"ഞങ്ങളുടെ മണ്ണിൽ ഞങ്ങൾ രാസവസ്തുക്കൾ ഉപയോഗിക്കുന്നില്ല. കീടങ്ങളെ കൊല്ലാൻ മണ്ണിന് വിഷം ആവശ്യമില്ല. മണ്ണിന് നല്ല ആരോഗ്യമുണ്ടെങ്കിൽ ബാക്കിയെല്ലാം അത് നോക്കിക്കൊള്ളും," മഹേന്ദ്ര നൗറി പറയുന്നു. നിയാംഗിരി കുന്നുകൾക്ക് കിഴക്ക് ഏകദേശം 1.5 കിലോമീറ്റർ മാറിയാണ് അദ്ദേഹത്തിന്‍റെ കൃഷിയിടം. "കൃഷിസ്ഥലത്ത് ഒരു മഹുവയോ [ഇലുപ്പ] അല്ലെങ്കിൽ ഒരു സഹജ് [മത്തി/മരുത്] മരമോ വേണം. അതിൽ കിളികളും പല്ലികളും തവളകളും താമസമാക്കും. അവ വിളകളെ നശിപ്പിക്കുന്ന പ്രാണികളെയും കീടങ്ങളെയും കൈകാര്യം ചെയ്യും."
തെക്കുപടിഞ്ഞാറൻ ഒഡീഷയിലെ റായഗഡ ജില്ലയിലെ ബിഷാമാകട്ടക് ബ്ലോക്കിൽ ഏകദേശം നൂറുപേർ മാത്രമുള്ള കെരാണ്ടീഗുഡ ഗ്രാമത്തിലാണ് മഹേന്ദ്രയുടെ രണ്ട് ഏക്കർ ഭൂമി. ഇവിടെയുള്ള ജനങ്ങളിൽ അധികവും കൊന്ധ് ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. എന്നാൽ നൗറി കുടുംബം ദോറ സമുദായത്തിൽനിന്നാണ്.
മുപ്പതുകാരനായ മഹേന്ദ്രയും അയാളുടെ അറുപത്തിരണ്ട് വയസ്സുള്ള പിതാവ് ലോകനാഥും അവരുടെ കൃഷിയിടത്തിൽ 34 ഇനം വിളകൾ കൃഷി ചെയ്യുന്നു - ആകെ 72 ഉപവർഗ്ഗങ്ങൾ. കൃഷിഭൂമിയുടെ വിവിധ ഭാഗങ്ങളിൽ മാറിമാറിയാണ് ഇവ കൃഷി ചെയ്യുന്നത്. സുവാൻ [ചാമ], സിക്ര തുടങ്ങിയ ചെറുധാന്യങ്ങൾ, അർഹർ [തുവര], ചെറുപയർ മുതലായ പയറുവർഗ്ഗങ്ങൾ, അൽസി [ചണവിത്ത്], സൂര്യകാന്തി വിത്തുകൾ, നിലക്കടല തുടങ്ങിയ എണ്ണക്കുരുക്കൾ ഇവയെല്ലാം അവർ വിളവെടുക്കും. കൂടാതെ, കിഴങ്ങുകൾ, മഞ്ഞൾ, ഇഞ്ചി, തക്കാളി, വഴുതനങ്ങ മറ്റു പച്ചക്കറികളും അവർ കൃഷി ചെയ്യുന്നു. "ഭക്ഷണസാധനങ്ങൾ ഞങ്ങൾ വിപണിയിൽ നിന്ന് വാങ്ങാറില്ല," മഹേന്ദ്ര പറഞ്ഞു.
നിയാംഗിരി കുന്നിൽ നിന്നൊഴുകുന്ന അരുവികളിലെ വെള്ളമാണ് ഗ്രാമീണർ ഉപയോഗിക്കുന്നത്. കൃഷിയിടങ്ങളിലേക്ക് വെള്ളം തിരിച്ചുവിടുന്നതിന് അവർ കല്ലുകൾ കൊണ്ട് തടയണകൾ നിർമ്മിക്കും. "കഴിഞ്ഞ നാലുവർഷമായി ഇവിടെ കാലാവസ്ഥ വളരെ മോശമാണ്," ലോകനാഥ് പറഞ്ഞു. "പക്ഷെ എല്ലാ പ്രതികൂല അവസ്ഥകളിലും കൃഷി ഞങ്ങളെ നിലനിർത്തി. ഞാൻ ഇതുവരെ ആരിൽനിന്നും കടം വാങ്ങിയിട്ടില്ല. ഞങ്ങളുടെ പരമ്പരാഗത കൃഷിരീതിയുടെ നന്മ ഒന്ന് കൊണ്ട് മാത്രമാണ് എനിക്കിത് സാധിച്ചത്." സ്വയം കൃഷി ചെയ്തുണ്ടാക്കുന്ന വിളകളാണ് ആ കുടുംബം ഉപയോഗിക്കുന്നത്. അധികമുള്ളത് മുനിഗുഡയിലെയും ബിഷാമാകട്ടക്കിലെയും ആഴ്ച ചന്തകളിൽ വിൽക്കുന്നു.





