“ഇറാനിലെ ഇന്‍ഡ്യന്‍ നയതന്ത്രകാര്യാലയം വാട്ട്സാപ്പ് സന്ദേശങ്ങളിലൂടെയാണ് ഞങ്ങളുടെ കോവിഡ്-19 പരിശോധനകള്‍ അയച്ചത് – അതില്‍ പാസ്പോര്‍ട്ട് നമ്പറും ഞങ്ങള്‍ പോസിറ്റീവാണോ നെഗറ്റീവാണോ എന്നുള്ള കാര്യവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് പരീക്ഷാ ഫലം [കടലാസ്] പോലെയുള്ള ഒന്നായിരുന്നു, ടെസ്റ്റ് കഴിഞ്ഞോ ഇല്ലയോ എന്ന് റോള്‍ നമ്പര്‍ നോക്കി മനസ്സിലാക്കാന്‍ പറ്റുന്ന ഒന്ന്. ഇന്നുവരെ യഥാര്‍ത്ഥ റിപ്പോര്‍ട്ട് ഞങ്ങള്‍ക്ക് നല്‍കിയിട്ടില്ല”, ഷബ്ബീര്‍ ഹുസൈന് ഹക്കീമി പറഞ്ഞു. ഇത് ഒരു പോസിറ്റീവ്-നെഗറ്റീവ് പട്ടിക മാത്രമാണ്. ഇറാനിലെ ഖൂമില്‍ നിന്നും ഞങ്ങളോടു സംസാരിച്ച ലഡാക്കിലെ കാര്‍ഗിലില്‍ നിന്നുള്ള ആ 29-കാരന് ഷിയാ മുസ്ലീങ്ങള്‍ക്കു വിശുദ്ധമായ ചില പുണ്യ സ്ഥലങ്ങളില്‍ തീര്‍ത്ഥാടനം നടത്തിയ മാതാപിതാക്കളെ ഈ വര്‍ഷം ജനുവരിയില്‍ അനുഗമിച്ചതായിരുന്നു.
ഇന്‍ഡ്യയില്‍ നിന്നുള്ള ആയിരക്കണക്കിനു ഷിയാകള്‍ ഇമാം അലി, ഹുസൈന് എന്നിവരുടെയും പ്രവാചകനായ മുഹമ്മദിന്റെ കുടുംബത്തില്‍ പെട്ട മറ്റുള്ളവരുടെയും വിശുദ്ധ സ്ഥലങ്ങളില്‍ പ്രാര്‍ത്ഥന അര്‍പ്പിക്കുന്നതിനായി ഓരോ വര്‍ഷവും ഇറാന് സന്ദര്‍ശിക്കുന്നു. അവരില്‍ ഏകദേശം 1,100 പേര് - പ്രധാനമായും ജമ്മു, കാശ്മീര്‍, ലഡാക്ക്, മഹാരാഷ്ട്ര – ഖൂം നഗരത്തില്‍ കുടുങ്ങി. ഈ വര്‍ഷം ഇറാനില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പകര്‍ച്ചവ്യാധി പടരുമോ എന്നുള്ള വര്‍ദ്ധിത ഭയത്താല്‍ ഇന്ത്യയിലേക്ക് തിരിച്ചുള്ള ഫ്ലൈറ്റുകള്‍ റദ്ദ് ചെയ്തതിനെത്തുടര്‍ന്നാണിത്.
“ഈ വര്‍ഷം മാര്‍ച്ച് രണ്ടിന് ഞങ്ങളുടെ രക്ത സാമ്പിളുകള്‍ ശേഖരിക്കാന്‍ തുടങ്ങുകയും മാര്‍ച്ച് 10 വരെ തുടരുകയും ചെയ്തു. സാമ്പിളുകള്‍ ആദ്യം പൂനെക്ക് പരിശോധനയ്ക്കായി അയയ്ക്കുമെന്നും അതിനുശേഷം കുടുങ്ങി കിടക്കുന്ന എല്ലാ തീര്‍ത്ഥാടകരെയും വായുമാര്‍ഗ്ഗം തിരിച്ച് ഇന്ത്യയിലേക്കെത്തിക്കുമെന്നും ഞങ്ങള്‍ക്ക് ഉറപ്പു നല്കി”, ഷബ്ബീര്‍ പറഞ്ഞു. എഴുപത്തെട്ടു തീര്‍ത്ഥാടകരുള്‍പ്പെടുന്ന ആദ്യ സംഘത്തിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയി പ്രഖ്യാപിക്കുകയും ഐ.എ.എഫ്. സി. – 17 എയര്‍ക്രാഫ്റ്റില്‍ ഇന്ത്യയിലേക്കു തിരിച്ചെത്തിക്കുന്നതിനായി അവരെ മാര്‍ച്ച് 10-ന് ടെഹ്റാനിലേക്ക് വിളിക്കുകയും ചെയ്തു.
“അദ്ഭുതപ്പെടുത്തിക്കൊണ്ട് അവരില്‍ 19 പേരെ ഒരു കാരണവും പറയാതെ ഖൂമിലേക്ക് തിരിച്ചയച്ചു”, ഷബ്ബീര്‍ പറഞ്ഞു. പെട്ടെന്നുതന്നെ ലഡാക്കില്‍ നിന്നുള്ള 254 തീര്‍ത്ഥാടകരെ നയതന്ത്രകാര്യാലയം പോസിറ്റീവ് ആയി പ്രഖ്യാപിച്ചു. “ക്വാറന്റൈനില്‍ ആക്കുന്നത് പോകട്ടെ, പോസിറ്റീവ് ആയവര്‍ക്ക് ഒരു സാധാരണ മുഖാവരണം പോലും ഇന്ത്യന്‍ നയതന്ത്ര കാര്യാലയം തന്നില്ല. പകരം, കുറച്ചു പേരെയെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്ന പ്രതീക്ഷയില്‍ ഞങ്ങളില്‍ ചിലര്‍ സ്വയം മുന്നോട്ടു ചെന്ന് അവരെ പല കൂട്ടങ്ങളായി തിരികെ ഖൂമിലെ ഒരു ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തിച്ചു.”
ടെഹ്റാനിലെ ഇന്‍ഡ്യന്‍ നയതന്ത്രകാര്യാലയത്തിന് ഈ റിപ്പോര്‍ട്ടര്‍ മൂന്നു ദിവസം മുമ്പയച്ച ചോദ്യാവലിക്ക് ഒരു പ്രതികരണവും ലഭിച്ചിട്ടില്ല.








