തീയ്യതി കൃത്യമായി ലക്ഷിമാ ദേവിക്ക് ഓർമ്മയില്ലെങ്കിലും, തണുപ്പുകാലത്തെ ആ രാത്രി അവരുടെ ഓർമ്മയിൽ ഇപ്പോഴും ബാക്കിയാണ്. “ഞെരിയാണിയുടെ പൊക്കത്തിൽ ഗോതമ്പുചെടികൾ വളർന്നുനിന്നപ്പോഴായിരുന്നു വെള്ളപ്പോക്ക് തുടങ്ങിയതും പ്രസവ വേദന ആരംഭിച്ചതും. “2018/19-ലെ ഡിസംബറോ ജനുവരിയോ ആയിരുന്നിരിക്കണം”, അവർ പറഞ്ഞു.
ഒരു ടെമ്പോ വാടകയ്ക്കെടുത്ത് കുടുംബം അവളെ ബാരഗാംഗ് ബ്ലോക്കിലെ ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഉത്തർപ്രദേശിലെ വാരാണസി ജില്ലയിലെ അശ്വരി എന്ന അവരുടെ ഗ്രാമത്തിൽനിന്ന് ഏകദേശം ആറ് കിലോമീറ്റർ ദൂരത്തായിരുന്നു ആ പി.എച്ച്.സി. 30 വയസ്സുള്ള ലക്ഷിമ ഓർത്തെടുക്കുന്നു. 5 വയസ്സിനും 11 വയസ്സിനുമിടയിലുള്ള അവളുടെ മൂന്ന് കുട്ടികളും – രേണു, രാജു, റിഷാം – വീട്ടിലായിരുന്നു. “ആശുപത്രിയിലെ ജോലിക്കാരി എന്ന അഡ്മിറ്റ് ചെയ്യാൻ സമ്മതിച്ചില്ല. എനിക്ക് ഗർഭമൊന്നും ഇല്ലെന്നും, വയർ വീർത്തിരിക്കുന്നത് എന്തോ അസുഖംകൊണ്ടാണെന്നുമായിരുന്നു അവർ പറഞ്ഞത്”.
ലക്ഷിമയുടെ ഭർത്തൃമാതാവ് ഹീരാമണി അവരോട് താണുകേണ് അപേക്ഷിച്ചു, അവളെ പ്രവേശിപ്പിക്കാൻ. അവർ സമ്മതിച്ചില്ല. ഒടുവിൽ അവിടെത്തന്നെ കിടത്തി പ്രസവിപ്പിക്കുമെന്ന് ഹീരാമണി അവരോട് പറഞ്ഞു. “വേറെ എവിടേക്കെങ്കിലും കൊണ്ടുപോകാൻ ഭർത്താവ് ഓട്ടോ അന്വേഷിക്കുകയായിരുന്നു” ലക്ഷിമ പറഞ്ഞു. “ പക്ഷേ എനിക്കൊട്ടും വയ്യായിരുന്നു. അതുകൊണ്ട്, ആ പി.എച്ച്.സി.യുടെ മുമ്പിലുള്ള മരത്തിന്റെ ചോട്ടിൽ ഞാനിരുന്നു”.
ഏതാണ്ട് 60 വയസ്സുള്ള ഹീരാമണി, ലക്ഷിമയുടെയടുത്തിരുന്ന് കൈപിടിച്ച്, ദീർഘശ്വാസമെടുക്കാൻ പറഞ്ഞു. ഒരു മണിക്കൂർ കഴിഞ്ഞ്, അർദ്ധരാത്രിയോടടുപ്പിച്ച് ലക്ഷിമ പ്രസവിച്ചു. പുറത്ത് കൂരിരുട്ടും മരവിപ്പിക്കുന്ന തണുപ്പുമായിരുന്നു എന്ന് ലക്ഷിമ ഓർക്കുന്നു.








