രാജസ്ഥാനിലെ ഹൈക്കോടതി വളപ്പ് തീർത്തും പ്രശാന്തസുന്ദരമാണ്. അവിടത്തെ പൂന്തോട്ടത്തിലുള്ള ഒരു ഘടകം മാത്രമാണ് രാജസ്ഥാനിൽ നിന്നുള്ള നിരവധി പേർക്ക് അരോചകമായി തോന്നുന്നത്. ഒരുപക്ഷെ രാജ്യത്ത് തന്നെ ഈയൊരു കോടതി വളപ്പിൽ മാത്രമാണ് 'നിയമജ്ഞനായ മനു' വിന്റെ പ്രതിമ അഭിമാനപൂർവ്വം ഉയർന്നു നിൽക്കുന്നത്. (കവർ ചിത്രം കാണുക)
മനു എന്ന വ്യക്തി ഏതെങ്കിലും കാലത്ത് ജീവിച്ചിരുന്നതായി തെളിവൊന്നുമില്ലെന്നിരിക്കെ, ശില്പിയുടെ ഭാവനയ്ക്കനുസരിച്ചാണ് ഈ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. പക്ഷെ ആ ഭാവന തീർത്തും പരിമിതമായി പോയെന്നതാണ് മനസ്സിലാക്കേണ്ടത്. ഇവിടെ മനുവിന്റെ രൂപം സിനിമകളിൽ കാണുന്ന 'ഋഷി' യുടെ വാർപ്പ് മാതൃകകളെ അനുസ്മരിപ്പിക്കുന്ന ഒന്നാണ്.
ഐതിഹ്യമനുസരിച്ച്, മനു എന്ന് പേരുള്ള വ്യക്തിയാണ് മനുസ്മൃതിയുടെ രചയിതാവ്. നൂറ്റാണ്ടുകൾക്ക് മുൻപ്, ബ്രാഹ്മണർ ഈ സമൂഹത്തിനുമേൽ കെട്ടിവെക്കാൻ ശ്രമിച്ച നിയമങ്ങളും ചിട്ടകളുമാണ് സ്മൃതികളിൽ പ്രതിപാദിച്ചിട്ടുള്ളത്. കടുത്ത ജാതീയതയിൽ അടിസ്ഥാനമാക്കിയ നിയമാവലികൾ. ബി.സി 200-നും എ.ഡി 1000-നും ഇടയിൽ രചിക്കപ്പെട്ട സ്മൃതികൾ നിരവധി എഴുത്തുകാർ അനേകം വർഷങ്ങളെടുത്താണ് സമാഹരിച്ചത്. ഇവയിൽ ഏറ്റവും പ്രശസ്തമായ മനുസ്മൃതിയുടെ സവിശേഷത, അത് ഒരേ കുറ്റകൃത്യത്തിന് വിവിധ ജാതിയിലുള്ളവർക്ക് വ്യത്യസ്തമായ ശിക്ഷ വിധിക്കുന്നുവെന്നതാണ്.
ഈ സ്മൃതി അനുസരിച്ച്, താഴ്ന്ന ജാതിക്കാരുടെ ജീവന് പുല്ലുവിലയാണ്. "ഒരു ശൂദ്രനെ കൊലപ്പെടുത്തിയാൽ ചെയ്യേണ്ട പ്രായശ്ചിത്തം” എന്ന ഭാഗം തന്നെയെടുക്കാം. "തവള, നായ, മൂങ്ങ അല്ലെങ്കിൽ കാക്ക” എന്നിവയെ കൊല്ലുന്ന ഒരു വ്യക്തി ചെയ്യേണ്ടുന്ന പ്രായശ്ചിത്തംതന്നെ മതിയാകും ഒരു ശൂദ്രനെ കൊന്നവനും. ഇനി 'ഗുണവാനായ ശൂദ്രനെ' കൊല്ലുന്നയാൾപോലും ഒരു ബ്രാഹ്മണനെ കൊലപ്പെടുത്തിയ ആൾക്ക് നേരിടേണ്ടിവരുന്ന ശിക്ഷയുടെ പതിനാറിലൊന്ന് മാത്രം അനുഭവിച്ചാൽ മതിയാകും.
നിയമത്തിന് മുന്നിലെ തുല്യതയിൽ അധിഷ്ഠിതമായ ഒരു വ്യവസ്ഥ ഒരുകാരണവശാലും പിൻപറ്റാൻ പാടില്ലാത്ത ഒരു സംവിധാനമാണിത്. അതുകൊണ്ടുതന്നെ, തങ്ങൾ നേരിടുന്ന അടിച്ചമർത്തലിന്റെ പ്രതിരൂപമായ മനുവിന്റെ പ്രതിമ കോടതിവളപ്പിൽ ഉയർന്നുനിൽക്കുന്നത് രാജസ്ഥാനിലെ ദളിതരെ രോഷാകുലരാക്കുനു. അതിലും സ്തോഭജനകമായ വസ്തുത, ഇന്ത്യൻ ഭരണഘടനയുടെ ശില്പിക്ക് കോടതിവളപ്പിൽ സ്ഥാനമില്ലെന്നതാണ്. ബി.ആർ. അംബേദ്കറിന്റെ പ്രതിമ തെരുവിന്റെ ഒരു മൂലയിൽ വാഹനഗതാഗതത്തെ അഭിമുഖീകരിച്ച് നിൽക്കുന്നവിധമാണ് സ്ഥാപിച്ചിട്ടുള്ളത്. മനുവാകട്ടെ തികഞ്ഞ ഗാംഭീര്യത്തോടെ കോടതിയിലെത്തുന്ന എല്ലാവരേയും വരവേൽക്കുന്നു.







