ണാ നദിയുടെ ഉത്ഭവത്തിന്റെ ഏറ്റവും പഴയ പ്രതീകമായ കൃഷ്‌ണമായി ക്ഷേത്രത്തിനാണ്.
"ഇത് എന്റെ മാത്രം വെള്ളമാണോ?' അദ്ദേഹം ചോദിക്കുന്നു. "ഇതെല്ലാം മുകളിലുള്ളവന്റെ സ്വന്തമാണ്, എന്താ അങ്ങനെയല്ലേ?' എഴുപതികളിലുള്ള അദ്ദേഹത്തിന്റെ ഭാര്യ റോഷൻ നലബന്ദും അത് തലകുലുക്കി സമ്മതിക്കുന്നു. അവരിരുവരും സ്ട്രോബറികർ ചെറുപെട്ടികളിലാക്കുകയായിരുന്നു. "പെട്ടികൾ കൊണ്ടുപോകാൻ കച്ചവടക്കാർ ഉടൻ വരും”, റോഷൻ പറഞ്ഞു. "ദൗർലഭ്യം കാരണം ഈ വർഷം വില കൂടുതലാണ്, പക്ഷേ വിളവും ഗുണനിലവാരം കുറഞ്ഞത് തിരിച്ചടിയായി”. ചെയ്യുന്ന ജോലി നിർത്താതെതന്നെ ജലദൗർലഭ്യത്തിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് അവർ ഞങ്ങളോട് വിശദീകരിക്കുന്നു.. ഞങ്ങൾക്ക് വെള്ളവും ലഘുഭക്ഷണവും നൽകാൻ മാത്രമാണ് റോഷൻ പണിയിൽനിന്ന് കുറച്ചുനേരം ഇളവെടുത്തത്.
നലബന്ദിന്റെ കുഴൽക്കിണറിൽനിന്ന് വെള്ളം ലഭിച്ചില്ലെങ്കിൽ, കൃഷ്‌ണമയി ക്ഷേത്രത്തിലെ കുണ്ഡ (ക്ഷേത്രത്തിലെ ടാങ്ക്) ശൂന്യമാവും. ഇത്തവണയും ടാങ്ക് വറ്റിവരണ്ടു. ഏറ്റവുമധികം സന്ദർശിക്കപ്പെടുന്ന പഞ്ചാഗ്ന ക്ഷേത്രത്തിൽനിന്ന് കുറച്ച് ദൂരം നടന്നാൽ കൃഷ്‌ണമയി ക്ഷേത്രത്തിലെത്താം. അതുപോലെതന്നെ കൃഷ്‌ണ നദിയുടെയും കൊയന, വെന്ന, സാവിത്രി, ഗായത്രി എന്നീ നദികളുടെയും ഉത്ഭവത്തിന്റെ പ്രതീകമായാണ് ഈ ക്ഷേത്രവും കണക്കാക്കപ്പെടുന്നത്. ഈ നദികളുടെ യഥാർത്ഥ ഉത്ഭവസ്ഥാനം ഇവിടെനിന്ന് അധികം ദൂരെയല്ല. ഒരുപക്ഷേ വായ് മഹാബലേശ്വർ മേഖലയിലെ ഏറ്റവും പുരാതനമായ ക്ഷേത്രംകൂടിയാണ് കൃഷ്‌ണമയി. നദീദേവതയുടെ ഭവനമെന്ന് നാട്ടുകാർ വിശ്വസിക്കുന്ന മനോഹരമായ ഒരു കുഞ്ഞുക്ഷേത്രം.








