അന്നുരാത്രി വിക്രം തിരിച്ചുവരാഞ്ഞപ്പോള്‍ അവന്‍റെ അമ്മ പ്രിയ ആശങ്കപ്പെട്ടില്ല. കാമാത്തിപുരയിലെ മറ്റൊരു തെരുവിലെ ഒരു ഘര്‍വാലിയുടെ വീട്ടില്‍ ജോലി ചെയ്യുകയായിരുന്ന അവന്‍ സാധാരണയായി രാവിലെ 2 മണിയോടെ വീട്ടില്‍ തിരിച്ചെത്തുമായിരുന്നു. അല്ലെങ്കില്‍ ജോലി ചെയ്യുന്ന സ്ഥലത്തുതന്നെ കിടന്നുറങ്ങുകയാണെങ്കില്‍ അടുത്തദിവസം രാവിലെയും.
അവര്‍ അവനെ വിളിച്ചുകൊണ്ടേയിരുന്നു, പക്ഷെ ഒരു പ്രതികരണവും ഇല്ലായിരുന്നു. അടുത്തദിവസം രാവിലെയും അവന്‍ എത്താഞ്ഞപ്പോള്‍ അവര്‍ ആശങ്കാകുലയായി. ആളെ കാണാതായതിന് മദ്ധ്യമുംബൈയിലെ നാഗപാഡ പോലീസ് സ്റ്റേഷനില്‍ അവര്‍ പരാതിനല്‍കി. അടുത്തദിവസം രാവിലെ പോലീസ് സി.സി.റ്റി.വി. ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തുടങ്ങി. “മദ്ധ്യമുംബൈയിലെ ഒരു നടപ്പാലത്തിനടുത്ത്, ഒരു മാളിനടുത്ത്, അവനെ കണ്ടു”, പ്രിയ പറഞ്ഞു.
അവരുടെ ആശങ്ക വര്‍ദ്ധിച്ചു. “അവനെ ആരെങ്കിലും കൊണ്ടുപോയാലോ? അവന് ഈ പുതിയ അസുഖം [കോവിഡ്] പിടിച്ചാലോ?”, അവര്‍ സംഭ്രമിച്ചു. “ഈ പ്രദേശത്തുള്ള ഒരാള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് ആരും ശ്രദ്ധിക്കില്ല”, അവര്‍ പറഞ്ഞു.
വിക്രം പക്ഷെ നേരത്തെ പദ്ധതിയിട്ട് സ്വന്തമായി പുറപ്പെടുകയായിരുന്നു. അവന്‍റെ അമ്മ ഒരു ലൈംഗിക തൊഴിലാളിയായിരുന്നു. പ്രായം 30-കളിലുള്ള അവര്‍ക്ക് ലോക്ക്ഡൗണ്‍ സമയത്ത് ജോലിചെയ്യാന്‍ സാധിച്ചില്ല. അവരുടെ സാമ്പത്തികാവസ്ഥ തകരുന്നതും കടം പെരുകുന്നതും അവന്‍ കാണുകയായിരുന്നു. അവന്‍റെ ഒന്‍പത് വയസ്സുകാരിയായ സഹോദരി റിദ്ദി അടുത്തുള്ള മദന്‍പുര ഹോസ്റ്റലില്‍ നിന്നും വീട്ടില്‍ തിരിച്ചെത്തിയിരുന്നു. എന്‍.ജി.ഓകള്‍ വിതരണംചെയ്ത റേഷന്‍ കിറ്റുകള്‍ കൊണ്ടാണ് കുടുംബം കഴിഞ്ഞുകൂടിയത്. (ഈ ലേഖനത്തില്‍ പറയുന്ന പേരുകളെല്ലാം മാറ്റിയാണ് നല്‍കിയിരിക്കുന്നത്.)
മാര്‍ച്ചിലെ ലോക്ക്ഡൗണോടുകൂടി വിക്രം പഠിച്ചിരുന്ന ഭായഖല മുനിസിപ്പല്‍ സ്ക്കൂളും അടച്ചു. അങ്ങനെ 15-കാരനായ വിക്രം ചില്ലറജോലികള്‍ ചെയ്യാന്‍ തുടങ്ങി.
പാചകം ചെയ്യാനുള്ള മണ്ണെണ്ണ വാങ്ങാന്‍ കുടുംബത്തിന് എല്ലാദിവസവും 60-80 രൂപ വേണം. കാമാത്തിപുരയിലെ ചെറിയ മുറിക്ക് വാടക കൊടുക്കാന്‍ അവര്‍ ബുദ്ധിമുട്ടുകയായിരുന്നു. മരുന്ന് വാങ്ങാനും പഴയ വായ്പകള്‍ അടയ്ക്കാനും അവര്‍ക്ക് പണം വേണമായിരുന്നു. പ്രദേശവാസികളില്‍ നിന്നോ ഇടപാടുകാരില്‍ നിന്നോ അവര്‍ വീണ്ടും വായ്പ വാങ്ങിക്കൊണ്ടിരുന്നു. ഒരു വായ്പദാദാവില്‍ നിന്നെടുത്ത വായ്പ കുറച്ചുവര്‍ഷങ്ങള്‍ കൊണ്ട് പലിശയുള്‍പ്പെടെ 62,000 രൂപയായി വര്‍ദ്ധിച്ചു. പ്രതിമാസം 6,000 രൂപവീതം ഘര്‍വാലിക്ക് (കെട്ടിട ഉടമയും ലൈംഗികതൊഴില്‍ കേന്ദ്രം നടത്തിപ്പുകാരിയുമായ സ്ത്രീ) നല്‍കേണ്ട വാടക 6 മാസത്തിലധികമായി കൊടുക്കാന്‍ കിടക്കുകയാണ്. പുറമെ 7,000 രൂപ വായ്പയും വാങ്ങിയിട്ടുണ്ട്. പകുതി മാത്രമെ അവര്‍ക്ക് തിരിച്ചടയ്ക്കാന്‍ സാധിച്ചുള്ളൂ. അതിലും കുറവാണെങ്കിലേയുള്ളൂ.











