നോസുമുദ്ദീൻ കരഞ്ഞു. അദ്ദേഹം ആദ്യമായി അകലെ പോവുകയായിരുന്നു. തന്റെ സ്വന്തം വീട്ടിൽ നിന്നും 10-12 കിലോമീറ്റർ അകലെ – മാതാപിതാക്കളെ വിട്ട്. 7-ാം വയസ്സിൽ ഇത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. "എനിക്ക് വളരെ ബുദ്ധിമുട്ട് തോന്നി, ഞാൻ കരഞ്ഞു. വീടും കുടുംബവും വിട്ടു പോകുന്നത് എന്നെ കണ്ണീരിലാഴ്ത്തി”, അദ്ദേഹം ഓർമ്മിച്ചു.
അദ്ദേഹത്തെ ഒരു കാലിനോട്ടക്കാരനായി അയയ്ക്കുകയായിരുന്നു. "എന്റെ കുടുംബം വളരെ ദരിദ്രമായിരുന്നു. കുടുംബത്തിന് മറ്റ് മാർഗ്ഗമില്ലായിരുന്നു”, ഇപ്പോൾ 41 വയസ്സുള്ള നോസിമുദ്ദീൻ ശേഖ് പറഞ്ഞു. "ഞങ്ങൾക്ക് തരാൻ മതിയായ ഭക്ഷണം ഇല്ലായിരുന്നു. മിക്ക ദിവസങ്ങളിലും ഒരു നേരമാണ് ഞങ്ങൾ കഴിച്ചത്. ഞങ്ങളുടെ ഗ്രാമത്തിൽ കുറച്ച് കുടുംബങ്ങൾക്കേ അക്കാലത്ത് രണ്ട് നേരം കഴിക്കാൻ കഴിഞ്ഞുള്ളൂ.” വിദ്യാഭ്യാസം അദ്ദേഹത്തിന്റെ സങ്കൽപ്പത്തിനപ്പുറത്തായിരുന്നു: "അക്കാലത്ത് സ്ക്കൂളിൽ പോകുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ കഴിഞ്ഞില്ല. എന്റെ കുടുംബത്തിന്റെ അവസ്ഥ അത്ര മോശമായിരുന്നു. സ്ക്കൂളിൽ പോകാൻ ഞങ്ങൾക്കെങ്ങനെ സാധിക്കാൻ?”
അങ്ങനെ അദ്ദേഹം ആസാമിലെ (അന്നത്തെ) ധുബ്രി ജില്ലയിലെ തന്റെ ഉരാർഭുയി ഗ്രാമത്തിലെ ചെറിയ കുടിലിൽ നിന്നും ഇറങ്ങി മനുല്ലാപാര ഗ്രാമത്തിലേക്ക് 3 രൂപ ടിക്കറ്റെടുത്ത് ബസ് കയറി. അവിടെ അദ്ദേഹത്തിന്റെ തൊഴിലുടമയ്ക്ക് 7 പശുക്കളും 12 ബിഘ (ഏകദേശം 4 ഏക്കർ) സ്ഥലവും ഉണ്ടായിരുന്നു. "കാലിനോട്ടക്കാരനായുള്ള ജീവിതം വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. ആ പ്രായത്തിൽ എനിക്ക് ഒരുപാട് മണിക്കൂറുകൾ പണിയെടുക്കേണ്ടി വന്നു. ചിലപ്പോൾ എനിക്ക് മതിയായ ഭക്ഷണം കിട്ടിയിരുന്നില്ല. അല്ലെങ്കിൽ പഴകിയ ഭക്ഷണമായിരുന്നു. തൊഴിലുടമയ്ക്ക് എല്ലാ വർഷവും 100-120 മൻ നെല്ല് കിട്ടുമായിരുന്നു. 4 വർഷങ്ങൾക്ക് ശേഷം അവർ എനിക്ക് 2 മൻ തരാൻ തുടങ്ങി” – ഏകദേശം 80 കിലോ. മാർച്ച് മുതൽ നവംബർ വരെയുള്ള കാർഷിക കാലത്തിന്റെ അവസാനമായിരുന്നു ഇത്.
കുടുംബത്തിലെ ചെറു ബാലന്മാരെ കാലിനോട്ടക്കാരായി അയയ്ക്കുന്നത് കുറച്ചു ദശകങ്ങൾക്കു മുമ്പുവരെ ആസാം-മേഘാലയ അതിർത്തി ഗ്രാമ പ്രദേശങ്ങളിലെ ഒരു പ്രവണതയായിരുന്നു. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളെ മാതാപിതാക്കൾ സമ്പന്നരായ കർഷകർക്ക് കാലിനോട്ടക്കാരായി ‘പണിയെടുക്കാൻ’ ‘നൽകുമായിരുന്നു’. ഈ സമ്പ്രദായത്തെ പ്രാദേശികമായി പേട്ഭാത്തി (അക്ഷരാർത്ഥത്തിൽ ‘ചോറ് കൊണ്ട് വയർ നിറയ്ക്കുക) എന്ന് വിളിച്ചിരുന്നു.











