ഗ്രാമീണ സ്ത്രീകള്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുപാട് തരത്തിലുള്ള ജോലികള്‍ ചിത്രീകരിച്ചിട്ടുള്ള ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകള്‍, ഒരു ചിത്ര പ്രദര്‍ശനം എന്ന പ്രദര്‍ശനത്തിന്റെ ഭാഗമാണ് ഈ പാനല്‍. ഈ ചിത്രങ്ങള്‍ മുഴുവന്‍ 1993 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പി. സായ്നാഥ് എടുത്തതാണ്. നിരവധി വര്‍ഷങ്ങളോളം രാജ്യത്തിന്റെ മിക്കഭാഗത്തും പര്യടനം നടത്തിയ യഥാര്‍ത്ഥ പ്രദര്‍ശനത്തെ പാരി ഇവിടെ ക്രിയാത്മകമായി ഡിജിറ്റൈസ് ചെയ്തിരിക്കുന്നു.
കാര്യങ്ങൾ നിയന്ത്രണത്തിലാകുമ്പോൾ
സൈക്കിൾ ഓടിക്കാൻ പഠിക്കാൻ വരുന്നതിനായി അവർ തനിക്കുള്ള ഏറ്റവും നല്ല സാരി ധരിച്ചിരുന്നു. ഇത് തമിഴ്നാട്ടിലെ പുതുക്കോട്ടയിലെ ഒരു ‘സൈക്കിൾ പരിശീലന ക്യാമ്പി’ൽ ആയിരുന്നു. അവർ ഉത്സാഹഭരിതയാകാൻ മികച്ച കാരണങ്ങൾ ഉണ്ടായിരുന്നു. ആ സ്ത്രീയുടെ ജില്ലയിൽ നിന്നുള്ള ഏതാണ്ട് 4,000 വളരെ പാവപ്പെട്ട സ്ത്രീകൾ തങ്ങൾ ഒരിക്കൽ ബന്ധിത തൊഴിലാളികൾ (bonded labourers) ആയിരുന്ന ക്വാറികൾ നിയന്ത്രണത്തിലാക്കാൻ വന്നതായിരുന്നു. രാഷ്ട്രീയ ബോധമുള്ള സാക്ഷരതാ പ്രസ്ഥാനവുമായി ചേർന്നുകൊണ്ട് അവരുടെ സംഘടിത സമരം പുതുക്കോട്ടയെ ഒരു മികച്ച ഇടമാക്കി മാറ്റി.
വിഭവങ്ങളുടെ മേലുള്ള നിയന്ത്രണവും ഉടമസ്ഥതയും വളരെ പ്രധാനപ്പെട്ടതാണ്. കോടിക്കണക്കിന് ഗ്രാമീണ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടണമെങ്കിൽ ഈ അവകാശങ്ങളും മെച്ചപ്പെടണം.
മദ്ധ്യപ്രദേശിലെ ഝാബുവയിലെ ഈ സംഘം വനിതകളുടെ പഞ്ചായത്താണ്. പ്രാദേശിക ഭരണത്തിലേക്കുള്ള വരവ് അവരുടെ പദവിയും ആത്മാഭിമാനവും മെച്ചപ്പെടുത്തി. പക്ഷെ സ്വന്തം ഗ്രാമങ്ങളിൽ അവരുടെ സ്വാധീനം പരിമിതമായി തുടർന്നു. കുറച്ച് കാര്യങ്ങൾ മാത്രമാണ് അവർക്ക് സ്വന്തമായുള്ളതും നിയന്ത്രിക്കാനാവുന്നതും. ഉദാഹരണത്തിന്, അവർക്ക് ഭൂമിക്കുള്ള അവകാശമില്ല. മിക്ക മേഖലകളിലും അവരുടെ അവകാശങ്ങൾ അംഗീകരിക്കപ്പെടുന്നില്ല, ഇവ നിയമങ്ങളായി നിൽക്കുന്നിടങ്ങളിൽ പോലും. ഒരു സ്ത്രീ സർപഞ്ചിന്റെ ഭൂവുടമ ഡെപ്യൂട്ടിയായി വന്നാൽ എന്താണ് സംഭവിക്കുക? അവരുടെ ഉയർന്ന സ്ഥാനം പരിഗണിച്ച് അയാൾ അവരെ കേൾക്കാൻ തയ്യാറാവുമോ? അതോ അയാൾ തന്റെ തൊഴിലാളിയെ ഉപദ്രവിക്കുന്ന ഒരു ഭൂഉടമ ആകുമോ? അതോ സ്ത്രീക്കു മേൽ അധികാരം കാണിക്കുന്ന പുരുഷനാകുമോ?
വനിത സർപഞ്ചുമാരേയും പഞ്ചായത്തംഗങ്ങളേയും വസ്ത്രാക്ഷേപം നടത്തുകയും മർദ്ദിക്കുകയും ബലാൽസംഗം ചെയ്യുകയും തട്ടിക്കൊണ്ടുപോകുകയും അവരുടെ മേൽ വ്യാജ കേസുകൾ എടുക്കുകയും ചെയ്യുന്നു. എന്നിരിക്കിലും വനിതാ പഞ്ചായത്തുകൾ അത്ഭുതാവഹമായ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഫ്യൂഡലിസം അവസാനിപ്പിച്ചാൽ എന്തായിരിക്കും അവർ നേടുക?






