"ഓ, നമ്മുടെ “ഗസ്റ്റ്ഹൗസ്സിനെ" കുറിച്ച് അന്വേഷിക്കാനാണ് ഇവർ ഇവിടെ വന്നിരിക്കുന്നത്," റാണി തന്‍റെ സഹവാസിയായ ലാവണ്യയോട് പറഞ്ഞു. ഞങ്ങളുടെ വരവിന്‍റെ ഉദ്ദേശ്യം മനസ്സിലാക്കിയപ്പോൾ രണ്ടുപേർക്കും ആശ്വാസമായതായി തോന്നി.
ജനുവരിയുടെ തുടക്കത്തിൽ സന്ദർശനത്തിനിടെ ഞങ്ങൾ ആദ്യമായി ഈ ഗസ്റ്റ്ഹൗസ്സിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ മധുര ജില്ലയിലെ ടി. കല്ലുപ്പട്ടി ബ്ലോക്കിലെ കൂവളപുരം ഗ്രാമത്തിലെ തെരുവുകളിൽ ഭീതി പടർന്നു. പതുങ്ങിയ ശബ്ദത്തിൽ സംസാരിച്ച പുരുഷന്മാർ ഞങ്ങൾക്ക് രണ്ടു സ്ത്രീകളെ ചൂണ്ടിക്കാണിച്ചു തന്നു. ചെറുപ്പക്കാരികളായ ആ അമ്മമാർ തെല്ലകലെ ഒരു പൂമുഖത്ത് ഇരിക്കുകയായിരുന്നു.
"അത് അപ്പുറത്താണ്, നമുക്ക് പോകാം," ഇതു പറഞ്ഞ് ആ സ്ത്രീകൾ ഞങ്ങളെ ഗ്രാമത്തിന്‍റെ ഒരു മൂലയിലേക്കു നയിച്ചു. ഏകദേശം അര കിലോമീറ്റർ ദൂരത്തായിരുന്നു ആ ഇടം. രണ്ട് ഒറ്റപ്പെട്ട മുറികൾ മാത്രമായിരുന്നു ഈ "ഗസ്റ്റ്ഹൗസ്സ്" എന്ന് അറിയപ്പെട്ടിരുന്ന സ്ഥലം. ഞങ്ങൾ എത്തിയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നതായി തോന്നിയില്ല. എന്നാൽ, ആ രണ്ടു ചെറിയ കെട്ടിടങ്ങൾക്കിടയിൽ നിന്നിരുന്ന ഒരു വേപ്പ് മരത്തിന്‍റെ ശിഖരങ്ങളിൽ ചാക്കുകൾ തൂക്കിയിട്ടിരിക്കുന്നത് ഞങ്ങളെ അമ്പരപ്പിച്ചു.
ഗസ്റ്റ്ഹൗസ്സിലെ "അതിഥികൾ” ആർത്തവമുള്ള സ്ത്രീകളാണ്. ആരുടെയെങ്കിലും ക്ഷണപ്രകാരമോ അല്ലെങ്കിൽ സ്വന്തം ഇഷ്ടത്തോടെയോ അല്ല അവർ ഇവിടെ എത്തിയിരിക്കുന്നത്. മധുര നഗരത്തിൽ നിന്നും ഏകദേശം അമ്പതു കിലോമീറ്റർ അകലെ മൂവായിരം ആൾക്കാർ വസിക്കുന്ന ഈ ഗ്രാമത്തിൽ കാർക്കശ്യത്തോടെ അനുഷ്ഠിക്കുന്ന സാമുദായിക ചട്ടങ്ങൾ മൂലമാണ് അവർ ഇവിടെ താമസിക്കാൻ നിർബന്ധിതരാകുന്നത്. ഗസ്റ്റ്ഹൗസ്സിൽ ഞങ്ങൾ കണ്ടുമുട്ടിയ രണ്ടുസ്ത്രീകൾ, റാണിയും ലാവണ്യയും (അവരുടെ ശരിയായ പേരുകൾ അല്ല), ഇവിടെ അഞ്ചു ദിവസം വരെ കഴിയേണ്ടി വരും. എന്നാൽ, ഋതുമതികളായ പെൺകുട്ടികൾ ഇവിടെ ഒരു മാസം മുഴുവനും തങ്ങേണ്ടി വരും. അതു പോലെ പ്രസവശേഷം സ്ത്രീകൾ അവരുടെ നവജാതശിശുക്കൾക്കൊപ്പം ഇവിടെ ഒരു മാസം വസിക്കണം.
"ഞങ്ങളുടെ ചാക്കുകൾ ഒപ്പം മുറിയിൽ വയ്ക്കും," റാണി വിശദീകരിച്ചു. ആർത്തവസമയത്ത് സ്ത്രീകൾ ഉപയോഗിക്കുന്ന പാത്രങ്ങളാണ് ആ ചാക്കുകളിൽ. ഇവിടെ ഭക്ഷണം പാകം ചെയ്യാറില്ല. മിക്കവാറും അയൽക്കാർ തയ്യാറാക്കിയ ഭക്ഷണം ഈ പാത്രങ്ങളിലാക്കി അവരവരുടെ വീടുകളിൽ നിന്നും ഈ സ്ത്രീകൾക്ക് എത്തിച്ചു കൊടുക്കും. ദേഹത്ത് തൊടുന്നത് ഒഴിവാക്കാൻ ആ പാത്രങ്ങൾ ചാക്കുകളിലാക്കി വേപ്പ് മരത്തിൽ തൂക്കും. ഒരേ കുടുംബത്തിൽ നിന്നാണെങ്കിൽക്കൂടി ഓരോ സ്ത്രീകൾക്കും പ്രത്യേകം കൂട്ടം പാത്രങ്ങൾ ഉണ്ട്. എന്നാൽ ഇവിടെ രണ്ടു മുറികളെ ഉള്ളു, അതിനാൽ ഒരുമിച്ചു കഴിയണം.











