‘പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു’ - സിയാദേഹി ഗ്രാമത്തിലേക്കുള്ള പ്രവേശന കവാടത്തിൽ മുളകൊണ്ട് നിർമ്മിച്ച ബാരിക്കേഡിലെ പ്ലക്കാർഡുകളിൽ നിന്ന് ഇങ്ങനെ വായിക്കാം. ഈ റിപ്പോര്‍ട്ടര്‍ ഛത്തീസ്ഗഢിലെ ധംതരി ജില്ലയിലെ നഗ്രി ബ്ലോക്കിലെ ഗ്രാമം സന്ദര്‍ശിച്ചപ്പോള്‍ സമീപത്ത് ഇരിക്കുന്ന ഒരു കൂട്ടം താമസക്കാർ സംസാരിക്കാൻ ബാരിക്കേഡിനടുത്തെത്തി - പക്ഷെ അവർ അകലം പാലിച്ചിരുന്നു.
“കൊറോണ വൈറസിൽ നിന്ന് സ്വയം രക്ഷനേടാൻ ഈ ബാരിക്കേഡ് വേണമെന്ന് ഗ്രാമവാസികളായ ഞങ്ങൾ ഏകകണ്ഠമായി തീരുമാനിച്ചു,” അടുത്തുള്ള കാങ്കേർ ജില്ലയിലെ ഒരു സർക്കാർ വക കോളേജിൽ അധ്യാപകനായി ജോലി ചെയ്യുന്ന ഭാരത് ധ്രുവ് പറഞ്ഞു. ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 80 കിലോമീറ്റർ അകലെയാണ് ഏകദേശം 900 ആളുകൾ താമസിക്കുന്ന ഗോണ്ട് ആദിവാസി ഗ്രാമമായ സിയാദേഹി.
“ഞങ്ങൾക്ക് ‘സാമൂഹിക അകലം’ പാലിക്കുന്നത് നിലനിർത്തണമെന്ന് ആഗ്രഹമുണ്ട്. ഈ ലോക്ക്ഡൗൺ കാലയളവിൽ പുറത്തുനിന്നുള്ളവർ ഞങ്ങളുടെ ഗ്രാമം സന്ദർശിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതോടൊപ്പം, പുറത്തിറങ്ങി നിയമങ്ങൾ ലംഘിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനാലാണ് ഞങ്ങൾ ഈ ബാരിക്കേഡ് സ്ഥാപിച്ചത്,” ഗ്രാമത്തിലെ കർഷകനും തൊഴിലാളിയുമായ രാജേഷ് കുമാർ നേതം പറഞ്ഞു.
“സമ്പർക്കം പൂർണമായും ഒഴിവാക്കാൻ ഇവിടെ വരുന്ന എല്ലാവരെയും ഞങ്ങൾ തടയുന്നു. സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോകാൻ ഞങ്ങൾ അവരോട് അഭ്യർത്ഥിക്കുകയും ചെയ്യും,” കർഷക തൊഴിലാളിയായ സജ്ജിറാം മണ്ഡവി പറഞ്ഞു. “ഞങ്ങളുടെ ചെറുപ്പക്കാരിൽ ചിലർ നൈപുണ്യ വികസന പദ്ധതി പ്രകാരം മഹാരാഷ്ട്രയിലേക്ക് കുടിയേറിയിരുന്നു, പക്ഷേ അവർ ഹോളിക്ക് മുമ്പായി മടങ്ങിയെത്തി,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “എന്നിരുന്നാലും, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അവരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.”
അപ്പോൾ സിയാദേഹിയിൽ നിന്നുള്ള മറ്റ് കുടിയേറ്റക്കാർ മടങ്ങിയെത്തിയാലോ? അവരെ ഗ്രാമത്തിലേയ്ക്ക് പ്രവേശിക്കാൻ അനുവദിക്കുമോ? “അനുവദിക്കും,” പഞ്ചായത്ത് ഉദ്യോഗസ്ഥനായ മനോജ് മെഷ്റാം പറഞ്ഞു. “എന്നാൽ ഗവൺമെന്റിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, അവർ ക്വാറന്റൈനില്‍ കഴിയണം.”






