കുറച്ചു വർഷങ്ങൾക്കുള്ളിൽ ലോകംകണ്ട സമാധാനപൂർവവും ജനാധിപത്യപരവുമായ ഏറ്റവും വലിയ സമരം (തീർച്ചയായും മഹാമാരിയുടെ ഉയർന്ന ഘട്ടത്തിൽ ഏറ്റവും ശക്തമായ രീതിയിൽ സംഘടിപ്പിക്കപ്പെട്ടത്) ശക്തമായ ഒരു വിജയം കൈവരിച്ചിരിക്കുന്നു എന്നതാണ് മാദ്ധ്യമങ്ങൾക്ക് ഒരിക്കലും തുറന്നു സമ്മതിക്കാൻ പറ്റാത്ത ഒരുകാര്യം.
ഒരു പാരമ്പര്യം മുന്നോട്ടുവയ്ക്കുന്ന വിജയമാണിത്. സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ എല്ലാതരത്തിലുമുള്ള കർഷകരും (ആദിവാസി ദളിത് സമുദായങ്ങൾ ഉൾപ്പെടെ) ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ ഡൽഹിയുടെ കവാടങ്ങളിലെ കർഷകർ ആ മഹത്തായ സമരത്തിന്റെ ഊർജ്ജം ആവർത്തിക്കുന്നു.
പ്രധാനമന്ത്രി മോദി പറഞ്ഞത് അദ്ദേഹം പിന്മാറുകയാണെന്നും ഈ മാസം 29-ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽവച്ച് കാർഷിക നിയമങ്ങൾ പിൻവലിക്കുകയാണെന്നുമാണ്. ‘നന്നായി ശ്രമിച്ചിട്ടും ഒരു വിഭാഗം കർഷകരെ ബോധിപ്പിക്കുന്നതില്‍’ പരാജയപ്പെട്ടതുകൊണ്ടാണ് താൻ അങ്ങനെ ചെയ്യുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. വിശ്വാസയോഗ്യമല്ലാത്ത ഈ കാർഷിക നിയമങ്ങൾ യഥാർത്ഥത്തിൽ കർഷകർക്ക് നല്ലതാണെന്ന് ഒരു വിഭാഗത്തെ ധരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്ന് നിങ്ങൾ മനസ്സിലാക്കുക. ചരിത്രപരമായ ഈ സമരത്തിന്റെ ഘട്ടത്തിൽ മരണപ്പെട്ട 600-ലധികം കർഷകരെക്കുറിച്ച്, അല്ലെങ്കിൽ കർഷകർക്കുവേണ്ടി, അതിൽ ഒരു വാക്കു പോലുമില്ല. മററുള്ളവരെ ബോധിപ്പിക്കാനുള്ള വൈദഗ്ദ്ധ്യത്തിന്റെ കാര്യത്തിൽ മാത്രമാണ് തനിക്ക് പരാജയം സംഭവിച്ചതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുന്നു. അതായത് ആ ‘വിഭാഗം കർഷകരെ’ വെളിച്ചം കാണിക്കാനായി അദ്ദേഹത്തിന് അവസരം ലഭിക്കാത്തതിൽ. അതായത് നിയമത്തിന്റെ ഒരു പരാജയത്തെക്കുറിച്ചും പറയുന്നില്ല, അല്ലെങ്കില്‍ ഒരു മഹാമാരിയുടെ മദ്ധ്യത്തിൽ തന്റെ സർക്കാർ എങ്ങനെയാണ് നിര്‍ബന്ധിതമായി നിയമങ്ങള്‍ പാസാക്കിയത് എന്ന് പറയുന്നില്ല.
നന്നായി, ഖാലിസ്ഥാനികളും ദേശവിരുദ്ധരും വ്യാജ പ്രവർത്തകരും കർഷകരെന്ന പ്രച്ഛന്നവേഷം കെട്ടിയവരും മിസ്റ്റർ മോദിയുടെ ഊഷ്മളമായ ആകർഷണീയതയാൽ ബോധവൽക്കരിക്കപ്പെടുന്നത് വേണ്ടെന്നുവെച്ച ‘ഒരു വിഭാഗം കർഷകരായി’ മാറിയിരിക്കുന്നു. ബോധവൽക്കരിക്കപ്പെടാൻ അവര്‍ വിസമ്മതിച്ചോ? ബോധിപ്പിക്കുന്നതിന്റെ വിധവും രീതിയും എന്തൊക്കെയാണ്? അത് പരാതികൾ പറയാൻ അവർക്ക് തലസ്ഥാനനഗരിയിൽ പ്രവേശനം നിഷേധിക്കുന്നതാണോ? കിടങ്ങുകളും മുള്ള് കമ്പികളും കൊണ്ട് അവരെ തടയുന്നതാണോ? ജലപീരങ്കി കൊണ്ട് അവരെ ആക്രമിക്കുന്നതാണോ? അവരുടെ ക്യാമ്പുകൾ ചെറു ഗുലാഗുകൾ (നിര്‍ബന്ധിത തൊഴിലാളി കേന്ദ്രങ്ങള്‍) ആക്കി മാറ്റുന്നതാണോ? ചങ്ങാത്ത മാദ്ധ്യമങ്ങളെ ഉപയോഗിച്ച് എല്ലാദിവസവും കർഷകരെ അധിക്ഷേപിക്കുന്നതാണോ? അവരുടെ ദേഹത്തേക്ക് വാഹനങ്ങൾ (ഒരു കേന്ദ്രമന്ത്രിയുടെയോ അയാളുടെ മകന്റേതോ എന്ന് ആരോപിക്കപ്പെടുന്ന വാഹനം) ഓടിച്ചു കയറുന്നതാണോ? അതാണോ ബോധവൽക്കരണത്തെക്കുറിച്ചുള്ള ഈ സർക്കാരിന്റെ ആശയം? അവയാണ് ‘ഏറ്റവും മികച്ച ഉദ്യമങ്ങൾ’ എങ്കിൽ ഏറ്റവും മോശമായവ നമ്മൾ വെറുക്കും.











