"ഞാൻ നിന്നെ ഒരു വേനൽക്കാലദിനത്തോട് ഉപമിക്കട്ടേ?", 19-കാരിയായ ഫൈസ അൻസാരി സ്വകാര്യം പറയുന്നതുപോലെ ചെറിയ ശബ്ദത്തിൽ ചോദിക്കുന്നു. മുംബ്രയിൽ സ്ത്രീകൾക്കായുള്ള ഒരേയൊരു ലൈബ്രറിയായ രെഹ്നുമ ലൈബ്രറി സെന്ററിന്റെ ടൈൽസ് പാകിയ നിലത്ത് ചമ്രംപടിഞ്ഞിരിക്കുകയാണ് ഞങ്ങൾ.
ദാറുൽ ഫലാ പള്ളിയുടെ സമീപത്തായി തകർന്നുവീഴാറായ ഒരു കെട്ടിടത്തിന്റെ ഒന്നാംനിലയിലുള്ള, രണ്ടുമുറികളുള്ള ഒരു വീടിനെ പരിഷ്കരിച്ചുണ്ടാക്കിയ ആ ലൈബ്രറിയിൽ പിന്നെയും ഒരുപാട് ചെറുപ്പക്കാരികൾ വന്നുപോകുന്നുണ്ട്. അകത്തുള്ള പ്ലാസ്റ്റിക്ക് കസേരകളിൽ തങ്ങളുടെ ബുർഖകൾ അഴിച്ചുവെച്ച്, തണുത്ത നിലത്ത് അവർ ആശ്വാസത്തോടെ ഇരിക്കുന്നു. മുംബൈയുടെ മധ്യഭാഗത്ത്നിന്ന് ഏകദേശം 35 കിലോമീറ്റർ അകലെയായി, വടക്ക്കിഴക്കൻ ദിശയിലുള്ള ഈ പ്രദേശത്തെ അന്തരീക്ഷോഷ്മാവ് 36 ഡിഗ്രി സെൽഷ്യസാണ്.
ഷേക്സ്പിയറിന്റെ സോണറ്റ് 18 ഫൈസ ഓർത്തെടുക്കവേ, ഇനിയും കവിതകൾ കേൾക്കണമെന്ന് ഞാൻ നിർബന്ധം പിടിച്ചു. ഫൈസയുടെ സഹോദരി റസിയയുടേതുൾപ്പെടെ എല്ലാ കണ്ണുകളും ഫൈസയിലാണ്. റോമിയോ ആൻഡ്ഡ് ജൂലിയറ്റിലെ ഒരു വരിയാണ് ഇത്തവണ ഫൈസ ഉപസംഹരിക്കുന്നത്. "സുന്ദരമായ മുഖത്തേക്കാൾ നല്ലത് സൌന്ദര്യമുള്ള ഒരു ഹൃദയമാണ്." റസിയ അപ്പോൾ നാണത്തോടെ തന്റെ സഹോദരിയെ നോക്കുന്നു. മറ്റു പെൺകുട്ടികളാകട്ടെ ചൂളംവിളിച്ചും പരസ്പരം കളിയാക്കിയും അടക്കിച്ചിരിക്കുന്നു. എന്താണ് അവർക്കിടയിലെ ആ തമാശയെന്ന് കണ്ടെത്തുക എളുപ്പമല്ല.
18- കാരിയായ റസിയ അൻസാരി മറ്റുള്ളവരുടെയത്ര നാണക്കാരിയല്ല. താൻ വായിച്ചിട്ടുള്ള ഒരേയൊരു ഷേക്സ്പീരിയൻ കഥ അവർ രസകരമായി എനിക്ക് വിവരിച്ചുതന്നു. "ട്വെൽഫ്ത്ത് നൈറ്റ് (Twelfth Night) ശരിക്കും ഒരു ഹിന്ദി സിനിമ പോലെയാണ്. വയോലയ്ക്ക് ഇരട്ടവേഷമാണ്.", വയോല സെസാരിയോ ആയി വേഷംകെട്ടുന്നത് സൂചിപ്പിച്ച് അവർ പറഞ്ഞു. ഇംഗ്ളീഷിലുള്ള പ്രാവീണ്യം മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി, ലൈബ്രറിയിൽ നടക്കുന്ന സ്പോക്കൺ ഇംഗ്ളീഷ് ക്ലാസ്സിൽ റസിയ ചേർന്നിട്ടുണ്ട്. ആഴ്ചയിൽ അഞ്ച് ദിവസം രാവിലെ 11 മണിക്കും വൈകീട്ട് 6 മണിക്കും ഇടയിലായി ഒരു മണിക്കൂർ വീതം ദൈർഘ്യമുള്ള ഒട്ടനേകം ബാച്ചുകളിലായാണ് സ്പോക്കൺ ഇംഗ്ളീഷ് ക്ലാസ് നടക്കുന്നത്.













