"അവരെ സ്കൂളിലെത്തിക്കുകതന്നെ വലിയൊരു വെല്ലുവിളിയാണ്'
ഹെഡ്‌മാസ്റ്റർ സിവ്‌ജി സിങ് യാദവിന്റെ വാക്കുകളിൽ 34 വർഷത്ത അനുഭവങ്ങളുടെ ഭാരമുണ്ട്. ഡബ്ലി ചപോരിയിലെ ഏക സ്കൂൾ നടത്തുന്നയാളാണ് കുട്ടികൾ "മാസ്റ്റർജി' എന്നുവിളിക്കുന്ന യാദവ്. അസമിലെ മജൂലി ജില്ലയിൽ ബ്രഹ്മപുത്ര നദിയിലെ ദബ്‌ലി ചപോരി ദ്വീപിലെ 63 കുടുംബങ്ങളിൽനിന്നുള്ള ഏകദേശം മുഴുവൻ കുട്ടികളും ഈ സ്കൂളിലെത്തുന്നുണ്ട്.
ധോനെഖാന ലോവർ പ്രൈമറി സ്കൂളിലെ ഏക ക്ലാസമുറിയിലെ തന്റെ ഡെസ്കിലിരുന്ന് സിവ്‌ജി ചുറ്റും നോക്കി കുട്ടികൾക്കായി ഒരു ചിരി പാസാക്കി. ശോഭനമായ 41 മുഖങ്ങൾ. ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിൽ പഠിക്കുന്ന 6 - 12വരെ പ്രായമുള്ളവരാണ് എല്ലാ കുട്ടികളും. "ചെറിയ കുട്ടികളെ പഠിപ്പിക്കുക, അവർക്ക് അറിവ് പകർന്നുനൽകുക അതാണ് ശരിക്കുമുള്ള വെല്ലുവിളി”, അദ്ദേഹം പറയുന്നു. അവർക്ക് ഇതിൽനിന്ന് ഓടിരക്ഷപ്പെടാനാണ് താത്പര്യം.
ഇന്ത്യൻ വിദ്യാഭ്യാസസമ്പ്രദായത്തെപ്പറ്റി ചർച്ച ചെയ്യുന്നതിനുമുമ്പ്, അദ്ദേഹം തന്റെ സംസാരം ഒന്നു നിർത്തി. ക്ലാസിലെ ചില മുതിർന്ന വിദ്യാർഥികളെ വിളിച്ച് കഥാപുസ്തകങ്ങളുടെ പുതിയ പാക്കറ്റ് തുറക്കാൻ അവർക്ക് നിർദേശം നൽകി. സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടറേറ്റ് അയച്ച അസമീസിലും ഇംഗ്ലീഷിലുമുള്ള പുസ്തകങ്ങളായിരുന്നു അവ. പുതിയ പുസ്തകങ്ങൾ കാണുമ്പോൾ വിദ്യാർഥികൾ ആവേശത്തിലാകുമെന്നും അതിനിടയിൽ ഞങ്ങളോട് സംസാരിക്കാൻ അവസരം ലഭിക്കുമെന്നും അദ്ദേഹത്തിനറിയാമായിരുന്നു.
"ഒരു കോളേജ് അധ്യാപകന് സർക്കാർ എത്ര ശമ്പളം നൽകുന്നുവോ, അത്രയുംതന്നെ പ്രൈമറി സ്കൂൾ അധ്യാപകർക്കും നൽകണം. അടിസ്ഥാനം രൂപുകരിക്കുന്നത് ഞങ്ങളാണല്ലോ”, പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വ്യക്തമാക്കി അദ്ദേഹം പറയുന്നു. പക്ഷേ മാതാപിതാക്കൾ പ്രൈമറി സ്കൂൾ വിദ്യാഭ്യാസത്തെ ഗൗരവമായി കാണുന്നില്ല. ഹൈസ്കൂൾ വിദ്യാഭ്യാസമാണ് അവർക്ക് പ്രധാനം, അദ്ദേഹം പറഞ്ഞു. ഈ തെറ്റിദ്ധാരണ തിരുത്താനാണ് അദ്ദേഹം കഠിനാദ്ധ്വാനം ചെയ്യുന്നതും.

















