ലക്ഷ്യത്തോടടുത്തു കൊണ്ടിരിക്കുന്നു എന്നാണ് ഗൂഗിൾ മാപ്പ് എന്നോട് പറയുന്നത്. പക്ഷെ പരിസരം എന്‍റെ ഓർമ്മയിൽ നിന്ന് കുറച്ച് വ്യത്യസ്തമായി തോന്നുന്നു. കടലെടുത്ത് തകർന്ന വീടിന്‍റെ ഒരു അടയാളവും കാണുന്നില്ല. അവസാനം ഞാൻ ഉപ്പാട സന്ദർശിച്ച സമയത്ത് എന്‍റെ ഫോണിൽ അതിരുന്ന സ്ഥലത്തിന്‍റെ ഫോട്ടോ എടുത്തിരുന്നതാണ്. "ഓ, ആ വീട്? അതിപ്പോൾ കടലിലാണ് – അവിടെ!” ബംഗാൾ ഉൾക്കടലിൽ നിന്നും തിരയടിച്ചു കയറുന്ന ഒരു ഭാഗത്തേക്ക് നിസ്സാരമായി കൈചൂണ്ടിക്കൊണ്ട് റ്റി. മാരമ്മ പറഞ്ഞു.
2020 മാർച്ചിൽ ദേശവ്യാപകമായ ലോക്ക്ഡൗൺ ആരംഭിക്കുന്നതിന് ആഴ്ചകൾക്കു മുൻപ് മാരമ്മയുടെയും അവരുടെ കുടുംബത്തിന്‍റെയും ചിത്രങ്ങൾ എടുത്തു കൊണ്ടിരിക്കുമ്പോൾ കണ്ട ഗംഭീരമായ, എന്നിരിക്കിലും മ്ലാനമായ, പശ്ചാത്തലത്തിലുണ്ടായിരുന്ന ആ കെട്ടിടത്തിന്‍റെ കാര്യം ഞാൻ കൃത്യമായി ഓർമ്മിക്കുന്നു. ഒരു ഇടുങ്ങിയ കടൽത്തീരത്തേക്ക് അപകടകരമായ രീതിയിൽ കയറി സ്ഥിതി ചെയ്തിരുന്ന ഈഭാഗം മാത്രമായിരുന്നു മാരമ്മയുടെ കൂട്ടുകുടുംബം ഈ നൂറ്റാണ്ടിന്‍റെ ആദ്യ വർഷങ്ങൾ വരെ താമസിച്ചിരുന്ന വലിയ വീടിന്‍റേതായി അവശേഷിച്ചിരുന്നത്.
"എട്ട് മുറികളും മൂന്ന് ഷെഡുകളും [മൃഗങ്ങൾക്കുള്ളത്] ഉള്ള ഒരു കെട്ടിടമായിരുന്നു അത്. ഏതാണ്ട് നൂറാളുകൾ ഇവിടെ ജീവിച്ചിരുന്നു”, മാരമ്മ പറഞ്ഞു. ഒരു ചെറിയ കാലത്തേക്ക് പ്രാദേശിക തലത്തിൽ രാഷ്ട്രീയക്കാരിയായിരുന്ന ആ 50 വയസ്സുകാരി ഒരിക്കൽ മീൻ കച്ചവടവും നടത്തിയിരുന്നു. ഈ കൂട്ടുകുടുംബത്തെ വിവിധ വീടുകളിലേക്ക് മാറാൻ നിർബന്ധിച്ചുകൊണ്ട് 2004-ലെ സുനാമി ആ കെട്ടിടത്തിന്‍റെ വലിയൊരു ഭാഗം എടുത്തിരുന്നു. അതിനു മുൻപ് ഒരു ചുഴലിക്കാറ്റും ഉപ്പാടയിൽ അടിച്ചിരുന്നു.
മാരമ്മയും അവരുടെ കുടുംബവും ഈയൊരു പ്രശ്നത്തിൽ തനിച്ചല്ല. ഉപ്പാടയിലെ ഏതാണ്ടെല്ലാവരും കരയെടുക്കുന്ന കടൽ മൂലം ഒരു തവണയെങ്കിലും വീട് മാറിയിട്ടുള്ളതായി കാണുന്നു. എന്ന് ഒരു വീട് വിട്ടുപോകണമെന്ന് അവർ കണക്ക് കൂട്ടുന്നത് ജീവിതാനുഭവങ്ങളുടെയും കടലുകളെക്കുറിച്ചുള്ള സഹജമായ മനസ്സിലാക്കലുകളുടെയും അടിസ്ഥാനത്തിലാണ്. "തിര തള്ളി മുന്നോട്ടുവരാൻ തുടങ്ങുമ്പോൾ ഞങ്ങൾക്ക് മനസ്സിലാകും വീട് കടലിലാകുമെന്ന്. അപ്പോൾ പാത്രങ്ങളും ബാക്കി സാധനങ്ങളുമൊക്കെ ഞങ്ങൾ ഒരു വശത്തേക്ക് മാറ്റും [എന്നിട്ട് വാടകയ്ക്ക് ഒരു താൽക്കാലിക വീട് അന്വേഷിച്ചു തുടങ്ങും]. പഴയ വീട് സാധാരണ നിലയിൽ ഒരു മാസത്തിനകം [കടലിൽ] പോകും”, ഒ. ശിവ വിശദീകരിച്ചു. കടൽ കയറുന്നതിൽ നിന്നും രക്ഷപെടാനായി 14 വയസ്സിനകം തന്നെ അവന് ഒരു വീട് വിടേണ്ടി വന്നു.















