“ചിലപ്പോൾ ഒരു സ്ത്രീ എന്നെ വിളിക്കുകയോ എന്റെ കൈയ്യിൽനിന്ന് ഗർഭനിരോധന ഉറകൾ വാങ്ങാൻ അവരുടെ ഏതെങ്കിലും പുരുഷന്മാരായ ബന്ധുക്കളെ രാത്രി എന്റെ വീട്ടിലേക്ക് അയയ്ക്കുകയോ ചെയ്യാറുണ്ട്”, കലാവതി സോണി പറയുന്നു. “ഡിപ്പോ ദീദി’ എന്ന് സ്നേഹപൂർവ്വം ഈ ടികരി ഗ്രാമത്തിൽ അറിയപ്പെടുന്ന 54-കാരിയായ ഇവർക്ക് രാത്രിയിലെ അസമയമൊന്നും ഒരു പ്രശ്നമല്ല. ഗ്രാമത്തിലെ സ്ത്രീകൾക്ക് ആവശ്യമുള്ളത് എത്തിക്കുന്നത് ഇവരാണ്. “രാത്രിയും ഞാൻ തുറന്നിരിക്കും”, ഉത്തർപ്രദേശിലെ അമേഠി ജില്ലയിലെ തന്റെ ഗ്രാമത്തിലെ വീടിനെ ഇറയത്തുള്ള തിണ്ണയിലിരുന്ന് തമാശരൂപേണ അവർ പറയുന്നു. “ഇത് അത്ര വലിയ കാര്യമൊന്നുമല്ല”, തന്റെ ജോലിയെക്കുറിച്ച് അവർ സൂചിപ്പിക്കുന്നു.
അവരുടെ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ഒരു സന്നദ്ധസംഘടനയിൽനിന്ന് അവരെക്കുറിച്ച് കേട്ടപ്പോൾ തോന്നിയ ആകാംക്ഷകൊണ്ടാണ് ഞങ്ങൾ അവരുടെ വീട്ടിലെത്തിയത്. “എടാ, പോയി ആ ബാഗ് കൊണ്ടുവാ”, തന്റെ പേരക്കുട്ടിയോട് അവർ വിളിച്ചുപറഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ, രണ്ടുനിലയുള്ള അവരുടെ കോൺക്രീറ്റ് മേഞ്ഞ വീടിനുള്ളിൽനിന്ന് ആ ചെറിയ ചെക്കൻ ഒരു വീർത്ത പ്ലാസ്റ്റിക്ക് സഞ്ചിയുമായി ഓടിവന്നു. കുറേ ഗർഭനിരോധന ഉറകൾ, സാനിറ്ററി നാപ്കിനുകൾ, ഗർഭനിരോധന ഗുളികകൾ, നിർജ്ജലീകരണത്തിനെ തടയാൻ കഴിക്കേണ്ടുന്ന പൊടികളടങ്ങിയ പാക്കറ്റുകൾ (ഒ.ആർ.എസ്) എന്നിങ്ങനെ ഒരു കൂട്ടം സാധനങ്ങൾ സഞ്ചിയിൽനിന്ന് പുറത്തുവന്നു. പ്രദർശനത്തിന് വെക്കുന്നതുപോലെ അവർ അതെല്ലാം തിണ്ണയിൽ നിരത്തിവെച്ചു.
“ഓ, ഇതൊന്നും വലിയ കാര്യമല്ല”, പിന്നെയും അവർ അതുതന്നെ ആവർത്തിച്ചു. “ആദ്യം ഞാൻ വീട്ടിലെ ചെറിയ ചെറിയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കും. വീട്ടിലെ സാഹചര്യങ്ങൾ, ഭർത്തൃവീട്ടുകാരുടെ പരാതികൾ, കുട്ടികളെക്കുറിച്ചുള്ള വിശേഷങ്ങൾ തുടങ്ങിയവ. ഞാൻ ക്ഷമയോടെ കേട്ടിരിക്കും. മെല്ലെ മെല്ലെ, ഇത്തരം സംഭാഷണത്തിലൂടെ – ഞാൻ നല്ല വായാടിയാണെന്ന് നിങ്ങൾക്കിപ്പോൾ മനസ്സിലായിക്കാണുമല്ലോ അല്ലേ – മിക്ക സ്ത്രീകളും അനുഭവിക്കുന്നത് ഏറെക്കുറേ ഒരേ പ്രശ്നങ്ങളാണെന്ന് എനിക്ക് മനസ്സിലായി. പിന്നെ എന്തുകൊണ്ട് പരസ്പരം സഹായിച്ചുകൂടാ. അത്രേയുള്ളു”, താൻ ടികരി ഗ്രാമത്തിന്റെ ‘ഡിപ്പോ ദീദി’ ആയത് എങ്ങിനെയാണെന്ന് അവർ വിശദീകരിച്ചുതന്നു.
നല്ല ആരോഗ്യശീലങ്ങൾ പ്രചരിപ്പിക്കുന്നതിനായി സമൂഹത്തിൽ പ്രവർത്തിക്കുന്ന ആരോഗ്യമേഖലയിലെ സ്ത്രീകൾക്കുള്ള വിശേഷണമാണ് ‘ഡിപ്പോ സൂക്ഷിപ്പുകാർ’ എന്നത്. അങ്ങിനെയാണ് അവർക്ക് ആ വിളിപ്പേര് വന്നത്. പക്ഷേ കലാവതി, ഔപചാരികമായ അർത്ഥത്തിൽ ഒരു അങ്കണവാടി പ്രവർത്തകയോ, ആശാ പ്രവർത്തകയോ (അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്) അല്ല. ലൈസൻസില്ലാത്ത ചികിത്സകയുമല്ല അവർ. എന്നാലും, അടിസ്ഥാനപരമായ പ്രത്യുത്പാദന, ആരോഗ്യപരിചരണ ആവശ്യങ്ങൾക്ക് വേണ്ടുന്ന എല്ലാ അത്യാവശ്യസാധനങ്ങളും അവർ കരുതിവെക്കുകയും, സ്ത്രീകളോട്, അവരുടെ സന്താനോത്പാദന, ലൈംഗിക പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു.







