ഇന്ത്യയിലെ കാര്‍ഷികമേഖലയുടെ പ്രതിസന്ധി ആ മേഖലയില്‍ മാത്രമായി ഒതുങ്ങുന്നില്ല.
ഇത് സമൂഹത്തിന്റെയാകെ പ്രതിസന്ധിയാണ്. ഒരുപക്ഷേ നാഗരികതയുടെ തന്നെ പ്രതിസന്ധിയാണ്. ലോകത്തേറ്റവുമധികം ചെറുകിടകൃഷിക്കാരും തൊഴിലാളികളുമുള്ള നമ്മുടെ രാജ്യത്ത് അവര്‍ തങ്ങളുടെ ഉപജീവനമാര്‍ഗം നിലനിര്‍ത്താനുള്ള സമരത്തിലാണ്. കാര്‍ഷികമേഖലയിലെ പ്രതിസന്ധിയെന്നത് ഇപ്പോള്‍ ഭൂമി നഷ്ടമാകുന്നത് സംബന്ധിച്ച പ്രശ്നം മാത്രമല്ല. മനുഷ്യജീവനും തൊഴിലും ഉത്പാദനക്ഷമതയുമായി ബന്ധപ്പെട്ട പ്രശ്നം മാത്രവുമല്ല അത്. മറിച്ച് അത് നമ്മുടെ മനുഷ്യത്വം തന്നെ നഷ്ടമായിപ്പോകുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ്. നമ്മുടെ മാനുഷികതയുടെ അതിരുകള്‍ ചുരുങ്ങിപ്പോകുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ്. കഴിഞ്ഞ ഇരുപത് വര്‍ഷമായി സ്വന്തം ഭൂമി അന്യമായിത്തീര്ന്നവരുടെ ദുരിതങ്ങള്‍ നമ്മള് കൈകെട്ടി നോക്കിനില്ക്കുകയായിരുന്നു. മൂന്ന് ലക്ഷത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തതുപോലും നമ്മില്‍ ചലനമുണ്ടാക്കിയില്ല. ചില പ്രമുഖ സാമ്പത്തിക ശാസ്തജ്ഞരാകട്ടേ, ഇത്തരത്തിലുള്ള പ്രതിസന്ധി നിലനില്ക്കുന്നു എന്നതുപോലും നിഷേധിക്കുകയും കഠിനമായ ദുരിതാവസ്ഥയെ അവഹേളിക്കുകയും ചെയ്തു.
കര്‍ഷകരുടെ ആത്മഹത്യ സംബന്ധിച്ച വിവരങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നാഷണല്‍ ക്രൈം റെക്കാര്‍ഡ്സ് ബ്യൂറോ പ്രസിദ്ധീകരിക്കുന്നില്ല. അതിനുമുമ്പുള്ള ചില വര്ഷങ്ങളിലാകട്ടേ, സംസ്ഥാനങ്ങള്‍ തെറ്റായ വിവരങ്ങള്‍ നല്കിയതു കാരണം ഈ ഏജന്‍സിയുടെ കണക്കുകള്‍ വക്രീകരിക്കപ്പെട്ടിരുന്നു. ഉദാഹരണത്തിന് പശ്ചിമബംഗാളും ഛത്തീസ്ഗഡും മറ്റ് ചില സംസ്ഥാനങ്ങളും പല വര്‍ഷങ്ങളിലും കര്‍ഷക ആത്മഹത്യകള്‍ നടന്നിട്ടേയില്ല എന്നാണ് രേഖപ്പെടുത്തിയത്. 2014ല്‍ 12 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണപ്രദേശങ്ങളും കര്‍ഷക ആത്മഹത്യകള്‍ നടന്നിട്ടില്ല എന്ന് രേഖപ്പെടുത്തി. 2014ലും 2015ലും കര്‍ഷക ആത്മഹത്യകളുടെ എണ്ണം കുറച്ചുകൊണ്ടുവരുന്നതിനായി നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനുള്ള രീതിശാസ്ത്രത്തില്‍ വന്‍തോതില്‍ നിര്‍ലജ്ജമായ കൃത്രിമങ്ങള്‍ നടന്നു.
എന്നാല്‍ ആത്മഹത്യകള്‍ വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു.
അതേസമയം, കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രതിഷേധങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മദ്ധ്യപ്രദേശിലെപ്പോലെ, കര്‍ഷകര്‍ വെടിവച്ച് കൊല്ലപ്പെടുന്നു. അല്ലെങ്കില്‍ മഹാരാഷ്ട്രയിലെന്നപോലെ കരാറുകളുടെ പേരില്‍ വഞ്ചിക്കപ്പെടുകയോ അവഹേളിക്കപ്പെടുകയോ ചെയ്യുന്നു. ഒപ്പം രാജ്യത്തെമ്പാടും നോട്ട് പിന്‍വലിക്കലിന്റെ പേരില്‍ അവര്‍ കഷ്ടപ്പെടുന്നു. നാട്ടിന്‍പുറങ്ങളില്‍ വേദനയും രോഷവും ഉയരുകയാണ്. കൃഷിക്കാര്‍ക്കിടയില്‍ മാത്രമല്ല, തൊഴിലാളികള്‍ക്കിടയിലും – കാരണം ദേശീയ തൊഴിലുറപ്പ് പദ്ധതി ബോധപൂര്‍വം ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത് അവര്‍ കാണുകയാണ്. മത്സ്യത്തൊഴിലാളികളും വനത്തെ ആശ്രയിച്ച് കഴിയുന്ന ആദിവാസികളും കൈത്തൊഴിലുകാരും ചൂഷണം ചെയ്യപ്പെടുന്ന അംഗന്‍വാടി തൊഴിലാളികളും ആ രോഷം പങ്കു വയ്ക്കുകയാണ്. തങ്ങളുടെ മക്കളെ സര്‍ക്കാര്‍ സ്കൂളുകളില്‍ ചേര്‍ത്തിട്ടുള്ള, സര്‍ക്കാര്‍ സ്വന്തം സ്കൂളുകളെ നശിപ്പിക്കുന്നതു കാണുന്ന എല്ലാവരും അതോടൊപ്പം ചേരുകയാണ്. ഒപ്പം തങ്ങളുടെ തൊഴില്‍ ത്രിശങ്കുവിലായ ചെറുകിട സര്‍ക്കാര്‍ ജീവനക്കാരും ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികളും പൊതുമേഖലാ ജീവനക്കാരും.





