കരിമ്പ് വെട്ടുന്ന ജോലിയിലായിരുന്നു ഒരു ദിവസം ബാലാജി ഹട്ടഗലെ. അടുത്ത ദിവസം അയാൾ ആ പണിക്ക് പോയിട്ടില്ല. കൂടുതൽ എന്തെങ്കിലും മകനെക്കുറിച്ച് അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന പ്രതീക്ഷയിലാണ് അയാളുടെ അച്ഛൻ ബാബാ സാഹേബ് ഹട്ടഗലെ. ജൂലായിലെ മങ്ങിക്കെട്ടിയ ഒരു ഉച്ചയ്ക്ക്, അയാളുടെ ഒറ്റമുറി വീടിന്റെ മുകളിൽ ഒരു കാർമേഘം തങ്ങിനിന്നിരുന്നു. ബാബാ സാഹേബി ശബ്ദത്തിലെ നിരാശപോലെ. “അവൻ ജീവിച്ചിരിപ്പുണ്ടോ ഇല്ലേ എന്ന് അറിഞ്ഞാലും മതിയായിരുന്നു”, അയാൾ പറഞ്ഞു.
തങ്ങളുടെ 22 വയസ്സുള്ള മകനെ, ബാബാ സാഹേബും ഭാര്യ സംഗീതയും ഒടുവിൽ കണ്ടത് 2020 നവംബർ മാസത്തിലായിരുന്നു. കർണ്ണാടകയിലെ ബെൽഗാം (ബെലഗാവി എന്നും വിളിക്കപ്പെടുന്നു) ജില്ലയിലെ കരിമ്പ് പാടത്ത് ജോലി ചെയ്യാൻ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ കാഡിവഡ്ഗാവ് ഗ്രാമത്തിലെ വീട്ടിൽനിന്ന് പോയതായിരുന്നു ബാലാജി.
ആറുമാസക്കാലത്തെ കരിമ്പുവെട്ടൽ ജോലിക്കായി, മറാത്ത്വാഡാ പ്രദേശത്തുനിന്ന് പടിഞ്ഞാറൻ മഹാരാഷ്ട്രയിലേക്കും കർണ്ണാടകയിലേക്കും പോകാറുള്ള ലക്ഷക്കണക്കിന് തൊഴിലാളികളിൽ ഒരാളായിരുന്നു ബാലാജി. ദീവാലി ഉത്സവം കഴിഞ്ഞ് നവംബറിൽ തൊഴിലാളികൾ ജോലിക്ക് പോയിത്തുടങ്ങും. മാർച്ച്-ഏപ്രിൽ മാസത്തോടെ തിരിച്ചുവരികയും ചെയ്യും. എന്നാൽ ആ വർഷം ബാലാജി മടങ്ങിയെത്തിയില്ല.
തന്റെ അച്ഛനമ്മമാർ രണ്ട് പതിറ്റാണ്ടുകളായി ചെയ്തുവന്നിരുന്ന തൊഴിലിലേക്ക് ബാലാജി ആദ്യമായി പോവുകയായിരുന്നു. “കരിമ്പ് മുറിക്കാൻ ഞാനും ഭാര്യയും കഴിഞ്ഞ ഏതാണ്ട് ഇരുപത് കൊല്ലമായി പോകാറുണ്ടായിരുന്നു. ഞങ്ങൾ രണ്ടാളും കൂടി പണിയെടുത്ത് ഒരു കരിമ്പുവെട്ടൽ കാലത്ത് 60,000ത്തിനും 70,000-ത്തിനും ഇടയിൽ സമ്പാദിക്കാറുണ്ടായിരുന്നു”, ബാബാ സാഹേബ് പറയുന്നു. “അത് മാത്രമാണ് സ്ഥിരമായ സമ്പാദ്യം. ബീഡിലെ തൊഴിലവസരങ്ങൾ, സാധാരണകാലത്തുപോലും അനിശ്ചിതത്വത്തിലായിരുന്നു.. കോവിഡിനുശേഷം അത് കൂടുതൽ വഷളായി”.
മഹാവ്യാധികാലത്ത്, കൂലി കിട്ടുന്ന ജോലി കണ്ടെത്തുക എന്നത് – പാടത്തായാലും, നിർമ്മാണസ്ഥലങ്ങളിലായാലും – ബുദ്ധിമുട്ടാണ്. “2020 മാർച്ച് മുതൽ നവംബർവരെ കാര്യമായി ഒന്നും സമ്പാദിക്കാൻ കഴിഞ്ഞില്ല”, ബാബാ സാഹേബ് പറയുന്നു. കോവിഡിന് മുൻപ്, ബീഡിലെ ഗ്രാമത്തിലേക്ക് തിരിച്ചെത്തിയ നാളുകളിൽ, ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രമാണ് എന്തെങ്കിലും തൊഴിൽ കിട്ടുക. ദിവസത്തിൽ ഏകദേശം മുന്നൂറ് രൂപ മാത്രമാണ് അതിൽനിന്ന് ബാബാ സാഹേബിന് സമ്പാദിക്കാൻ കഴിഞ്ഞിരുന്നത്.
കഴിഞ്ഞ വർഷം നവംബറിൽ പണിക്ക് പോകാനുള്ള സമയമായപ്പോൾ ബാബാ സാഹേബും ഭാര്യയും വീട്ടിൽത്തന്നെ തങ്ങാൻ തീരുമാനിച്ചു. ബാബാ സാഹേബിന്റെ അമ്മ അസുഖബാധിതയായിരുന്നതിനാൽ മുഴുവൻസമയ പരിചരണം ആവശ്യമായിരുന്നതിനാലാണ് അത്തരമൊരു തീരുമാനമെടുത്തത്. “പക്ഷേ കഴിഞ്ഞുപോകാൻ എന്തെങ്കിലും ചെയ്തല്ലേ മതിയാകൂ, അതുകൊണ്ട് ഞങ്ങൾക്കുപകരം മകൻ പോയി” അയാൾ പറഞ്ഞു.









