“കഴിഞ്ഞ 4-5 മാസമായി ഝാരിയയിലെ എന്റെ വീട്ടിൽ കറന്റില്ല. എന്റെ സഹോദരങ്ങളും ഞാനും അല്പമെങ്കിലും പഠിക്കുന്നത്, ടോർച്ചിന്റെ വെളിച്ചത്തിലാണ്. അതും 30-45 മിനിറ്റേ നിൽക്കൂ. പിന്നെ വീണ്ടും ചാർജ്ജ് ചെയ്യണം”.
സന്താൾ ആദിവാസി സമുദായത്തിൽനിന്നുള്ള 13 വയസ്സുള്ള പെൺകുട്ടിയാണ് സൊംബാരി ബാസ്കെ. ഭാട്ടിൻ മിഡിൽ സ്കൂളിലെ 8-ആം ക്ലാസ് വിദ്യാർത്ഥിനിയായ അവൾക്ക് സ്കൂൾ പഠനം പൂർത്തിയാക്കണമെന്നുണ്ട്. “ എനിക്ക് പഠിക്കണമെന്നുണ്ട് (ഔപചാരികമായ വിദ്യാഭ്യാസം). എന്റെ ഒരേയൊരു സ്വപ്നം അതുമാത്രമാണ്”.
ജാദുഗോര ബ്ലോക്കിലെ ഗ്രാമമാണ് ഝാരിയ. 1,000-ത്തിനുമീതെയാണ് ജനസംഖ്യ. ജാർഖണ്ടിലെ ശരാശരി സാക്ഷരതാ ശതമാനമായ 66-നേക്കാളും താഴെ, 59 ശതമാനമാന് ഇവിടുത്തേത്. പൂർബി സിംഗ്ഭും ജില്ലയിലെ ഝാരിയയിൽ പ്രാഥമിക വിദ്യാലയം മാത്രമേയുള്ളു. അതിനാൽ, വീട്ടിൽനിന്ന് നാല് കിലോമീറ്റർ യാത്ര ചെയ്താണ് സൊംബാരി മിഡിൽ സ്കൂളിലേക്ക് പോവുന്നത്.
സമീപത്തുള്ള ഖാരിയ കൊച്ച എന്ന ഗ്രാമം ഈ ലേഖകൻ സന്ദർശിച്ചപ്പോൾ, ഒരു ദ്വിഭാഷിയുടെ ആവശ്യമുണ്ടായിരുന്നു. സബർ ഭാഷയിൽനിന്ന് ഹിന്ദിയിലേക്ക് മൊഴിമാറ്റാൻ. ചോദിച്ചപ്പോൾ സ്വയം സന്നദ്ധയായി മുന്നോട്ട് വന്നത് സൊംബാരിയായിരുന്നു. ഈസ്റ്റ് സിംഗ്ഭുമിലെ സബർ സമുദായവുമായി സംസാരിക്കാൻ ഈ ലേഖകനെ സഹായിച്ചത് അവളായിരുന്നു. മാതൃഭാഷയായ സന്താളിക്ക് പുറമേ, അവൾക്ക് സബറും, ഹോയും, ഹിന്ദിയും ബംഗ്ലയും അറിയാമായിരുന്നു.
തന്റെ ഗ്രാമമായ ഝരിയയ്ക്കും ഒരു കിലോമീറ്റർ അകലെയുള്ള ഖരിയ കൊച്ചയ്ക്കും ഇടയിൽ ഓടിനടന്ന് ടോർച്ച് ചാർജ്ജ് ചെയ്യുന്നതിനെക്കുറിച്ച് ഹിന്ദിയിൽ സൊംബാരി വിവരിച്ചു.
*****
“സമയത്തിന് ബില്ല് അടയ്ക്കാൻ കഴിയാത്തതിനാൽ ഞങ്ങളുടെ കറന്റ് കട്ട് ചെയ്തു. അവർ (വൈദ്യുത വകുപ്പ്) എന്റെ മുത്തച്ചൻ ഗുരൈ ബാസ്കെയുടെ പേരിൽ 16,745 രൂപയുടെ ബില്ലയച്ചു. ഇത്ര വലിയ തുക ഞങ്ങളെങ്ങിനെ അടയ്ക്കാനാണ്?
“അതുകൊണ്ട് ഞങ്ങളുടെ കണക്ഷൻ മുറിച്ചു”.
“ഞങ്ങളുടെ ഗ്രാമത്തിൽ വൈദ്യുതിയുള്ള വളരെ കുറച്ച് വീടുകളേയുള്ളു. പക്ഷേ ടോർച്ചും മൊബൈലും ചാർജ്ജ് ചെയ്യാൻ അവിടെ ചെല്ലുമ്പോൾ അവർക്ക് ദേഷ്യം വരും. അതുകൊണ്ട് ഞാൻ അടുത്തുള്ള ഖരിയ കൊച്ച എന്ന ഗ്രാമത്തിലേക്ക് പോവും, ടോർച്ച് ചാർജ്ജ് ചെയ്യാൻ. ഏതെങ്കിലും സബർ ആദിവാസികളുടെ വീട്ടിൽ ഫ്ലാഷ് ലൈറ്റ് ചാർജ്ജ് ചെയ്യാൻ വെച്ചിട്ട് ഞാൻ വീട്ടിലേക്ക് പോവും.
എന്റെ ഗ്രാമത്തിൽ വൈദ്യുതിയുള്ള വീടുകൾ വളരെ കുറച്ചേയുള്ളു. ടോർച്ച് ചാർജ്ജ് ചെയ്യാൻ ഞാൻ ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള സമീപഗ്രാമമായ ഖരിയ കൊച്ചയിലേക്ക് പോകാറുണ്ട്. അല്ലെങ്കിൽ എനിക്ക് പഠിക്കാൻ സാധിക്കില്ല
“അതിനുശേഷം ഞാൻ അച്ഛനോ അമ്മാവനോ അങ്ങാടിയിൽനിന്ന് വരുന്നതുവരെ കാത്തിരിക്കും സൈക്കിൾ ഉപയോഗിക്കാൻ. ടോർച്ച് ചാർജ്ജ് ചെയ്യാൻ 3-4 മണിക്കൂറെടുക്കും. സൈക്കിൾ കയ്യിൽ കിട്ടിയാൽ ഞാനതെടുത്ത് പോവും, ടോർച്ച് കൊണ്ടുവരാൻ. എല്ലാ ദിവസവും രാവിലെ അത് ചാർജ്ജ് ചെയ്തില്ലെങ്കിൽ ഞങ്ങൾക്ക് പഠിക്കാനാവില്ല. എന്റെ മൂത്ത ചേച്ചി 10-ആം ക്ലാസ്സിലും ചെറിയ അനിയൻ 3-ആം ക്ലാസ്സിലുമാണ് പഠിക്കുന്നത്.
“ചില ദിവസങ്ങളിൽ ഞങ്ങൾക്ക് ഖരിയ കൊച്ചയിലേക്ക് പോകാൻ പറ്റാറില്ല. അപ്പോൾ ഞങ്ങൾ ഉള്ള ചാർജ്ജ് വെച്ച് ഒപ്പിക്കും. അല്ലെങ്കിൽ മെഴുകുതിരി വാങ്ങും”.
*****
ഭാട്ടിൻ മിഡിൽ സ്കൂളിലെ കുട്ടികൾ ഭാട്ടിനിൽനിന്നും ഝരിയപോലുള്ള സമീപഗ്രാമങ്ങളിൽനിന്നുമുള്ളവരാണ്. 232 കുട്ടികളിൽ മിക്കവരും ഗോത്രവർഗ്ഗക്കാരാണ്. “ഞങ്ങൾ ഉച്ചഭക്ഷണം നൽകുന്നുണ്ട്. മുട്ടയും പഴവർഗ്ഗങ്ങളും വിതരണം ചെയ്യുന്ന ദിവസങ്ങളിലാണ് കൂടുതൽ കുട്ടികൾ എത്താറുള്ളത്”, സോംബാരിയുടെ സ്കൂളിലെ പ്രധാനാദ്ധ്യാപകൻ ദിനേഷ് ചന്ദ്ര ഭഗത് പറയുന്നു.
ജാർഖണ്ട് എഡ്യുക്കേഷൻ പ്രോജക്ട് കൌൺസിലിന്റെ ഭാഗമായി ജാർഖണ്ട് സംസ്ഥാന സർക്കാർ, വിദ്യാർത്ഥികൾക്ക് സൌജന്യമായി യൂണിഫോമുകൾ നൽകുന്നുണ്ട്. ഒന്നാം ക്ലാസ്സുമുതൽ അഞ്ചാം ക്ലാസ്സുവരെയുള്ള ഓരോ കുട്ടിക്കും ഒരു സെറ്റ് സ്കൂൾ യൂണിഫോമും ഷൂസും സോക്സും വാങ്ങാൻ 600 രൂപ നൽകുന്നു. ആറാം ക്ലാസ്സുമുതൽ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക്, തുണി വാങ്ങാൻ 400 രൂപയും, സ്വെറ്ററിന് 22 രൂപയും ഒരു ജോഡി ഷൂസും സോക്സും വാങ്ങാൻ 160 രൂപയും ലഭിക്കുന്നു.
ഈ പദ്ധതിപ്രകാരമുള്ള പണം, ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്‌ഫർ (ഡി.ബി.ടി.) വഴി കുട്ടികളുടെ ബാങ്ക് അക്കൌണ്ടിൽ വരേണ്ടതാണ്. എന്നാൽ, 60% കുട്ടികൾക്ക് മാത്രമേ യൂണിഫോം വാങ്ങാൻ ഒരിക്കലെങ്കിലും ഈ പണം കിട്ടിയിട്ടുള്ളൂ എന്ന് പ്രധാനാദ്ധ്യാപകൻ സൂചിപ്പിക്കുന്നു.
ഇവിടെ ഝാരിയയിൽ, ജനസംഖ്യയിലെ 94.39 ശതമാനമാളുകളും സന്താൾ, മുണ്ട, തണ്ടി, ലോഹാർ സമുദായാംഗങ്ങളാണ്. സന്താളുകളാണ് ഭൂരിപക്ഷം. 94 ശതമാനം. മിക്കവരും ദിവസവേതനക്കാരാണ്. ചിലർക്ക് അല്പം കൃഷിയിടങ്ങളുണ്ട്. അതിൽ അവർ സ്വന്തമാവശ്യത്തിനുള്ള നെല്ല് കൃഷി ചെയ്യുന്നു. മഴയെ ആശ്രയിച്ചുള്ള കൃഷിയാണ് അവർ നടത്തുന്നത്.
“എന്റെ അച്ഛൻ ദിവാറാം ബാസ്കെ ദിവസവേതനത്തൊഴിലാളിയാണ്. ഭൂമിക്കടിയിൽ കേബിളിടുന്ന പണിയാണ് അദ്ദേഹത്തിന് ലഭിക്കാറുള്ളത്. ജോലിക്ക് പോവുന്ന ദിവസം 300-350 രൂപ കിട്ടും. അദ്ദേഹത്തിന്റെ ശമ്പളത്തെ ആശ്രയിച്ചാണ് ഞങ്ങൾ കഴിയുന്നത്. എന്റെ അച്ഛന്റെ അച്ഛന്റെ ഉടമസ്ഥതയിൽ ഏഴ് ബിഗ ഭൂമിയുണ്ട് ഞങ്ങൾക്ക്. പക്ഷേ അത് പാറപ്രദേശമാണ്.
“എന്റെ അമ്മ മാലതി ബാസ്കെയാണ് വീട്ടുകാര്യങ്ങളൊക്കെ നോക്കുന്നത്. വിറകന്വേഷിച്ച് അവർക്ക് ചിലപ്പോൾ കാട്ടിൽ പോകേണ്ടിവരാറുണ്ട്. അമ്മ പോവുമ്പോൾ വീട്ടുകാര്യങ്ങൾ എനിക്ക് നോക്കേണ്ടിവരും. അപ്പോൾ സ്കൂളിൽ പോക്ക് മുടങ്ങും. പ്രഭാതഭക്ഷണം മാത്രം വിളമ്പുന്ന ബബ്ലുച്ചാച്ചയുടെ (അച്ഛന്റെ സഹോദരൻ) കടയിലേക്കുള്ള ഭക്ഷണവും അമ്മയാണ് ഉണ്ടാക്കുന്നത്. ഭക്ഷണം വിറ്റ്, ദിവസത്തിൽ 50-60 രൂപ കിട്ടും. പണിയില്ലാത്ത ദിവസങ്ങളിൽ എന്റെ അച്ഛൻ ബബ്ലുച്ചാച്ചയെ സഹായിക്കും. ഞങ്ങളുടെ സമുദായക്കാരനല്ലെങ്കിലും ചാച്ച ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗംതന്നെയാണ്.
കോവിഡ്-19-ന്റെ കാലത്ത്, സർക്കാർ സ്ഥാപനങ്ങളിൽ പഠിക്കുന്നവരിൽ 87 ശതമാനത്തിനും സ്മാർട്ട്ഫോണുകൾ പ്രാപ്യമായിരുന്നില്ലെന്ന് സ്കൂൾ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഈ റിപ്പോർട്ട് പ്രയുന്നു. Gloom in the classroom: The schooling crisis in Jharkhand . “കോവിഡ് പ്രതിസന്ധിയുടെ കാലത്ത്, സ്കൂൾ വിദ്യാഭ്യാസ സംവിധാനങ്ങൾ, സവിശേഷാവകാശമില്ലാത്തവരും ആദിവാസികളുമായ വിദ്യാർത്ഥികളെ പൂർണ്ണമായും കൈയ്യൊഴിഞ്ഞു, ഓൺലൈൻ വിദ്യാഭ്യാസത്തെ പൂർണ്ണമായി ആശ്രയിക്കുകയായിരുന്നു നമ്മൾ. അത്, ദരിദ്രരായ കുട്ടികളോട് കാണിച്ച് അനീതിയായിരുന്നു”, സാമ്പത്തിക ശാസ്ത്രജ്ഞനായ ജീൻ ഡ്രസെ പാരിയോട് പറയുന്നു.
*****
“ഡിസംബർ മാസം തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു. സ്കൂളിൽനിന്ന് പോവുന്ന ക്രിസ്തുമസ് വിനോദയാത്രയ്ക്ക് പോകാൻ പറ്റുമോ എന്ന ആശങ്കയിലായിരുന്നു ഞാൻ. എന്റെ സുഹൃത്തുക്കളോടൊപ്പം ജാംഷെഡ്പുരിലെ ദിംന അണക്കെട്ട് കാണാൻ പോകണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. 200 രൂപയാണ് കൊടുക്കേണ്ടത്. എന്റെ കുടുബത്തിന് ആ സംഖ്യ താങ്ങാനാവില്ല. അതുകൊണ്ട് ഞാനെന്റെ വീട്ടുകാരോട് പൈസ ചോദിച്ചില്ല. വേറെയൊരാളുടെ പാടത്ത് നെല്ല് വിളവെടുക്കാൻ പോവുന്നതുകൊണ്ട് എനിക്ക് ദിവസത്തിൽ 100 രൂപ കിട്ടും. അങ്ങിനെ ബുദ്ധിമുട്ടി 200 രൂപയുണ്ടാക്കി ഞാൻ പൈസ കൊടുത്തു. സ്കൂളിലെ കൂട്ടുകാരുടെയൊപ്പം വിനോദയാത്രയ്ക്ക് പോയി ഡാം കണ്ടു. ഞങ്ങൾ നന്നായി ആസ്വദിച്ചു.
കോവിഡ് കാലത്ത് ഞങ്ങളുടെ സ്കൂൾ പൂട്ടിയിരുന്നു. കഴിഞ്ഞ വർഷമാണ് തുറന്നത്. ലോക്ക്ഡൌൺ കാലത്ത് എനിക്ക് വേണ്ടവണ്ണം പഠിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് കഴിഞ്ഞ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞു. എന്നാലിത്തവണ ഞാൻ നന്നായി പഠിച്ചു. നല്ല മാർക്ക് കിട്ടിയേ ഞാൻ അടങ്ങൂ.
“ഇത്തവണ പരീക്ഷ കഴിഞ്ഞാൽ കൂടുതൽ പഠിക്കാൻ എനിക്ക് ജാദൂഗോരയിലേക്ക് പോകേണ്ടിവരും. എന്റെ ഗ്രാമത്തിൽനിന്ന് 7-8 കിലോമീറ്റർ ദൂരമുണ്ട് അങ്ങോട്ട്. അവിടെയുള്ള ഹൈസ്കൂളിൽ ചേരണം.
“വലുതാവുമ്പോൾ ഒരു പൊലീസുദ്യോഗസ്ഥയോ വക്കീലോ ആവണമെന്നാണ് എന്റെ ആഗ്രഹം”.
പരിഭാഷ: രാജീവ് ചേലനാട്ട്