നാലുവർഷം മുമ്പ് വിജയ ഫർത്താഡെ അമ്മൂമ്മയായി. 34 വയസ്സേ ഉള്ളു അവൾക്ക്. “14 വയസ്സിൽ ഞാൻ വിവാഹിതയായി” മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ അർവി ഗ്രാമത്തിലെ തന്റെ തകരം മേഞ്ഞ കുടിലിന്റെ മുമ്പിലുള്ള കൽത്തിണ്ടിൽ ഇരുന്ന് അവർ പറയുന്നു. ബണ്ടുവിന് അപ്പോൾ പതിനെട്ട് കഴിഞ്ഞിരുന്നില്ല. “രണ്ട് കൊല്ലം കൂടി കാക്കാൻ ഞാൻ അച്ഛനമ്മമാരോട് പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു, ഇതാണ് നല്ല സമയമെന്ന്. എന്റെ കൂട്ടുകാരൊക്കെ ഈ പ്രായത്തിൽ കല്യാണം കഴിഞ്ഞിരുന്നു. അപ്പോൾ എനിക്കും തോന്നി, ‘ഇവർ പറയുന്നത് ശരിയായിരിക്കും’”, വിജയ പറയുന്നു.
വിവാഹം കഴിഞ്ഞ് ഒരുവർഷത്തിനുള്ളിൽ അവൾ അമ്മയായി. അടുത്ത അഞ്ച് കൊല്ലത്തിനുള്ളിൽ, കൌമാരം കഴിയുന്നതിന് മുന്നേ, അവൾക്ക് രണ്ട് പെൺകുട്ടികളും ഒരാൺകുട്ടിയും ജനിച്ചു. ആറ് വർഷം മുമ്പ്, അന്ന് 13 വയസ്സുണ്ടായിരുന്ന അവളുടെ മൂത്ത മകൾ സ്വാതി വിവാഹിതയായി. നാലുവർഷം കഴിഞ്ഞ് രണ്ടാമത്തെ മകൾ ശീതൾ 15-ആം വയസ്സിൽ കല്യാണം കഴിച്ചു. ഇന്ന് സ്വാതിക്ക് നാല് വയസ്സുള്ള മകളും, ശീതളിന് ഒരു വയസ്സുള്ള മകനും ഉണ്ട്.
ഫർത്താഡെ കുടുംബത്തിലേതുപോലുള്ള ബാല്യവിവാഹങ്ങൾ മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിൽ സാധാരണമാണ്. ദേശീയ കുടുംബാരോഗ്യ സർവ്വേയുടെ (നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ - എൻ.എഫ്.എച്ച്.എസ്) 2015-16 സ്ഥിതിവിവരക്കണക്കനുസരിച്ച്, ഗ്രാമത്തിലെ 20-24 വയസ്സിനിടയിലുള്ള മൂന്നിൽ ഒരുഭാഗം പെൺകുട്ടികൾ 18 വയസ്സ് തികയുന്നതിനുമുൻപ് വിവാഹിതകളാവുന്നുണ്ട്. സർവ്വേ നടക്കുന്ന സമയത്ത്, മഹാരാഷ്ട്രയിലെ ഗ്രാമപ്രദേശത്തുള്ള 15-19 വയസ്സിനിടയിലുള്ള 10.4 ശതമാനം പെൺകുട്ടികൾ അമ്മമാരോ ഗർഭിണികളോ ആയിക്കഴിഞ്ഞിരുന്നു.
സ്ത്രീകളുടെ വിവാഹപ്രായം 18-ഉം പുരുഷന്മാരുടേത് 21-ഉം ആവണമെന്ന് ഇന്ത്യയിൽ നിയമമുണ്ട്. ബാല്യവിവാഹങ്ങൾ നിയമവിരുദ്ധവുമാണ്. ഇതെല്ലാമറിയുമ്പോഴും കാർഷികവരുമാനം വളരെക്കുറവും, കുടിയേറ്റം സാധാരണവുമായ ബീഡ് ജില്ലയിലെ ഗ്രാമങ്ങളിൽ ഇതൊന്നും ബാധകമാവാറില്ല. ബീഡിൽ, 20-24 വയസ്സിനിടയിലുള്ള 51.3 ശതമാനം സ്ത്രീകൾ 18 തികയുന്നതിനുമുൻപ് വിവാഹിതരാവുന്നുണ്ടെന്നും, 15-19 വയസ്സിനിടയിലുള്ള 18.2 ശതമാനം പെൺകുട്ടികൾ സർവ്വേ നടക്കുന്ന സമയത്ത് അമ്മമാരോ ഗർഭിണികളോ ആയിട്ടുണ്ടെന്നും എൻ.എഫ്.എച്ച്.എസ് ചൂണ്ടിക്കാട്ടി.
കുടിയേറ്റം പലപ്പോഴും മറാത്ത്വാഡ പ്രദേശങ്ങളിൽ ചെറുപ്രായത്തിലുള്ള വിവാഹങ്ങൾ നിർബന്ധിതമാക്കുന്നു. ട്രേഡ് യൂണിയൻ കണക്കുകളനുസരിച്ച്, കൊയ്ത്തുകാലത്ത്, 300,000 കർഷകരും തൊഴിലാളികളും ബീഡിൽനിന്ന് പുറത്തേക്ക് പോവുന്നുണ്ട്. പടിഞ്ഞാറൻ മഹാരാഷ്ട്രയുടെ കോലാപ്പുർ, സാംഗ്ലി, സത്താര ജില്ലകളിലേക്കും, കർണ്ണാടകയുടെ ബെൽഗാം ജില്ലയിലേക്കും കരിമ്പുവെട്ടുന്ന പണിക്കാണ് അവർ പോവുന്നത്. (ഈ കഥ വായിക്കുക).
വർഷങ്ങളായി വർദ്ധിച്ചുവരുന്ന ഉത്പാദനച്ചിലവും, തക്കതായ പ്രതിഫലത്തിന്റെ ഏതാണ്ട് പൂർണ്ണമായ അഭാവവും മൂലം മറാത്ത്വാഡയിൽനിന്നുള്ള കാലാനുസൃതമായ കുടിയേറ്റം വർദ്ധിക്കുകയാണ്. ഒട്ടുമിക്ക വിളകളിലുമുള്ള നിക്ഷേപവും പ്രതിഫലവും തമ്മിൽ യാതൊരു പൊരുത്തവുമില്ലെന്ന് കമ്മീഷൻ ഫോർ ആഗ്രിക്കൾച്ചറൽ കോസ്റ്റ്സ് ആൻഡ് പ്രൈസസ് പുറത്തിറക്കിയ ഖാരിഫ് വിളകളുടെ വിലനയം (2017-18) എന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നു.
കുടുംബങ്ങൾ തൊഴിലിനായി കുടിയേറ്റം നടത്തുമ്പോൾ പെൺകുട്ടികളെ സംരക്ഷിക്കുന്നത് ഒരു വലിയ വിഷയമാവുന്നുണ്ടെന്ന് അഹമ്മദ്നഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസപ്രവർത്തക ഹീരാംഭ് കുൽക്കർണി പറയുന്നു. “കുടിയേറ്റം നടത്തുന്ന കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം കൌമാരപ്രായമാവുന്ന പെൺകുട്ടികളുടെ സുരക്ഷ ഒരു വലിയ തലവേദനയാണ്. അതുകൊണ്ട് അവരെ വേഗം കല്യാണം കഴിച്ചുകൊടുക്കുകയും ഉത്തരവാദിത്തം നിറവേറ്റിയതായി അവർ ആശ്വസിക്കുകയും ചെയ്യുന്നു”.



