രണ്ട് ദിവസത്തെ കനത്ത മഴ ഉസ്മാനാബാദിലെ കൃഷിയിടങ്ങളിലെ നാല് മാസത്തെ കഠിനാദ്ധ്വാനത്തെയാണ് തകർത്തുകളഞ്ഞത്. ഒക്ടോബറിലെ കറുത്തിരുണ്ട കാർമേഘങ്ങൾ പേമാരിയായി പെയ്തിറങ്ങുകയും മണൽക്കാറ്റ് ആഞ്ഞടിക്കുകയും ചെയ്തപ്പോൾ, വീടുകളുടെ മേൽക്കൂരകൾ പറന്നുപോവുകയും, കന്നുകാലികൾ മുങ്ങിപ്പോവുകയും നാഴികകളോളം പരന്നുകിടക്കുന്ന വിളകൾ ഒഴുകിപ്പോവുകയും ചെയ്തു.
ആ വിളകളിൽ ചിലത്, മഹാരാഷ്ട്രയിലെ ഉസ്മാനാബാദിലെ മഹാലിംഗി ഗ്രാമത്തിലെ കർഷകരായ ശാരദയുടേയും പാണ്ഡുരംഗ് ഗുണ്ഡിന്റെയുമായിരുന്നു. “വിളവെടുത്ത 50 ക്വിന്റൽ സോയാബീൻ ഞങ്ങൾക്ക് നഷ്ടമായി”, 45 വയസ്സുള്ള ശാരദ പറഞ്ഞു. “മുട്ടറ്റം വെള്ളമായിരുന്നു പാടങ്ങളിൽ. അത് എല്ലാം നശിപ്പിച്ചു”.
ഇന്ത്യൻ കാലാവസ്ഥാവകുപ്പിന്റെ കണക്കനുസരിച്ച്, ഉസ്മാനാബാദ് ജില്ലയിൽ ഒക്ടോബർ 2020-ന് 230.4 മില്ലിമീറ്റർ മഴ ലഭിച്ചു. ജില്ലയുടെ മാസ ശരാശരിയേക്കാളും 180 ശതമാനം അധികം.
പാണ്ഡുരംഗിനെയും ശാരദയേയും പോലെയുള്ള കർഷകരാണ് ഏറ്റവും ദുരിതമനുഭവിച്ചത്.
തന്റെ വിളകളെ തരിമ്പും ബാക്കിവെക്കാതെ മഴ കവരുന്നത് നിസ്സഹായനായി നോക്കിനിൽക്കേണ്ടിവന്നു 50 വയസ്സുള്ള പാണ്ഡുരംഗിന്. അപ്പോൾ സോയാബീനിന് കാർഷികച്ചന്തയിൽ ക്വിന്റലിന് 3,880 രൂപയായിരുന്നു കുറഞ്ഞ താങ്ങുവില. മറ്റൊരു രീതിയിൽ പറഞ്ഞാൽ, പാണ്ഡുരംഗിനും ശാരദയ്ക്കും നഷ്ടമായത്, വിപണിയിൽ 194,000 രൂപ വിലവരുന്ന വിളകളാണ്. “മാത്രമല്ല, അതിൽ ഞങ്ങൾ 80,000 രൂപ നിക്ഷേപിക്കുകയും ചെയ്തിരുന്നു” എന്ന് ശാരദ പറയുന്നു. “വിളവിറക്കാൻ നാലുമാസം ചിലവഴിച്ച ഞങ്ങളുടെ അദ്ധ്വാനം പോട്ടെ എന്ന് വെക്കാം. എന്നാലും വിത്തും, വളവും കീടനാശിനിയുമൊക്കെ വാങ്ങാതെ പറ്റില്ലല്ലോ. പെട്ടെന്നായിരുന്നു മഴ. ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല”.











