കൗമാരപ്രായത്തിൽ ഗർഭം ധരിക്കരുതെന്ന് സ്ത്രീകളെ ബോധവത്ക്കരിക്കാൻ നസ്രത്ത് ബന്നൊവിന് സാധിച്ചിട്ടുണ്ട്. ആ സ്ത്രീകളെക്കൊണ്ട് ഗർഭനിരോധനോപാധികൾ ഉപയോഗിപ്പിക്കുന്നതിനും, പ്രസവത്തിനായി അവരെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിനും നസ്രത്തിന് അവരുടെ ഭർത്തൃവീട്ടുകാരോട് പൊരുതേണ്ടിവന്നിട്ടുമുണ്ട് പലപ്പോഴും. പക്ഷേ പുരുഷന്മാരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്താനാണ് കൂടുതൽ ബുദ്ധിമുട്ടെന്ന് 35 വയസ്സുള്ള ഈ ആശ പ്രവർത്തക സാക്ഷ്യപ്പെടുത്തുന്നു. ബിഹാറിലെ അരാരിയ ജില്ലയിലെ രാംപുർ ഗ്രാമത്തിലെ ആശ പ്രവർത്തകയാണ് നസ്രത്ത്.
3400 ആളുകൾ പാർക്കുന്ന ഫോബ്സ്ഗഞ്ച് ബ്ലോക്കിൽ ഒരാൾ മാത്രമാണ് “കഴിഞ്ഞ വർഷം (2018) സമ്മതിച്ചത്”, എന്ന് അവർ പറഞ്ഞു. “അയാളത് ചെയ്തു എന്നറിഞ്ഞപ്പോൾ അയാളുടെ ഭാര്യ ചെരിപ്പൂരി എന്നെ തല്ലാൻ വന്നു”വെന്നും ചിരിച്ചുകൊണ്ട് നസ്രത്ത് അറിയിച്ചു. നാല് കുട്ടികളുടെ അമ്മയാണ് നസ്രത്ത്.
രാംപുരിന്റെ വൈമനസ്യം ബിഹാറിലെ മറ്റ് ഗ്രാമങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. “മറ്റ് പുരുഷന്മാർ പരിഹസിച്ച് ചിരിക്കുമോ എന്നതാണ് അവരുടെ ഏറ്റവും വലിയ പേടി”, കഴിഞ്ഞ വർഷം വിനയ്കുമാർ എന്നോട് പറഞ്ഞു. ബിഹാർ സർക്കാർ എല്ലാ വർഷവും നവംബറിൽ ആരംഭിക്കുന്ന വന്ധ്യതാശസ്ത്രക്രിയാ പ്രചാരണത്തിന്റെ അടുത്ത യാത്രയ്ക്ക് തയ്യാറെടുക്കുകയായിരുന്നു വിനയ്കുമാർ. “ശരീരത്തിന് കൂടുതൽ ബലക്ഷയം വന്ന് ലൈംഗികബന്ധത്തിനുള്ള കഴിവ് നഷ്ടപ്പെടുമെന്ന മൂഢവിശ്വാസവും അവരെ അലട്ടുന്നു”.
38 വയസ്സുള്ള കുമാർ, കഴിഞ്ഞ വർഷം, ജഹനാബാദിലെ മഖ്ദംപുർ ബ്ലോക്കിൽ, 3400-ഓളം ആളുകൾ താമസിക്കുന്ന ബിര ഗ്രാമത്തിൽ വികാസ് മിത്ര എന്ന സർക്കാർ ജോലിയിലായിരുന്നു ഏർപ്പെട്ടിരുന്നത്. സർക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ച് ആളുകളെ ബോധവത്ക്കരിക്കുക, അവ നടപ്പാക്കുക എന്നിവയായിരുന്നു അയാളുടെ ചുമതല. വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് പുരുഷന്മാരെ പ്രേരിപ്പിക്കുക എന്ന തീർത്തും സുഖകരമല്ലാത്ത ഒരു ജോലിയായിരുന്നു അതിലൊന്ന്. ബീജം വഹിക്കുന്ന കുഴലുകളെ കെട്ടിവെക്കുകയോ പൂട്ടുകയോ ചെയ്യുന്ന ഒരു ചെറിയ ശസ്ത്രക്രിയയാണ് വന്ധ്യംകരണം.
ബിഹാറിലെ വന്ധ്യംകരണത്തോത് 2005-2006-ൽ (എൻ.എഫ്.എച്ച്.എസ്. ഘട്ടം 3) 0.6 എന്ന താഴ്ന്ന നിലയിൽനിന്ന് 2015-2016-ൽ (എൻ.എഫ്.എച്ച്.എസ്. ഘട്ടം 4) പൂജ്യമായി കുറഞ്ഞിരുന്നു. ഇതേ കാലഘട്ടത്തിൽ, സ്ത്രീകളുടെ വന്ധ്യംകരണ ശതമാനവും കുറഞ്ഞു. 15 വയസ്സിനും 49 വയസ്സിനുമിടയിലുള്ള വിവാഹിതരായ സ്ത്രീകളുടെയിടയിൽ അത് 23.8-ൽനിന്ന് 20.5 ആയി. എങ്കിലും പുരുഷന്മാരേക്കാൾ ഭേദമായിരുന്നു അത്.
ദേശീയ ശരാശരിയും ബിഹാറിന്റെ അതേ സ്ഥിതിയിലായിരുന്നു. ഇന്ത്യയൊട്ടാകെ, എൻ.എഫ്.എച്ച്.എസ്. ഘട്ടം 4 കണക്കുപ്രകാരം നിലവിലുള്ള വിവാഹിതരായ 15-49 വയസ്സുകാരായ സ്ത്രീകളിൽ 36 ശതമാനം പേരാണ് വന്ധ്യംകരണത്തിന് വിധേയരായിട്ടുള്ളത്. അതേസമയം ആണുങ്ങൾ 0.3 ശതമാനവും.
രാജ്യത്ത് ഗർഭനിരോധന ഉറകളുടെ ഉപയോഗവും ദയനീയമായിരുന്നു. ഒരു ഗർഭനിരോധനോപാധി എന്ന നിലയിൽ അതുപയോഗിക്കുന്ന 15നും 49നുമിടയിലുള്ള നിലവിലുള്ള വിവാഹിതരായ സ്ത്രീകളുടെ ശതമാനം 5.6 ആയിരുന്നു.








