പകുതി നിർമിച്ച കുതിരയെ തലയിണയാക്കി റോഡരികിൽ ഉറങ്ങുകയായിരുന്നു ജുവാരാറാം ഭട്ട്. അടുത്തുവന്ന് നിർത്തിയ കാറിന്‍റെ ശബ്ദം കേട്ട് അയാൾ ഉറക്കത്തിൽ നിന്നും എണീറ്റു. കാറിൽ ഇരിക്കുന്ന ആളുടെ അരികിലേക്ക് 60 വയസുള്ള അയാൾ ഓടിച്ചെന്നു. കുതിരപ്പാവയിൽ ഇരുന്നുകൊണ്ട് അതിന്‍റെ ബലത്തെ അയാൾക്കു മുന്നിൽ കാണിച്ചു. കുതിരക്ക് 300 രൂപ ജുവാരാറാം ഭട്ട് പറഞ്ഞു എന്നാൽ ഉപഭോക്താവ് അതിന് 200 രൂപയാണ് വിലയിട്ടത്. അങ്ങനെ വൈകീട്ട് 4 മണിയോടെ അയാൾ ആ ദിവസത്തെ ആദ്യത്തെ, ഒരുപക്ഷെ അവസാനത്തെയും, കച്ചവടം നടത്തി.
വിശ്രമസ്ഥലത്തിന്‍റെ അരികിലായിത്തന്നെ മുളവടികൾകൊണ്ട് നിർമിച്ച ടാർപോളിനും പ്ലാസ്റ്റിക്കും മേഞ്ഞ അയാളുടെ കുടിലായിരുന്നു. ഈ കുടിലിലാണ് അയാൾ ഭാര്യയായ ബുഗ്‌ലിഭായിയും അവരുടെ രണ്ടാണ്മക്കളും അവരുടെ ഭാര്യമാരും കുട്ടികളുമായി കഴിയുന്നത്. പടിഞ്ഞാറൻ ജയ്‌പൂരിലെ അംബാബരി ദർഗയോട് ചേർന്നുള്ള അമനീഷ അരുവിക്ക് മുകളിലുള്ള പാലത്തിനരികിലുള്ള 50-ഓളം കുടിലുകൾക്കിടയിലാണ് അയാളുടെ കുടിൽ സ്ഥിതി ചെയ്യുന്നത്. ഭട്ട് വിഭാഗത്തിൽ നിന്നുള്ള കുടുംബങ്ങളാണ് ഇവിടെ ജീവിക്കുന്നത് (രാജസ്ഥാൻ സർക്കാർ ഒ.ബി.സി. ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഭാഗമാണിത്). ഇവർ വൈക്കോൽ ഉപയോഗിച്ച് ആന, കുതിര, ഒട്ടകം എന്നീ കരകൗശല വസ്തുക്കൾ നിർമിച്ചു വരുന്നു.
"വർഷം ഏതാണെന്ന് ഓർമയില്ല. എന്‍റെ അച്ഛനാണ് നാഗൗർ ജില്ലയിലെ ഡിഡ്വാന പട്ടണത്തിൽ നിന്നും ജയ്‌പൂരിലേക്ക് വന്നത്,” അയാൾ പറഞ്ഞു. പാവനിർമാണത്തിൽ അദ്ദേഹത്തിന്‍റെ പ്രധാന ജോലി വൈക്കോൽ കൊണ്ടുള്ള രൂപം ഉണ്ടാക്കലാണ്. ഇങ്ങനെ ചെയ്യുന്നതിനിടയിൽ രൂപത്തിന് ബലം നൽകാനായി കനംകുറഞ്ഞ മുളവടികൾ ഇടയ്ക്കിടെ അയാൾ അതിലേക്ക് കടത്തി വയ്ക്കുന്നു. പിന്നീട് വൈക്കോലിനെ വയർകൊണ്ടും നൂലുകൊണ്ടും കെട്ടി അതിനെ ശരിയായ രൂപത്തിലാക്കുന്നു. ഈ രൂപത്തെ ബുഗ്‌ലിഭായിക്ക് കൊടുക്കുന്നു. അവർ ചുവന്ന വെൽവെറ്റ് അതിന് ചുറ്റും തുന്നിച്ചേർക്കുന്നു. പിന്നീട് അതിനെ സ്വര്‍ണ്ണനിറത്തിലുള്ള ലെയ്സ് കൊണ്ട് അലങ്കരിക്കുന്നു. ഇങ്ങനെ ഒരു കളിപ്പാട്ടം നിർമിക്കാൻ ഏകദേശം 2-3 മണിക്കൂറുകൾ എടുക്കുന്നു.
ഇത്തരം പണികൾ ചെയ്യാനിരിക്കുന്ന കുടിൽ ഒരേ സമയം അവരുടെ വീടും ജോലിസ്ഥലവുമാണ്. നാലിൽ കൂടുതൽ തവണ ഇവർക്ക് ഇത്തരം വീടുകൾ ഉപേക്ഷിക്കേണ്ടതായി വന്നിട്ടുണ്ട്. നിയമവിരുദ്ധമായവയാണെന്ന് പറഞ്ഞു പോലീസും ജയ്‌പൂർ പട്ടണത്തിലെ അധികാരികളും ഇവ പൊളിച്ചുനീക്കിയിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥലത്ത് വെള്ളത്തിനായി അവർ ടാങ്കറുകളെയും അടുത്തുള്ള കടകളെയും ആശ്രയിക്കുന്നു. അമനിഷാ അരുവിക്കടുത്തുള്ള പൊതു ശൗചാലയങ്ങളും സ്ഥലങ്ങളും ഉപയോഗിക്കുന്നു. വൈദ്യുതിക്കായി മിക്ക കുടുംബങ്ങളും ബാറ്ററിയിൽ ചാർജ് ചെയ്യുന്ന എൽഇഡി ലൈറ്റുകളും ഉപയോഗിച്ചുവരുന്നു.
പാലത്തിനരികിൽ താമസിക്കുന്ന മറ്റ് കുടുംബങ്ങളെപ്പോലെത്തന്നെ ജുവാരാറാമിന്‍റെ കുടുംബത്തിനും സ്വന്തമായി കൃഷിസ്ഥലങ്ങൾ ഒന്നും തന്നെ ഇല്ല. രാജസ്ഥാനിലെ ജോധ്പൂർ ഗ്രാമത്തിൽനിന്നും നാഗൗർ ജില്ലയിൽ നിന്നുമുള്ളവരാണിവരിൽ അധികവും. മരപ്പാവകൾ ഉണ്ടാക്കലും അവകൊണ്ടുള്ള പാവകളിയുമായിരുന്നു അവരുടെ പരമ്പരാഗത തൊഴിൽ എന്നയാൾ പറയുന്നു. എന്നാൽ ഇന്നവർ പ്രധാനമായും വൈക്കോൽകൊണ്ടും വെൽവെറ്റ് കൊണ്ടുമുള്ള അലങ്കാര വസ്തുക്കളാണ് ഉണ്ടാക്കുന്നത്.








