2021 മേയ് മാസത്തിൽ ഭാര്യയ്ക്ക് ശ്വസനസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ആരംഭിച്ചപ്പോൾ ഉത്തർപ്രദേശിലെ തന്റെ കുഗ്രാമത്തിന്റെ സമീപത്തുള്ള പട്ടണത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാൻ രാജേന്ദ്രപ്രസാദ് നിർബന്ധിതനായി. കൂടുതൽ അടുത്തുള്ളതും എന്നാൽ രാജ്യാതിർത്തിക്കപ്പുറത്തുള്ളതുമായ നേപ്പാളിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു അയാൾ ആദ്യം ആഗ്രഹിച്ചത്.
“അതിർത്തിക്കപ്പുറത്തുനിന്ന് ചികിത്സ തേടുന്നത് ഞങ്ങളുടെ പതിവാണ്. ഗ്രാമത്തിലെ മിക്കവരും വർഷങ്ങളായി അങ്ങിനെ ചെയ്യാറുമുണ്ട്”, അസാധാരണമായ ഈ പതിവിനെക്കുറിച്ച് 37 വയസ്സുള്ള രാജേന്ദ്ര പറഞ്ഞു. രാജേന്ദ്രന്റെ ഗ്രാമമായ ബങ്കടിയിൽനിന്ന് കേവലം 15 കിലോമീറ്റർ അപ്പുറത്താണ് നേപ്പാളിലെ ആശുപത്രി. ഉത്തർപ്രദേശിലെ ഏറ്റവും വലിയ ജില്ലയായ ലഖിംപുർ ഖേരിയിലുള്ള (ഖേരി എന്നും അറിയപ്പെടുന്നു) രാജേന്ദ്രന്റെ ബങ്കടി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത് നേപ്പാളിന്റെ അതിർത്തിയിലാണ്.
1950-ൽ സമാധാന-സൗഹൃദ കരാർ ഒപ്പിട്ടതിൽപ്പിന്നെ ഇന്ത്യയും നേപ്പാളും തുടർന്നുവരുന്ന തുറന്ന അതിർത്തി നയം, ഈ രണ്ട് പ്രദേശങ്ങളിലേയും ആളുകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സാഹചര്യമൊരുക്കി. വ്യാപാരത്തിനും, സ്ഥലം വാങ്ങാനും, തൊഴിലെടുക്കാനും അത് അവരെ സഹായിച്ചു. ബങ്കടിയിലെ ജനങ്ങൾക്ക്, അതിർത്തിക്കപ്പുറത്തുള്ള നേപ്പാളിൽ പോയി, കൂടുതൽ മെച്ചപ്പെട്ടതും ചിലവ് കുറഞ്ഞതുമായ ചികിത്സകൾ നടത്താനും അത് സഹായകമായി.
പക്ഷേ, കോവിഡ് അതെല്ലാം മാറ്റിമറിച്ചു.
രാജേന്ദ്രന്റെ 35 വയസ്സുള്ള ഭാര്യ ഗീതാ ദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ, ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം മൂർദ്ധന്യത്തിലായിരുന്നു. എന്നാൽ, 2020 മാർച്ച് 23-ന് ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളുമായി പങ്കിടുന്ന 1,850 കിലോമീറ്റർ ദൈർഘ്യം വരുന്ന അതിർത്തി നേപ്പാൾ അടച്ചപ്പോൾ അതിർത്തിക്കപ്പുറത്തുള്ള ആശുപത്രിയിലേക്ക് പോവാൻ അവർക്ക് സാധിച്ചില്ല.
രാജേന്ദ്രന്റെ കുടുംബത്തിന് അതിന് വലിയ വില കൊടുക്കേണ്ടിയും വന്നു.








