കൃഷ്ണ ജില്ലയിലെ വഡ്ലമാനു വില്ലേജിൽ പാട്ടത്തിനെടുത്ത 2.5 ഏക്കർ സ്ഥലത്ത് ചോളം കൃഷി ചെയ്യുകയാണ് രാമകൃഷ്ണ റെഡ്ഡി. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഎംഎൽ സീഡ്സ് പ്രൈവറ്റ് ലിമിറ്റഡിന് വിത്ത് നൽകുന്നതിനായി രാമകൃഷ്ണറെഡ്ഡിയും അഗിരിപല്ലെ മണ്ഡത്തിലെ മറ്റ് എട്ട് കർഷകരും ചേർന്ന് 30 ഏക്കറിലാണ് ചോളം നട്ടത്. "2016 സെപ്തംബറിലാണ് ഞങ്ങൾ വിത്തിട്ടത്. 2017 മാർച്ചിൽ ഏകദേശം 80 ടൺ ചോളവിത്തുകൾ ഞങ്ങൾ വിറ്റു. എന്നാൽ ഒരുവർഷം കഴിഞ്ഞിട്ടും കമ്പനി ഞങ്ങൾക്ക് ഒമ്പതുപേർക്കുമായി തരാനുള്ള 10 ലക്ഷം രൂപ തന്നിട്ടില്ല”, 45-കാരനായ രാമകൃഷ്ണ പറയുന്നു.
ഈ കച്ചവടത്തിന്റെ ഭാഗമായി എല്ലാ വർഷവും സെപ്തംബറിൽ കമ്പനി സങ്കരയിനം വിത്തുകൾ കർഷകർക്ക് വിതരണം ചെയ്യും. കർഷകർ അത് വളർത്തി പലമടങ്ങാക്കി അടുത്ത വർഷം മാർച്ചിൽ തിരികെ നൽകുകയും ചെയ്യും. കമ്പനി ഇവ ഇതര കർഷകർക്ക് ലാഭത്തിന് വിപണിയിൽ വിൽക്കും. വിത്തുകർഷകർക്ക് നൽകേണ്ട പണം കീടനാശിനികളുടെയും വളങ്ങളുടെയും രൂപത്തിൽ കമ്പനി നൽകാറുണ്ട്. കൂടാതെ 24 മുതൽ 36 ശതമാനംവരെ വാർഷിക പലിശനിരക്കിൽ വായ്പയും നൽകും. വായ്പയും , പലിശയും കർഷകർക്ക് നൽകേണ്ട അന്തിമതുകയിൽനിന്ന് കുറയ്ക്കുന്നതാണ് രീതി.
മാർച്ച് അവസാനത്തോടെ കമ്പനി കർഷകർക്കുള്ള പണം നൽകേണ്ടതാണ്, പക്ഷേ 2 - 3 മാസങ്ങൾ വൈകിയാണ് സാധാരണയായി ഈ തുക ലഭിക്കുക. 2017-ലാകട്ടെ ഐഎംഎൽ സീഡ്സ് കർഷകർക്ക് നൽകേണ്ട പണം നൽകിയതുമില്ല. ലഭിക്കേണ്ട കുടിശ്ശികയും കൃഷിയുടെ ചെലവും വർധിച്ചത് നിരവധി കർഷകരെ കടത്തിലേക്ക് തള്ളിവിടുകയും ചിലരെ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാക്കുകയും ചെയ്തു.
"എനിക്ക് 15 ലക്ഷം രൂപയുടെ കടമുണ്ട്. ഇത് സ്വകാര്യ പണമിടപാടുകാരിൽനിന്ന് വാങ്ങിയതാണ്”, ചോളവിത്ത് ഉത്പാദിപ്പിക്കുന്ന വഡ്ലമനു വില്ലേജുകാരായ ഒമ്പത് കർഷകരിലൊരാളായ നാൽപ്പതുകാരൻ പിള്ളി ശ്രീനിവാസ് പറഞ്ഞു. "കൂടാതെ വാർഷിക പാട്ടമായി 15,000 രൂപയും നൽകണം. കാരണം എനിക്ക് സ്വന്തമായി അധികം ഭൂമിയില്ല. അതുകൊണ്ട് കൃഷി ഉപേക്ഷിച്ച് കർഷകത്തൊഴിലാളിയാകാൻ ഞാൻ തീരുമാനിച്ചു.' ഇപ്പോൾ പ്രതിദിനം 250 മുതൽ 300 രൂപവരെ ശ്രീനിവാസ് സമ്പാദിക്കുന്നുണ്ട്. തന്റെ അരയേക്കർ സ്ഥലം വിറ്റ് കടം അൽപ്പമെങ്കിലും വീട്ടാമെന്ന പ്രതീക്ഷയിലാണ് ശ്രീനിവാസ്.





