യെല്ലപ്പൻ ദേഷ്യത്തിലും ആശയക്കുഴപ്പത്തിലുമാണ്.

"ഞങ്ങൾ മത്സ്യബന്ധനം നടത്തുന്ന തീരദേശ സമുദായമല്ല. പിന്നെ ഞങ്ങളെ എന്തിനാണ് സേമ്പനാട് മറവരോ ഗോസംഗികളോ ആയി പട്ടികപ്പെടുത്തിയിരിക്കുന്നത്?"

"ഞങ്ങൾ ഷോളഗന്മാരാണ്" ആ 82 വയസ്സുകാരൻ തറപ്പിച്ച് പറയുന്നു. "സർക്കാർ ഞങ്ങളോട് തെളിവ് ചോദിക്കുകയാണ്. ഞങ്ങൾ ഇവിടെ ജീവിക്കുന്നതുതന്നെ മതിയായ തെളിവല്ലേ? ' ആധാര അൺടെ ആധാര. യെല്ലിന്ത താർലി ആധാര ? [തെളിവ്! തെളിവ്! [തെളിവ് വേണംപോലും]."

തമിഴ് നാട്ടിലെ മധുരൈ ജില്ലയിലുള്ള സക്കിമംഗലം ഗ്രാമത്തിൽ താമസിക്കുന്ന, പ്രാദേശികമായി ചാട്ടൈ സമുദായം എന്നറിയപ്പെടുന്ന യെല്ലപ്പന്റെ സമുദായം ചാട്ടവീശലിൽ ഏർപ്പെടുന്നവരാണ്. എന്നാൽ സെൻസസിൽ അവരെ സേമ്പനാട് മറവരായി അടയാളപ്പെടുത്തി മോസ്റ്റ് ബാക്ക്വേർഡ് ക്ലാസ്സിൽ (എം.ബി.സി - അതീവ പിന്നാക്കവിഭാഗം) ഉൾപ്പെടുത്തിയിരിക്കുകയാണ്.

"(സെൻസസ്) സർവ്വേയർമാർ ഞങ്ങളുടെ അടുത്ത് വന്ന് കുറച്ച് ചോദ്യങ്ങൾ ചോദിച്ചിട്ട്, പിന്നീട് അവർക്ക് തോന്നുന്ന പട്ടികയിൽ ഞങ്ങളെ ചേർക്കുകയാണ് ചെയ്യുന്നത്," അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

സെൻസസിൽ തെറ്റായി അടയാളപ്പെടുത്തി, പട്ടികപ്പെടുത്തിയിട്ടുള്ളതായി കരുതപ്പെടുന്ന 15 കോടി ഇന്ത്യക്കാരിൽ ഒരാളാണ് യെല്ലപ്പൻ. ഇക്കൂട്ടത്തിൽ ഉൾപ്പെടുന്ന പല സമുദായങ്ങളെയും, ഇന്ത്യയിൽ കോളനി വാഴ്ച നിലനിന്നിരുന്ന കാലത്ത് ഏർപ്പെടുത്തിയ, 1871-ലെ ക്രിമിനൽ ട്രൈബ്സ് ആക്ട് പ്രകാരം 'പരമ്പരാഗത കുറ്റവാളികൾ' എന്ന് മുദ്ര കുത്തിയിരുന്നതാണ്. 1952-ൽ ഈ നിയമം പിൻവലിച്ചതിന് പിന്നാലെ, ഈ സമുദായങ്ങളെ ഡീനോട്ടിഫൈഡ് ട്രൈബ്സ് (ഡി.എൻ.ടി) അഥവാ നൊമാഡിക് ട്രൈബ്സ് (എൻ.ടി) എന്ന് വിളിക്കാൻ തുടങ്ങി.

"ഭേദപ്പെട്ട സാഹചര്യങ്ങളിൽ അപൂർണ്ണവും മോശം സാഹചര്യങ്ങളിൽ തീർത്തും അപര്യാപ്‍തവുമായ ജീവിതം നയിക്കുന്ന ഇക്കൂട്ടർ മിക്കപ്പോഴും സാമൂഹികശ്രേണിയുടെ ഏറ്റവും താഴത്തെ പടിയിൽമാത്രം സ്ഥാനം ലഭിക്കുന്നവരും കൊളോണിയൽ കാലഘട്ടത്തിൽ സൃഷ്ടിക്കപ്പെട്ട മുൻവിധികൾമൂലമുള്ള വിവേചനം നേരിടുന്നവരുമാണ്," നാഷണൽ കമ്മീഷൻ ഫോർ ഡീനോട്ടിഫൈഡ് നൊമാഡിക് ആൻഡ് സെമി നൊമാഡിക് ട്രൈബ്‌സിന്റെ 2017-ലെ സർക്കാർ റിപ്പോർട്ട് പറയുന്നു.

Yellappan, part of the Sholaga community
PHOTO • Pragati K.B.
lives in Sakkimangalam village in Madurai district of Tamil Nadu
PHOTO • Pragati K.B.

ഷോളഗ സമുദായാംഗമായ യെല്ലപ്പൻ (ഇടത്) തമിഴ് നാട്ടിലെ മധുരൈ ജില്ലയിലുള്ള സക്കിമംഗലം ഗ്രാമത്തിൽ (വലത്) താമസിക്കുന്നു

ഇവയിൽ ചില സമുദായങ്ങളെ കാലക്രമേണ ഷെഡ്യൂൾഡ് ട്രൈബ് (എസ്.ടി - പട്ടികവർഗ്ഗം), ഷെഡ്യൂൾഡ് കാസ്റ്റ് (എസ്.സി -പട്ടികജാതി), അദർ ബാക്വേർഡ് ക്ലാസ്സസ് (ഓ.ബി.സി - മറ്റ് പിന്നാക്ക വിഭാഗങ്ങൾ) തുടങ്ങിയ വിഭാഗങ്ങളിൽ ഉൾപ്പെടുത്തുകയുണ്ടായി. എന്നാൽ 269 സമുദായങ്ങളെ നാളിതുവരെയും കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടേയില്ലെന്ന് 2017-ലെ റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. ഇക്കൂട്ടർക്ക് ന്യായമായും അർഹതപ്പെട്ട, വിദ്യാഭ്യാസത്തിലും ജോലിയിലുമുള്ള സംവരണംപോലെയുള്ള സാമൂഹികക്ഷേമ വ്യവസ്ഥകളുടെ ഗുണഫലങ്ങൾ, ഭൂവിതരണം, രാഷ്ട്രീയ പങ്കാളിത്തം എന്നിങ്ങനെ പലതും അവർക്ക് നിഷേധിക്കപ്പെടുന്നതിന് ഇത് കാരണമാകുന്നു.

യെല്ലപ്പനെപ്പോലെയുള്ള തെരുവ് കലാകാരൻമാർ, സർക്കസ് കലാകാരൻമാർ, ഭാവി പ്രവചനക്കാർ, പാമ്പാട്ടികൾ, ആഭരണങ്ങൾ വിൽക്കുന്നവർ, പരമ്പരാഗത ചികിത്സകർ, ഞാണിന്മേൽ കളിക്കാർ, കാളകളെ കൈകാര്യം ചെയ്യുന്നവർ തുടങ്ങിയവർ ഈ സമുദായങ്ങളുടെ ഭാഗമാണ്. ദേശാടനജീവിതം നയിക്കുന്ന ഇവരുടെ ജീവിതം തീർത്തും അരക്ഷിതമാണ്. ദിവസേന പുതിയ കാഴ്ചക്കാരെ കണ്ടെത്തുന്നതിനെ ആശ്രയിച്ചാണ് വരുമാനം എന്നതുകൊണ്ടുതന്നെ നാടോടിജീവിതം തുടരുകയേ അവർക്ക് വഴിയുള്ളൂ. എന്നാൽ കുട്ടികളുടെ വിദ്യാഭ്യാസത്തെക്കരുതി, നിശ്ചിത ഇടവേളകളിൽ മടങ്ങാൻ ഒരു താവളം അവർക്കുണ്ടാകും.

തമിഴ് നാട്ടിൽ, പെരുമാൾ മാട്ടുക്കാരൻ, ദൊമ്മര, ഗുഡുഗുഡുപ്പാണ്ടി, ഷോളഗ എന്നീ സമുദായങ്ങളെയെല്ലാം എസ്.സി, എസ്.ടി. അല്ലെങ്കിൽ എം.ബി.സി വിഭാഗങ്ങളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സമുദായങ്ങളുടെ വ്യതിരിക്തമായ വ്യക്തിത്വം അവഗണിച്ച്, അവരെ ആടിയൻ, കാട്ടുനായ്ക്കൻ, സേമ്പനാട് മറവർ തുടങ്ങിയ സമുദായങ്ങൾക്കൊപ്പം പട്ടികപ്പെടുത്തിയിരിക്കുകയാണ്. കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും നിരവധി സമുദായങ്ങളെ പല സംസ്ഥാനങ്ങളിലും ഇത്തരത്തിൽ തെറ്റായി വർഗ്ഗീകരിച്ചിട്ടുണ്ട്.

"വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണമില്ലാതെ ഞങ്ങളുടെ കുട്ടികൾക്ക് മുന്നോട്ട് പോകാനാകില്ല. ഒരു പിന്തുണയുമില്ലാതെ ഞങ്ങൾക്ക് മറ്റുള്ളവർക്കിടയിൽ (ഡി.എൻ.ടി, എൻ.ടി ഇതര വിഭാഗക്കാർ) പിടിച്ചുനിൽക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നത് അന്യായമാണ്," പെരുമാൾ മാട്ടുക്കാരൻ സമുദായാംഗമായ പാണ്ടി പറയുന്നു. അദ്ദേഹത്തിന്റെ സമുദായക്കാർ അലങ്കരിച്ച കാളകളെയും കൊണ്ട് വീടുകൾ തോറും കയറിയിറങ്ങിയാണ് ഉപജീവനമാർഗ്ഗം കണ്ടെത്തുന്നത്. ബൂം ബൂം മാട്ടുക്കാരൻ എന്നും അറിയപ്പെടുന്ന ഇക്കൂട്ടർ ഭാവി പ്രവചിച്ചും ഭക്തിഗാനങ്ങൾ പാടിയും ഭിക്ഷ തേടാറുണ്ട്. 2016-ൽ അവരെ ആടിയൻ സമുദായത്തിന്റെ ഭാഗമാക്കി എസ്.ടി വിഭാഗത്തിൽ ഉൾപ്പെടുത്തുകയുണ്ടായി. അവർ ഈ നടപടിയിൽ അതൃപ്തരാണെന്ന് മാത്രമല്ല, തങ്ങൾ പെരുമാൾ മാട്ടുക്കാരൻ എന്ന പേരിൽത്തന്നെ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കുന്നു.

പാണ്ടി സംസാരം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മകൻ ധർമ്മദൊരൈ തോരണങ്ങൾകൊണ്ട് അലങ്കരിച്ച ഒരു കാളയെ വലിച്ച് വീട്ടിലേയ്ക്ക് മടങ്ങിയെത്തുന്നത്. അവന്റെ തോളത്ത് ഒരു കളക്ഷൻ സഞ്ചിയും കൈമുട്ടിന്റെ മടക്കിൽ 'പ്രാക്ടിക്കൽ റെക്കോർഡ് ബുക്ക്' എന്ന പേരുള്ള വലിയ ഒരു പുസ്തകവുമുണ്ട്.

His father, Pandi, with the decorated bull
PHOTO • Pragati K.B.
Dharmadorai is a student of Class 10 in akkimangalam Government High School in Madurai.
PHOTO • Pragati K.B.

ധർമ്മദൊരൈ (വലത്) മധുരൈയിലെ സക്കിമംഗലം സർക്കാർ ഹൈസ്‌കൂളിൽ പത്താം തരം വിദ്യാർത്ഥിയാണ്. അവന്റെ അച്ഛൻ പാണ്ടി (ഇടത്) അലങ്കാരങ്ങൾ ചാർത്തിയ കാളയ്ക്കൊപ്പം

മധുരൈയിലെ സക്കിമംഗലം സർക്കാർ ഹൈസ്‌കൂളിൽ പത്താം തരം വിദ്യാർത്ഥിയാണ് ധർമ്മദൊരൈ. വലുതാകുമ്പോൾ ജില്ലാ കലക്ടർ ആകണമെന്ന് ആഗ്രഹിക്കുന്ന അവന്റെ ആ ലക്‌ഷ്യം നടക്കണമെങ്കിൽ പഠനം തുടരേണ്ടതുണ്ട്. അതുകൊണ്ടുതന്നെ, സ്കൂളിലേയ്ക്കാവശ്യമായ ഏഴ് പുസ്തകങ്ങൾ വാങ്ങാൻ അച്ഛൻ, പാണ്ടി, കൊടുത്ത 500 രൂപയിൽ ഏഴാമത്തെ പുസ്തകത്തിന് പണം തികയാതെ വന്നപ്പോൾ, ബാക്കി പണം കണ്ടെത്താൻ അവൻ സ്വയം മുന്നിട്ടിറങ്ങുകയായിരുന്നു.

"ഞാൻ (അലങ്കരിച്ച) കാളയേയുംകൊണ്ട് 5 കിലോമീറ്റർ നടന്ന് 200 രൂപ സമ്പാദിച്ചു. ആ പണംകൊണ്ടാണ് ഈ പുസ്തകം വാങ്ങിയത്," തന്റെ പ്രവൃത്തിയിൽ ഏറെ സന്തുഷ്ടനായി അവൻ പറയുന്നു.

രാജ്യത്ത്, ഡി.എൻ.ടി സമുദായങ്ങളുടെ എണ്ണത്തിൽ ഒന്നാമതും (68) എൻ.ടികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുമുള്ള (60) സംസ്ഥാനമാണ് തമിഴ്‌നാട്. അതുകൊണ്ടുതന്നെ, ധർമ്മദൊരൈക്ക് വിദ്യാഭ്യാസം ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് പാണ്ടി കരുതുന്നു. "ഞങ്ങൾക്ക് ഒട്ടനേകം ആളുകളോട് മത്സരിക്കേണ്ടതുണ്ട്, " തങ്ങളേക്കാൾ ഒരുപാട് കാലം മുൻപ് എസ്.ടി പദവി നേടിയിട്ടുള്ളവരെ പരാമർശിച്ച് പാണ്ടി പറയുന്നു. തമിഴ്‌നാട്ടിൽ പിന്നാക്കവിഭാഗം (ബി.സി), അതീവ പിന്നാക്കവിഭാഗം (എം.ബി.സി), വണ്ണിയാർ, ഡി.എൻ.ടി, എസ്.സി. എസ്.ടി എന്നീ വിഭാഗങ്ങൾക്കെല്ലാം ചേർത്ത് വിദ്യാഭ്യാസത്തിലും ജോലിയിലും 69 ശതമാനം സംവരണമുണ്ട്.

*****

"ഞങ്ങൾ കടന്നുപോകുന്ന ഗ്രാമത്തിൽനിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടാൽ, എല്ലാവരും ആദ്യം കുറ്റപ്പെടുത്തുക ഞങ്ങളെയാകും. ആഭരണങ്ങളോ വസ്ത്രങ്ങളോ വളർത്തുപക്ഷികളോ എന്നിങ്ങനെ എന്ത് നഷ്ടപ്പെട്ടാലും ഞങ്ങളെ കുറ്റവാളികളാക്കി പിടിച്ചുവയ്ക്കുകയും മർദ്ദിച്ച് അപമാനിക്കുകയും ചെയ്യും, "മഹാരാജ പറയുന്നു.

PHOTO • Pragati K.B.
His wife, Gouri performing stunts with fire
PHOTO • Pragati K.B.

ഇടത്: ദൊമ്മർ സമുദായാംഗമായ തെരുവ് സർക്കസ് കലാകാരൻ, മഹാരാജ തന്റെ ബണ്ടി യാത്രയ്ക്കായി ഒരുക്കുന്നു. വലത്: അദ്ദേഹത്തിന്റെ ഭാര്യ ഗൗരി, തീ കൊണ്ടുള്ള അഭ്യാസങ്ങൾ അവതരിപ്പിക്കുന്നു

മുപ്പതുകളുടെ തുടക്കത്തിൽ പ്രായമുള്ള ആർ. മഹാരാജ, തെരുവ് സർക്കസ് തൊഴിലായി സ്വീകരിച്ചിട്ടുള്ള ദൊമ്മർ സമുദായത്തിലെ അംഗമാണ്. ശിവഗംഗ ജില്ലയിലെ മാനാമധുരൈയിൽ, തന്റെ കുടുംബത്തോടൊപ്പം ഒരു ബണ്ടിയിലാണ് (താത്ക്കാലിക നിർമ്മിതി) അദ്ദേഹം താമസിക്കുന്നത്. 24 കുടുംബങ്ങളാണ് ഈ സംഘത്തിലുള്ളത്. മഹാരാജ-ഗൗരി ദമ്പതിമാർക്ക് സഞ്ചരിക്കാനും തങ്ങളുടെ വസ്തുവകകളെല്ലാം ഒപ്പം കൊണ്ടുപോകാനും തക്ക വലിപ്പമുള്ള ഒരു മുച്ചക്ര വാഹനമാണ് അവരുടെ വീട്. അവരുടെ വീടും ജോലിസാധനങ്ങളും - കിടക്കകൾ, തലയിണകൾ, ഒരു മണ്ണെണ്ണ അടുപ്പ് എന്നിവയ്ക്ക് പുറമെ ഒരു മെഗാഫോൺ, ഓഡിയോ കാസ്സെറ്റ് പ്ലേയർ, പ്രകടനങ്ങൾക്ക് ഉപയോഗിക്കുന്ന ദണ്ഡുകളും വളയങ്ങളും- എല്ലാം അവരോടൊപ്പം സഞ്ചരിക്കുന്നു.

"എന്റെ ഭാര്യയും (ഗൗരി) ഞാനും രാവിലെ ഞങ്ങളുടെ ബണ്ടിയിൽ പുറപ്പെടും. ഇവിടെനിന്ന് മുന്നോട്ട് പോകുമ്പോഴുള്ള ആദ്യ ഗ്രാമമായ തിരുപ്പത്തൂരിലെത്തി, അവിടത്തെ ഗ്രാമ തലൈവരെ (മുഖ്യൻ) കണ്ട് ഞങ്ങളുടെ ബണ്ടി ഗ്രാമത്തിന്റെ പരിസരത്ത് നിർത്താനും ഗ്രാമത്തിൽ പ്രകടനം നടത്താനുമുള്ള അനുമതി വാങ്ങിക്കും. ഞങ്ങളുടെ ലൗഡ്‌സ്പീക്കറും മൈക്രോഫോണും പ്രവർത്തിപ്പിക്കാനായി വൈദ്യുതിബന്ധം നൽകണമെന്നും അപേക്ഷിക്കും."

അനുമതി ലഭിച്ചുകഴിഞ്ഞാൽ അവർ ഗ്രാമത്തിലുടനീളം പ്രകടനത്തെക്കുറിച്ച് അനൗൺസ്‌മെന്റ് നടത്തും. 4 മണിക്ക് തുടങ്ങുന്ന പരിപാടിയുടെ ആദ്യത്തെ മണിക്കൂറിൽ സർക്കസ് അഭ്യാസങ്ങളും രണ്ടാമത്തെ മണിക്കൂറിൽ റെക്കോർഡ് ചെയ്ത പാട്ടുകൾക്കൊത്തുള്ള നൃത്തപ്രകടനവുമാണുണ്ടാകുക. പരിപാടിയ്ക്കുശേഷം, അവർ ചുറ്റും നടന്ന്, കാഴ്ചക്കാരിൽനിന്ന് സംഭാവനകൾ അഭ്യർത്ഥിക്കും.

കോളനിവാഴ്ച്ചക്കാലത്ത് ദൊമ്മർമാരെ ക്രിമിനൽ സമുദായമായാണ് പരിഗണിച്ചിരുന്നത്. പിന്നീട് ഡീനോട്ടിഫൈ ചെയ്‌തെങ്കിലും, "അവർ നിരന്തരമായ ഭയത്തിലാണ് ജീവിക്കുന്നത്. പോലീസ് അതിക്രമങ്ങൾക്കും ആൾക്കൂട്ടക്കൊലകൾക്കും അവർ പതിവായി വിധേയരാകുന്നു," വിവിധ സമുദായങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കാനായി മധുരൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടി.ഇ.എൻ.ടി (ദി എംപവർമെൻറ് സെന്റർ ഓഫ് നൊമാഡ്‌സ് ആൻഡ് ട്രൈബ്സ്) സൊസൈറ്റിയുടെ സെക്രട്ടറിയായ ആർ. മഹേശ്വരി പറയുന്നു.

പട്ടികജാതി, പട്ടിക ഗോത്രവർഗ്ഗ വിഭാഗങ്ങൾ (അതിക്രമങ്ങൾ തടയൽ) ആക്ടിന് കീഴിൽ എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് വിവേചനത്തിനും അതിക്രമത്തിനുമെതിരെ നിയമപരമായ പരിരക്ഷ ലഭിക്കുമ്പോൾ, ഡി.എൻ.ടി, എൻ.ടി പോലെയുള്ള ദുർബലവിഭാഗങ്ങൾക്ക് അത്തരത്തിലുള്ള, ഭരണഘടനാപരമോ നിയമപരമോ ആയ യാതൊരു സംരക്ഷണവും ലഭിക്കുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. നിരവധി കമ്മീഷനുകളും റിപ്പോർട്ടുകളും ഇത്തരമൊരു സംവിധാനത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിട്ടുണ്ടെന്നിരിക്കെയാണിത്.

Kili Josyam uses a parrot to tell fortunes.
PHOTO • Pragati K.B.
People from Narikuruvar community selling trinkets near the Meenakshi Amman temple in Madurai
PHOTO • Pragati K.B.

ഇടത്: കിളിജോത്സ്യം തത്തയെക്കൊണ്ടാണ് ഫലം പറയിപ്പിക്കുന്നത്. വലത്: നരിക്കുറുവർ സമുദായക്കാർ മധുരൈയിലെ മീനാക്ഷി അമ്മൻ കോവിലിനു സമീപം ആഭരണങ്ങൾ വിൽക്കുന്നു

ദൊമ്മർ കലാകാരൻമാർ ചിലപ്പോഴെല്ലാം ഒരുവർഷത്തോളം യാത്ര ചെയ്തതിനുശേഷമാണ് വീടുകളിൽ മടങ്ങിയെത്തുകയെന്ന് മഹാരാജ പറയുന്നു. "മഴ പെയ്യുകയോ പോലീസ് ഞങ്ങളുടെ പ്രകടനം തടസ്സപ്പെടുത്തുകയോ ചെയ്യുന്ന ദിവസങ്ങളിൽ ഞങ്ങൾക്ക് കളക്ഷൻ ഒന്നും കിട്ടില്ല," ഗൗരി കൂട്ടിച്ചേർക്കുന്നു. അടുത്ത ദിവസം അവർ തങ്ങളുടെ ബണ്ടിയുമായി അടുത്ത ഗ്രാമത്തിലേക്ക് സഞ്ചരിച്ച് ഇതേ പ്രക്രിയ തുടരും.

അവരുടെ മകൻ, ഏഴ് വയസ്സുകാരനായ മണിമാരന്റെ ഔദ്യോഗിക വിദ്യാഭ്യാസം മൊത്തം സമുദായത്തിന്റെ ശ്രമഫലമായാണ് മുന്നോട്ട് പോകുന്നത്. "ഒരു വർഷം എന്റെ സഹോദരന്റെ കുടുംബം കുട്ടികളെ നോക്കാനായി വീട്ടിൽ തങ്ങും, ചില സമയങ്ങളിൽ എന്റെ അമ്മാവൻ അവരെ നോക്കും," അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

*****

രുക്മിണിയുടെ പ്രതാപകാലത്ത്, അവരുടെ അഭ്യാസപ്രകടനങ്ങൾ കാണികളുടെ ചങ്കിടിപ്പേറ്റുമായിരുന്നു. മുടി ഉപയോഗിച്ച് ഭാരമുള്ള, വലിയ കല്ലുകൾ ഉയർത്താനും തനിക്കും മറ്റൊരാൾക്കും ഇടയിൽ ഉറപ്പിച്ചിട്ടുള്ള ലോഹദണ്ഡ് വളയ്ക്കാനുമെല്ലാം അവർക്ക് കഴിയുമായിരുന്നു. ഇന്നും, തീ കൊണ്ടുള്ള അഭ്യാസപ്രകടനങ്ങൾ നടത്തിയും ദണ്ഡ് ചുഴറ്റിയുള്ള മുറകൾ കാണിച്ചുമെല്ലാം അവർ ആൾക്കൂട്ടത്തെ ആകർഷിക്കുന്നു.

തെരുവ് സർക്കസ് അവതരിപ്പിക്കുന്ന ദൊമ്മർ സമുദായാംഗമായ ഈ 37 വയസ്സുകാരി, തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ ഉൾപ്പെടുന്ന മാനാമധുരൈയിലാണ് താമസിക്കുന്നത്.

ആളുകൾ പതിവായി തനിക്കുനേരെ ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്താറുണ്ടെന്ന് രുക്മിണി പറയുന്നു. "പ്രകടനത്തിന്റെ സമയത്ത് ഞങ്ങൾ മേക്കപ്പ് ഇടുകയും നിറമുള്ള വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുന്നതിനെ ആണുങ്ങൾ ഒരു ക്ഷണമായാണ് കാണുന്നത്. അവർ ഞങ്ങളെ അനാവശ്യമായി സ്പർശിക്കുകയും ചൂളം വിളിക്കുകയും ഞങ്ങളുടെ 'റേറ്റ്' എത്രയാണെന്ന് ചോദിക്കുകയുമെല്ലാം ചെയ്യും."

ഇത്തരം സാഹചര്യങ്ങളിൽ പോലീസും ഈ സ്ത്രീകളുടെ സഹായത്തിനെത്താറില്ല. തങ്ങൾ പരാതി കൊടുക്കുന്നത് അക്രമികളായ പുരുഷന്മാരെ ചൊടിപ്പിക്കുമെന്നും "അവർ ഞങ്ങൾക്കെതിരേ കൊടുക്കുന്ന കള്ളക്കേസുകളിൽ പക്ഷേ പൊലീസ് പെട്ടെന്ന് നടപടിയെടുക്കുകയും ഞങ്ങളെ തടവിലാക്കി മർദ്ദിക്കും=കയു ചെയ്യുന്നു' എന്ന് രുക്മിണി പറയുന്നു.

പ്രാദേശികമായി കാലൈകൂത്താടികൾ എന്ന് അറിയപ്പെടുന്ന ഈ എൻ.ടി സമുദായത്തെ 2022-ൽ മാത്രമാണ് പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്തിയത്.

Rukmini, from the Dommara settlement in Manamadurai, draws the crowds with her fire stunts, baton twirling, spinning and more
PHOTO • Pragati K.B.

മാനാമധുരൈയിലെ ദൊമ്മർ സമുദായാംഗമായ രുക്മിണി തീകൊണ്ടുള്ള അഭ്യാസങ്ങൾ നടത്തിയും ദണ്ഡ് ചുഴറ്റിയുള്ള അഭ്യാസങ്ങൾ കാണിച്ചുമെല്ലാം ആൾക്കൂട്ടത്തെ ആകർഷിക്കുന്നു

നേരത്തെ ഡി.എൻ.ടി, എൻ.ടി വിഭാഗങ്ങളിൽ ഉൾപ്പെട്ടിരുന്ന സമുദായങ്ങളുടെ ഇടയിൽ രുക്മിണിയുടെ അനുഭവം അസാധാരണമല്ല. ക്രിമിനൽ ട്രൈബ്സ് ആക്ട് പിൻവലിച്ചെങ്കിലും ചില സംസ്ഥാനങ്ങൾ അതിനുപകരം ഹാബിച്വൽ ഒഫൻഡർസ് ആക്റ്റും സമാനമായ രജിസ്‌ട്രേഷനും മറ്റും കൊണ്ടുവന്നിട്ടുണ്ട്, ഇവരെ നിരീക്ഷിക്കാനും മറ്റും. മൊത്തം സമുദായങ്ങൾക്ക് പകരം വ്യക്തികളാണ് ഇപ്പോൾ ഇരകളാകുന്നത് എന്നതുമാത്രമാണ് വ്യത്യാസം.

ഗ്രാമത്തിൽ തീർത്തിട്ടുള്ള താത്കാലിക കൂടാരങ്ങളിലും വാഹനങ്ങളിലും ഇഷ്ടിക കെട്ടിങ്ങളിലുമെല്ലാമാണ് ഈ സമുദായം താമസിക്കുന്നത്. രുക്മിണിയുടെ അയൽക്കാരിയും ഇതേ സമുദായത്തിൽനിന്നുതന്നെയുള്ള തെരുവ് സർക്കസ് കലാകാരിയുമായ 66 വയസ്സുകാരി ശെൽവി, താൻ ലൈംഗിക പീഡനം നേരിടുന്നുണ്ടെന്ന് പറയുന്നു. "ഗ്രാമത്തിൽനിന്നുള്ള ആണുങ്ങൾ രാത്രി ഞങ്ങളുടെ കൂടാരത്തിൽ കടന്നുവന്ന് ഞങ്ങൾക്കൊപ്പം കിടക്കും. അവരെ ഒഴിവാക്കാനായി ഞങ്ങൾ ശുചിത്വം പാലിക്കാതെ, വൃത്തിയില്ലാത്തവരായി നടക്കാറാണ് പതിവ്. ഞങ്ങൾ മുടി ചീകുകയോ കുളിക്കുകയോ വൃത്തിയുള്ള വസ്ത്രം ധരിക്കുകയോ ചെയ്യാറില്ല. എന്നാൽപ്പോലും ആ ദുഷ്ടന്മാർ പിൻവാങ്ങില്ല," രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ഉൾപ്പെടെ നാല് മക്കളുടെ അമ്മയായ ആ സ്ത്രീ പറയുന്നു.

"ഞങ്ങൾ യാത്ര ചെയ്യുന്ന സമയത്ത്, നിങ്ങൾക്ക് ഞങ്ങളെ തിരിച്ചറിയാനാകില്ല. അത്രയ്ക്കും വൃത്തിയില്ലാതെയാണ് ഞങ്ങൾ നടക്കുക," ശെൽവിയുടെ ഭർത്താവ് രത്തിനം കൂട്ടിച്ചേർക്കുന്നു.

സമുദായാംഗമായ തായമ്മ എന്ന 19 വയസ്സുകാരി സന്നതിപുതുകുലം സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു. സമുദായത്തിൽനിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ആദ്യ വ്യക്തിയായിരിക്കും ഈ യുവതി.

എന്നാൽ കോളേജിൽ പോയി 'കംപ്യൂട്ടറുകൾ പഠിക്കണം' എന്ന അവളുടെ സ്വപ്നത്തിന് രക്ഷിതാക്കളുടെ അംഗീകാരം ലഭിക്കാനുള്ള സാധ്യത കുറവാണ്.

"ഞങ്ങളുടേതുപോലെയുള്ള സമുദായങ്ങളിൽനിന്നുള്ള പെൺകുട്ടികൾക്ക് കോളേജുകൾ സുരക്ഷിതമല്ല. സ്കൂളുകളിൽപ്പോലും അവർക്കുനേരെ ഉപദ്രവങ്ങൾ ഉണ്ടാകുകയും 'സർക്കസ് പോടർവാ ഇവാ (സർക്കസ് കളിക്കാർ) എന്ന പേരിൽ അവർ വിവേചനം നേരിടുകയും ചെയ്യാറുണ്ട്. കോളേജിൽ അതിലും മോശമായിരിക്കും സ്ഥിതി." അല്പനേരത്തെ ആലോചനയ്ക്ക് ശേഷം തായമ്മയുടെ അമ്മ ലച്ച്‌മി കൂട്ടിച്ചേർക്കുന്നു, "അതുകൂടാതെ, ആരാണ് അവൾക്ക് പ്രവേശനം കൊടുക്കുക? ഇനി അവൾ കോളേജിൽ ചേർന്നാൽത്തന്നെ, എങ്ങനെയാണ് ഞങ്ങൾ അതിനുവേണ്ട പണം കണ്ടെത്തുക?"

Families in the Sannathipudukulam settlement
PHOTO • Pragati K.B.
take turns fetching drinking water in a wheel barrow (right) every morning
PHOTO • Pragati K.B.

സന്നതിപുതുകുലത്തെ (ഇടത്) കുടുംബങ്ങൾ എന്നും രാവിലെ ഊഴമെടുത്ത് ചക്രവണ്ടിയിൽ (വലത്) കുടിവെള്ളം എടുത്തുകൊണ്ടുവരുന്നു

അതുകൊണ്ടുതന്നെ, ഈ സമുദായങ്ങളിൽനിന്നുള്ള പെൺകുട്ടികളെ ചെറിയ പ്രായത്തിൽത്തന്നെ വിവാഹം കഴിച്ചയയ്ക്കുമെന്ന് ടി.ഇ.എൻ.ടി യിലെ മഹേശ്വരി പറയുന്നു. "നിർഭാഗ്യവശാൽ ഒരു പെൺകുട്ടിക്ക് എന്തെങ്കിലും (ലൈംഗിക അതിക്രമം, ബലാത്കാരം, ഗർഭം) സംഭവിച്ചാൽ, അവളെ സമുദായത്തിനകത്തുപോലും ഒറ്റപ്പെടുത്തുകയും അവളുടെ വിവാഹം നടക്കാനുള്ള സാധ്യത ഇല്ലാതാകുകയും ചെയ്യും," ശെൽവി ചൂണ്ടിക്കാട്ടുന്നു.

ഈ സമുദായങ്ങളിൽനിന്നുള്ള സ്ത്രീകൾക്ക് ഇരട്ട ആഘാതമാണ് ഇത് സമ്മാനിക്കുന്നത് - തങ്ങളുടെ സമുദായത്തിന് നേരെ നടക്കുന്ന വിവേചനങ്ങൾ സഹിക്കേണ്ടുന്നതിന് പുറമെ ലിംഗവിവേചനവും അവർ അനുഭവിക്കേണ്ടി വരുന്നു.

*****

"എനിക്ക് 16 വയസ്സുള്ളപ്പോഴാണ് എന്നെ വിവാഹം കഴിച്ചയച്ചത്. ഞാൻ പഠിച്ചിട്ടില്ല. ഭാവി പ്രവചിച്ചാണ് ഞാൻ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. പക്ഷെ ഈ തൊഴിൽ എന്റെ തലമുറയോടെ അവസാനിക്കണം," മൂന്ന് മക്കളുടെ അമ്മയായ 28 വയസ്സുകാരി ഹംസവല്ലി പറയുന്നു. "അതുകൊണ്ടാണ് ഞാൻ എന്റെ മക്കളെ സ്കൂളിൽ അയയ്ക്കുന്നത്."

ഗുഡുഗുഡുപ്പാണ്ടി സമുദായക്കാരിയായ ഹംസവല്ലി മധുരൈ ജില്ലയിലെ ഗ്രാമങ്ങളിലുടനീളം സഞ്ചരിച്ച് ഭാവി പ്രവചിക്കുന്ന ജോലി ചെയ്തുവരികയാണ്. തമിഴ്‌നാടിന്റെ മധ്യഭാഗത്തായുള്ള ഈ പ്രദേശത്തിലൂടെ 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്ന ചൂട് വകവെക്കാതെ, ദിവസേന 10 കിലോമീറ്ററോളം നടന്ന് ഏകദേശം 55 വീടുകൾ അവർ കയറിയിറങ്ങും. 2009-ൽ അവരുടെ സമുദായത്തെ കാട്ടുനായ്ക്ക സമുദായത്തിൽ ഉൾപ്പെടുത്തി പട്ടികവർഗ്ഗവിഭാഗമായി പ്രഖ്യാപിച്ചു.

"ഈ വീടുകളിൽനിന്ന് ഞങ്ങൾക്ക് ഭക്ഷണവും സ്വല്പം ധാന്യങ്ങളും ലഭിക്കും. ചിലർ ഞങ്ങൾക്ക് ഒന്നോ രണ്ടോ രൂപ തരും," മധുരൈ നഗരത്തിലെ ജെ.ജെ നഗറിലെ വീട്ടിലിരുന്ന് അവർ പറയുന്നു. മധുരൈ ജില്ലയിലുള്ള തിരുപ്പറംകുണ്ഡ്രം പട്ടണത്തിൽ ഏകദേശം 60 കുടുംബങ്ങൾ അധിവസിക്കുന്ന പ്രദേശമാണിത്.

Hamsavalli with her son
PHOTO • Pragati K.B.
in the Gugudupandi settlement
PHOTO • Pragati K.B.

ഹംസവല്ലി തന്റെ മകനോടൊത്ത് (ഇടത്) ഗുഡുഗുഡുപ്പാണ്ടി സമുദായക്കാരുടെ താമസസ്ഥലത്ത് (വലത്)

ഗുഡുഗുഡുപ്പാണ്ടി സമുദായാംഗങ്ങൾ താമസിക്കുന്ന ഈ പ്രദേശത്ത് വൈദ്യുതി ബന്ധമോ ശൗചാലയ സൗകര്യങ്ങളോ ഇല്ല. ചുറ്റുവട്ടത്തുള്ള ഇടതൂർന്ന ചെടികൾക്കിടയിൽ തുറസ്സായ സ്ഥലത്ത് മലവിസ്സർജ്ജനത്തിന് പോകേണ്ടിവരുന്നതുകൊണ്ടുതന്നെ ഇവർക്ക് പാമ്പു കടിയേൽക്കുന്നതും പതിവാണ്. "എന്റെ ഇടുപ്പിനൊപ്പം ഉയരത്തിൽ പത്തി വിടർത്തി നിൽക്കുന്ന പാമ്പുകൾ ഇവിടെയുണ്ട്," ഹംസവല്ലി കൈ ഉയർത്തി കാണിച്ചുതരുന്നു. മഴക്കാലത്ത് കൂടാരങ്ങൾ ചോർന്നൊലിക്കുമ്പോൾ, 'സ്റ്റഡി സെന്റർ' എന്ന് വിളിക്കുന്ന, ഒരു എൻ.ജി.ഓ നിർമ്മിച്ചിട്ടുള്ള വലിയ ഒരു ഹാളിലാണ് മിക്ക കുടുംബങ്ങളും അന്തിയുറങ്ങുക.

പക്ഷെ ഹംസവല്ലിയുടെ വരുമാനം അവരുടെ പതിനൊന്നും ഒൻപതും അഞ്ചും വയസ്സുള്ള മൂന്ന് മക്കൾക്ക് ഭക്ഷണം വാങ്ങാൻപോലും തികയാറില്ല. "ഇവിടെ (എന്റെ) കുട്ടികൾക്ക് എപ്പോഴും അസുഖമാണ്. 'ആരോഗ്യപൂർണമായ ഭക്ഷണം കഴിച്ചാൽ മാത്രമേ കുട്ടികൾക്ക് ഊർജ്ജവും പ്രതിരോധശേഷിയും ഉണ്ടാകാനാവശ്യമായ പോഷണം ലഭിക്കുകയുള്ളൂ' എന്ന് ഡോക്ടർ പറയും. പക്ഷെ കുട്ടികൾക്ക്  റേഷനരിയും രസവും ചേർത്തുള്ള കഞ്ഞി കൊടുക്കാൻമാത്രമേ എനിക്ക് കഴിയുകയുള്ളൂ."

അതുകൊണ്ടുതന്നെ സംശയമേതുമില്ലാതെ അവർ പറയുന്നു, "ഈ തൊഴിൽ എന്റെ തലമുറയോടെ അവസാനിക്കണം."

ഇത്തരം സമുദായങ്ങളുടെ അനുഭവങ്ങൾ ചൂണ്ടികാണിച്ച്‌ ബി. അരി ബാബു പറയുന്നു, "സമുദായ സർട്ടിഫിക്കറ്റ് കേവലം ജാതി തിരിച്ചറിയാനുള്ള രേഖയല്ല, അത് മനുഷ്യാവകാശങ്ങൾ സാക്ഷാത്ക്കരിക്കപ്പെടാൻ ഉതകുന്ന ഒരു ഉപകരണംകൂടിയാണ്." മധുരൈയിലെ അമേരിക്കൻ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ബാബു.

"അവർക്ക് സാമൂഹികനീതി കൈവരിക്കാനും രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണം ഉറപ്പാക്കാനും ഉതകുന്ന, അതുവഴി ദശാബ്ദങ്ങൾ നീണ്ട അന്യായങ്ങളുടെ പരമ്പര പൊളിച്ചെഴുതാൻ തുണയാകുന്ന മാധ്യമമാണ്" സർട്ടിഫിക്കറ്റുകളെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കോവിഡ് മഹാമാരിയുടെയും ലോക്ക്ഡൗണുകളുടെയും കാലയളവിൽ, തമിഴ്‌നാട്ടിലെ അരികുവത്ക്കരിക്കപ്പെട്ട സമുദായങ്ങൾ നേരിട്ട കഷ്ടതകൾ അടയാളപ്പെടുത്തിയ ബഫൂൺ എന്ന വാണിജ്യേതര യൂട്യൂബ് ചാനലിന്റെ സ്ഥാപകൻകൂടിയാണ് അരി ബാബു.

*****

"60 വർഷങ്ങൾക്കിടെ ആദ്യമായി, ഞാൻ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ (2021-ൽ തമിഴ്‌നാട് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പ്) വോട്ട് ചെയ്തു," സന്നതിപുതുകുലത്തെ വീട്ടിലിരുന്ന് ആർ. സുപ്രമണി തന്റെ തിരിച്ചറിയൽ കാർഡ് അഭിമാനത്തോടെ ഉയർത്തിക്കാണിച്ച് പറയുന്നു. എൻ.ജി.ഓകളുടെ സഹായത്തോടെ ആധാർപോലെയുള്ള മറ്റു ഔദ്യോഗിക രേഖകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

"എനിക്ക് വിദ്യാഭ്യാസമില്ലാത്തതിനാൽ മറ്റൊരു ജോലി ചെയ്ത് വരുമാനം കണ്ടെത്താനാകില്ല. സർക്കാർ ഞങ്ങൾക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും വായ്പാ സംവിധാനവും ഒരുക്കണം. ജനങ്ങൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ അത് ഏറെ ഉപകാരപ്പെടും," അദ്ദേഹം പറയുന്നു.

2022 ഫെബ്രുവരി 15-ന് കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം സ്കീം ഫോർ ഇക്കണോമിക് എംപവർമെൻറ് ഓഫ് ഡി.എൻ.ടീസ് (എസ്.ഇ.ഇ.ഡി) എന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയുണ്ടായി. "2.50 ലക്ഷമോ അതിൽ കുറവോ വാർഷിക വരുമാനമുള്ളവരും കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ സമാനപദ്ധതികളുടെ ഗുണഭോക്താക്കൾ അല്ലാത്തവരുമായ" കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ പദ്ധതി.

A palm-reader in front of the Murugan temple in Madurai .
PHOTO • Pragati K.B.
A group of people from the Chaatai or whip-lashing community performing in front of the Tirupparankundram Murugan temple in Madurai
PHOTO • Pragati K.B.

ഇടത്: മധുരൈയിലെ മുരുകൻ കോവിലിനു മുന്നിലിരിക്കുന്ന ഒരു കൈനോട്ടക്കാരി. വലത്: ചാട്ടൈ അഥവാ ചാട്ടവീശലിൽ ഏർപ്പെടുന്ന സമുദായത്തിലെ ചില അംഗങ്ങൾ മധുരൈയിലെ തിരുപ്പറംകുണ്ഡ്രം മുരുകൻ ക്ഷേത്രത്തിന് മുന്നിൽ പ്രകടനം കാഴ്ചവയ്ക്കുന്നു

പദ്ധതിയുടെ ആരംഭവുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ, ഈ സമുദായങ്ങൾക്ക് നേരെ കാലാകാലങ്ങളായി അനീതി നടന്നിട്ടുള്ളതായി അംഗീകരിക്കുന്നെന്ന് സമ്മതിക്കുകയും "2021-22 സാമ്പത്തിക വർഷം മുതൽ 2025-26 സാമ്പത്തികവർഷം വരെയുള്ള അഞ്ചു വർഷങ്ങളിൽ ഏകദേശം 200 കോടി രൂപ പദ്ധതിയിനത്തിൽ ചിലവഴിക്കും" എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ കണക്കെടുപ്പ് പ്രക്രിയ പൂർത്തിയാകാത്തതുമൂലം ഇതുവരെ ഒരു രൂപ പോലും ഒരു സമുദായത്തിനും വന്നുചേർന്നിട്ടില്ല.

"എസ്.സി, എസ്.ടി സമുദായങ്ങളെപ്പോലെ ഞങ്ങൾക്കും ഭരണഘടനാപ്രകാരമുള്ള പ്രത്യേക അംഗീകൃത പദവി വേണം. സർക്കാർ ഞങ്ങളെ അവഗണിക്കില്ലെന്ന് ഉറപ്പ് വരുത്താനുള്ള ആദ്യ പടിയാകുമത്, "സുപ്രമണി പറയുന്നു. തങ്ങളുടെ യഥാർത്ഥ സ്വത്വം സ്ഥാപിച്ചെടുക്കാൻ കൃത്യമായ കണക്കെടുപ്പിൽ കുറഞ്ഞ യാതൊരു പരിഹാരമൊന്നുമില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ഈ ലേഖനം 2021-22  ഏഷ്യ പസിഫിക് ഫോറം ഓൺ വിമെൻ, ലോ ആൻഡ് ഡെവലപ്മെന്റ് (എ.പി.ഡബ്ള്യൂ.എൽ.ഡി) മീഡിയ ഫെല്ലോഷിപ്പിന്റെ ഭാഗമായി പ്രസിദ്ധീകരിച്ചതാണ്.

പരിഭാഷ: പ്രതിഭ ആർ.കെ .

Pragati K.B.

ପ୍ରଗତି କେ.ବି ଜଣେ ମୁକ୍ତବୃତ୍ତି ସାମ୍ବାଦିକା। ସେ ବ୍ରିଟେନର ଅକ୍ସଫୋର୍ଡ ବିଶ୍ୱବିଦ୍ୟାଳୟରେ ସାମାଜିକ ନୃବିଜ୍ଞାନରେ ସ୍ନାତକୋତ୍ତୋର ଶିକ୍ଷା ଲାଭ କରୁଛନ୍ତି ।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Pragati K.B.
Editor : Priti David

ପ୍ରୀତି ଡେଭିଡ୍‌ ପରୀର କାର୍ଯ୍ୟନିର୍ବାହୀ ସମ୍ପାଦିକା। ସେ ଜଣେ ସାମ୍ବାଦିକା ଓ ଶିକ୍ଷୟିତ୍ରୀ, ସେ ପରୀର ଶିକ୍ଷା ବିଭାଗର ମୁଖ୍ୟ ଅଛନ୍ତି ଏବଂ ଗ୍ରାମୀଣ ପ୍ରସଙ୍ଗଗୁଡ଼ିକୁ ପାଠ୍ୟକ୍ରମ ଓ ଶ୍ରେଣୀଗୃହକୁ ଆଣିବା ଲାଗି ସ୍କୁଲ ଓ କଲେଜ ସହିତ କାର୍ଯ୍ୟ କରିଥାନ୍ତି ତଥା ଆମ ସମୟର ପ୍ରସଙ୍ଗଗୁଡ଼ିକର ଦସ୍ତାବିଜ ପ୍ରସ୍ତୁତ କରିବା ଲାଗି ଯୁବପିଢ଼ିଙ୍କ ସହ ମିଶି କାମ କରୁଛନ୍ତି।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Priti David
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Prathibha R. K.