ചിത്തംപള്ളി പരമേശ്വരിക്ക് പലപ്പോഴും എങ്ങോട്ടെങ്കിലും ഓടിപ്പോകാൻ തോന്നും. "പക്ഷെ എനിക്ക് എന്റെ മക്കളെ ഉപേക്ഷിക്കാനാകില്ല. അവർക്ക് ഞാൻ മാത്രമേയുള്ളൂ," 30 വയസ്സുകാരിയായ ആ അമ്മ പറയുന്നു.
പരമേശ്വരിയുടെ ഭർത്താവ്, ചിത്തംപള്ളി കമൽ ചന്ദ്ര 2010 നവംബറിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇരുപതുകളിൽ മാത്രം പ്രായമുള്ള ഒരു കർഷകനായിരുന്നു അദ്ദേഹം. "നല്ലവണ്ണം എഴുതാൻ അറിയാത്തത് കൊണ്ടാവണം അദ്ദേഹം ആത്മഹത്യാക്കുറിപ്പ് ഒന്നും എഴുതിവച്ചിരുന്നില്ല," ഒരു പുഞ്ചിരിയോടെ അവർ പറയുന്നു.
അങ്ങനെയാണ് പരമേശ്വരി അവരുടെ മക്കളായ ശേഷാദ്രിക്കും അന്നപൂർണ്ണക്കും ആകെയുള്ള രക്ഷിതാവായി മാറിയത്. സർക്കാർ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ഇരുവരും ഇപ്പോൾ 30 കിലോമീറ്റർ അകലെയുള്ള ഒരു ഹോസ്റ്റലിലാണ് താമസിക്കുന്നത്. "കുട്ടികളെ പിരിഞ്ഞിരിക്കുന്നതിൽ എനിക്ക് ഒരുപാട് വിഷമമുണ്ട്," എന്ന് പറയുമ്പോഴും ആ അമ്മ സ്വയം ആശ്വസിപ്പിക്കുന്നു, "അവർക്ക് സമയത്തിന് ഭക്ഷണം കിട്ടുന്നുണ്ടെന്ന സമാധാനമുണ്ടല്ലോ."
മാസത്തിലൊരിക്കൽ കുട്ടികളെ കാണാൻ പോകുന്ന ദിവസമെത്താൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അവർ. "എന്റെ കയ്യിൽ പണം ഉണ്ടെങ്കിൽ ഞാൻ (കുട്ടികൾക്ക്) 500 (രൂപ) കൊടുക്കും; പണം കുറവാണെങ്കിൽ 200 രൂപയും," അവർ പറയുന്നു.
തെലങ്കാനയിൽ പട്ടിക ജാതിയായി കണക്കാക്കപ്പെടുന്ന മഡിഗ സമുദായക്കാരാണ് ഈ കുടുംബം. ചിൽതംപള്ളി ഗ്രാമത്തിലെ ഒരു ഒറ്റമുറി വീട്ടിലാണ് പരമേശ്വരി താമസിക്കുന്നത്. മേൽക്കൂര ഇടിഞ്ഞു വീഴാറായ ആ വീടിന്റെ സമീപത്തായി ഒരു തുറന്ന ഷെഡും ഉണ്ട്. തെലങ്കാനയിലെ വികാറാബാദ് ജില്ലയിലുള്ള ഈ വീട് പരമേശ്വരിയുടെ ഭർത്താവ്, പരേതനായ കമൽ ചന്ദ്രയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്. വിവാഹശേഷം പരമേശ്വരി ഇവിടേയ്ക്ക് താമസം മാറുകയായിരുന്നു.










