“സ്കൂളിൽ പോവുന്നതിനുമുൻപ് എനിക്ക് ഈ പണികളൊക്കെ ചെയ്യണം. അല്ലെങ്കിൽ ആരാണ് ചെയ്യുക?”, തള്ളപ്പശുവിന്റെ പാൽ കുടിക്കാനായി പശുക്കുട്ടിയെ കെട്ടഴിച്ചുവിടുമ്പോൾ 15 വയസ്സുള്ള കിരൺ ചോദിക്കുന്നു. രാവിലെ 5 മണിയാണ് സമയം. ഒറ്റമുറി വീട്ടിനകത്ത്, സുഖമില്ലാത്ത അമ്മയും, ഇളയ സഹോദരൻ രവിയും അപ്പോഴും ഉറക്കത്തിലായിരുന്നു. വീട് വൃത്തിയാക്കുന്നതിനുമുൻപ്, പശുക്കിടാവിനെ തിരിച്ച് തൊഴുത്തിൽ കെട്ടണം അവൾക്ക്. അതിനുശേഷം അപ്പൂപ്പൻ വന്ന് പാൽ കറക്കും.

പതിവുപോലെ അന്നും അവൾ അതിരാവിലെ എഴുന്നേറ്റുവെങ്കിലും ജോലി ചെയ്യാനും സ്കൂളിൽ പോകാനും ഇന്നവൾക്ക് വലിയ ഉത്സാഹം തോന്നുന്നില്ല. അവളുടെ ആർത്തവചക്രത്തിന്റെ ആദ്യ ദിവസമാണ് ഇന്ന്. അന്ന് ക്ഷീണം അധികമായിരിക്കും. മഹാവ്യാധിക്കുശേഷം, അവളുടെ വയറുവേദനയും അസഹ്യമായിരിക്കുന്നു. എന്നാലും 6.30-ന് മുമ്പ് വീട്ടുജോലികളെല്ലാം തീർത്തേ പറ്റൂ. “രാവിലത്തെ അസംബ്ലി 7 മണിക്ക് തുടങ്ങും. ഇവിടെനിന്ന് സ്കൂളിലേക്ക് നടന്നെത്താൻ 20-25 മിനിറ്റ് വേണം”, അവൾ പറയുന്നു.

ഉത്തർ പ്രദേശിലെ ചിത്രകൂട ജില്ലയിലെ കാർവി തെഹ്സിലിലെ വീട്ടിൽനിന്ന് 2 കിലോമീറ്റർ അകലെയാണ് 11-ആം ക്ലാസ്സിൽ പഠിക്കുന്ന കിരൺ ദേവിയുടെ സർക്കാർ സ്കൂൾ. സഹോദരൻ രവി,  40 വയസ്സുള്ള അമ്മ പൂനം ദേവി, 67 വയസ്സുള്ള മുത്തച്ഛൻ ഖുശി റാം എന്നിവരാണ് വീട്ടിൽ അവളോടൊപ്പമുള്ളത്. വീടിന്റെ തൊട്ട് പിന്നിലുള്ള 800 ചതുരശ്രയടി സ്ഥലത്ത്, അവളുടെ മുത്തച്ഛൻ, ഗോതമ്പും, വെള്ളക്കടലയും കുറച്ച് പച്ചക്കറികളും മുത്തച്ഛൻ കൃഷി ചെയ്യുന്നുണ്ട്. കൈത്തണ്ടയിലും കാൽമുട്ടിലും കഠിനമായ വേദന അനുഭവിക്കുന്ന അമ്മ പൂനത്തിന് അധികം ജോലിയൊന്നും ചെയ്യാനാവാത്തത്, കിരണിന്റെ ചുമതലകൾ വർദ്ധിപ്പിക്കുന്നു

സാധാരണ ദിവസങ്ങളിൽ പതിവായി ചെയ്യുന്ന വീട്ടുജോലികൾ ഈ ദിവസങ്ങളിൽ കിരണിന് വലിയ ക്ലേശമുണ്ടാക്കുന്നു. “ഈ ചെറിയ ജോലികൾ ചെയ്യുന്നതിൽ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. പക്ഷേ ആർത്തവസമയത്തെ വേദനയും മറ്റും വലിയ പ്രശ്നമാണ്”, അവൾ പറയുന്നു.

Kiran Devi, 15, gets up long before dawn to tend to the calves in the shed
PHOTO • Jigyasa Mishra
Kiran Devi, 15, gets up long before dawn to tend to the calves in the shed
PHOTO • Jigyasa Mishra

ചിത്രം: 15 വയസ്സുള്ള കിരൺ ദേവി അതിരാവിലെ എഴുന്നേറ്റ് പശുക്കുട്ടികളെ പരിപാലിക്കുന്നു

സൌജന്യമായി സാനിറ്ററി പാഡുകൾ കിട്ടാൻ അർഹതയുള്ള ഉത്തർ പ്രദേശിലെ 10 ദശലക്ഷം കുട്ടികളിൽ ഒരാളാണ് കിരൺ ദേവി. എങ്കിലും, കോവിഡ് 19 മഹാവ്യാധിക്കുശേഷം, കിശോരി സുരക്ഷാ യോജന നിർത്തലായത് ഇവരെയെല്ലാം ബാധിക്കുന്നു. കേന്ദ്രസർക്കാരിന്റെ ആർത്തവശുചിത്വ പദ്ധതിപ്രകാരം, ഉത്തർ പ്രദേശിലെ 6-ആം ക്ലാസ്സുമുതൽ 12-ആം ക്ലാസ്സുവരെയുള്ള പെൺകുട്ടികൾക്ക് സൌജന്യമായി പാഡുകൾ നൽകുന്ന യു.പി. സർക്കാർ പദ്ധതിയാണ് കെ.എസ്.വൈ. സംസ്ഥാന പദ്ധതിപ്രകാരം , ഓരോ പെൺകുട്ടിക്കും 10 സാനിറ്ററി നാപ്കിനുകൾ നൽകുന്ന പരിപാടി, 2015-ൽ അന്നത്ത മുഖ്യമന്ത്രി അഖിലേഷ് യാദവാണ് ഉദ്ഘാടനം ചെയ്തത്.

ഈ പദ്ധതിപ്രകാരം, യു.പി.യിലെ എത്ര പെൺകുട്ടികൾക്ക് യഥാർത്ഥത്തിൽ ഈ പാഡുകൾ കിട്ടുന്നുണ്ടെന്നതിന്റെ കണക്ക് കിട്ടുക അസാധ്യമാണ്. എന്നാലും, പത്തിൽ ഒരുഭാഗം എന്ന് കണക്കാക്കിയാൽത്തന്നെ, മഹാവ്യാധി ആരംഭിച്ചതിനുശേഷം, ഒന്നരക്കൊല്ലമായി, ദരിദ്രകുടുംബങ്ങളിൽനിന്നുള്ള 1 ദശലക്ഷം പെൺകുട്ടികൾക്ക് ഇത് പ്രാപ്യമാവുന്നില്ല.

മാത്രമല്ല, പദ്ധതി വിജയകരമായി പുനരാരംഭിച്ചുവെന്ന അവകാശവാദവും സംശയാസ്പദമാണ്. ചില നഗരപ്രദേശങ്ങളിൽ അത് പുന:സ്ഥാപിച്ചുവെങ്കിലും, കിരണിന് ഇപ്പൊഴും ഈ സൌജന്യ പാഡുകൾ കിട്ടുന്നില്ല. മാത്രമല്ല, പണം കൊടുത്ത് ബ്രാൻഡഡ് പാഡുകൾ വാങ്ങാനുള്ള ശേഷിയും അവൾക്കില്ല. അത്തരം ആയിരക്കണക്കിന് കുട്ടികളിൽ ഒരുവളാണ് അവൾ.

വീടും, തൊഴുത്തും, പ്രധാന റോഡിലേക്കെത്തുന്ന ദൂരംവരെയുള്ള മുറ്റവുമെല്ലാം കിരണ അടിച്ചുതളിച്ച് വൃത്തിയാക്കിക്കഴിഞ്ഞു. വീടിന്റെയകത്ത് ഒരു റാക്കിൽ‌വെച്ച് പഴയൊരു ക്ലോക്ക് നോക്കാൻ അവൾ അകത്തേക്ക് ഓടി. “ഓ, 6.10 ആയി”, പരിഭ്രമത്തോടെ അവൾ പറഞ്ഞു. “അമ്മേ, എന്റെ തലമുടി കെട്ടിത്തരണം കേട്ടോ” എന്ന് ഉച്ചത്തിൽ പറഞ്ഞ്, വീടിന്റെ പുറത്ത്, റോഡരികിലായുള്ള പ്ലാസ്റ്റിക്ക് ടാങ്കിന്റെ സമീപത്തേക്ക് കുളിക്കാനായി ഓടിപ്പോയി.

കുളിമുറിയെക്കുറിച്ചുള്ള എന്റെ ചോദ്യത്തിന് ചിരിയായിരുന്നു അവളുടെ മറുപടി. “എന്റെ കുളിമുറി?. കക്കൂസിൽത്തന്നെ ആവശ്യത്തിന് വെള്ളം കിട്ടുന്നില്ല. പിന്നെയാണോ കുളിമുറി? അഴുക്കായ വസ്ത്രങ്ങൾ മാറാൻ മാത്രമാണ് ഞാൻ കക്കൂസ് ഉപയോഗിക്കുന്നത്”, അവൾ പറയുന്നു. കോവിഡ് 190നുശേഷം സ്കൂളിൽനിന്ന് സൌജന്യ പാഡുകൾ കിട്ടാതായതോടെ, തുണിയാണ് ഉപയോഗിക്കുന്നതെന്ന് പറയാൻ അവൾ സങ്കോചിച്ചു. മഹാ‍വ്യാധിക്കുശേഷം രണ്ടുവർഷം കഴിഞ്ഞിട്ടും, യു.പി.യിലെ മിക്ക ജില്ലകളിലേയും സർക്കാർ സ്കൂളുകളിൽ സാനിറ്ററി നാപ്കിൻ വിതരണ പദ്ധതി പുനരാരംഭിക്കാൻ സാധിച്ചിട്ടില്ല.

No matter what, Kiran has to clean the house and cow shed by 6:30 every morning and get to school by 7 a.m.
PHOTO • Jigyasa Mishra
No matter what, Kiran has to clean the house and cow shed by 6:30 every morning and get to school by 7 a.m.
PHOTO • Jigyasa Mishra

എന്തുവന്നാലും ശരി, രാവിലെ 6.30-ന് മുമ്പ് വീടും തൊഴുത്തും വൃത്തിയാക്കിയതിനുശേഷം 7 മണിയോടെ സ്കൂളിലേക്ക് പോകാൻ അവൾക്ക് തയ്യാറാവണം

“ഈയടുത്ത് എന്റെ ഒരു സുഹൃത്ത്, ക്ലാസ്സ് സമയത്ത് ആർത്തവമുണ്ടായപ്പോൾ ടീച്ചറോട് ചോദിച്ചുവെങ്കിലും, സ്റ്റോക്കില്ലെന്നായിരുന്നു മറുപടി. ഞങ്ങളുടെ മറ്റൊരു സുഹൃത്താണ് അവൾക്ക് അത് കൊടുത്തത്”, കിരൺ പറയുന്നു. “മുമ്പൊക്കെ ഞങ്ങൾക്ക് പാഡുകൾ ആവശ്യം വരുമ്പോൾ ടീച്ചറോട് ചോദിക്കും. ലോക്ക് ഡൌൺ വന്ന് സ്കൂളുകൾ അടച്ചത് പിന്നീടാണ്. അതിനുശേഷം സ്കൂളുകൾ തുറന്നുവെങ്കിലും പാഡൊന്നും ഉണ്ടായിരുന്നില്ല. സ്കൂളിൽ ഒട്ടും സ്റ്റോക്കില്ലെന്നാണ് ഞങ്ങളോട് പറഞ്ഞത്”, അവൾ കൂട്ടിച്ചേർത്തു.

കിരണിന് ഈയിടെയായി ആർത്തവം വല്ലാതെ വേദനാജനകമായിരിക്കുന്നു. മഹാവ്യാധി ആരംഭിച്ചതിനുശേഷമുള്ള കഴിഞ്ഞ രണ്ടുവർഷമായി, ആർത്തവത്തിന്റെ ആദ്യദിവസം തൊട്ടേ അവൾക്ക് കഠിനമായ വയറുവേദന ആരംഭിക്കാറുണ്ട്. വീട്ടിലാർക്കും കോവിഡ് 19 ബാധിച്ചില്ലെങ്കിലും, ചിത്രകൂട ജില്ലയെ അത് സാരമായി ബാധിച്ചിരുന്നു. അയൽക്കാർ മിക്കവർക്കും കോവിഡ് ബാധിച്ചു. പലരും, 3 കിലോമീറ്റർ അകലെയുള്ള ജില്ലാ ആശുപ്ത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു.

കോവിഡ് 19-ന്റെ പ്രത്യക്ഷമായ സ്വാധീനം ആർത്തവ ഒഴുക്കിനെ കൂടുതൽ കലശലും വേദനാജനകവുമാക്കാമെങ്കിലും, “മാനസികസംഘർഷവും ഉത്കണ്ഠയും പോഷകദൌർല്ലഭ്യവും ഉറക്കക്കുറവും കായികാദ്ധ്വാനവും പരോക്ഷമായി പുനരുത്പാദന ആരോഗ്യത്തെയും ആർത്തവചക്രത്തെയും ബാധിക്കു”മെന്ന്, യൂണിസെഫിന്റെ ഒരു കുറിപ്പിൽ സൂചിപ്പിക്കുന്നു. “ആർത്തവസംബന്ധമായ അസാധാരണത്വങ്ങൾ മഹാവ്യാധിക്കുശേഷം കൂടുതൽ പ്രകടമായി” എന്ന് ‘ആ‍ർത്തവ ആരോഗ്യത്തിലും ശുചിത്വത്തിലും കോവിഡ്-19 ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെ പരിഹരിക്കൽ’ എന്ന പേരിൽ പുറത്തിറക്കിയ പ്രബന്ധത്തിൽ സൂചിപ്പിക്കുന്നു.

കിരണിന്റെ വീട്ടിൽനിന്ന് 4 കിലോമീറ്റർ അകലെ താമസിക്കുന്ന ഫൂൽ‌വാതിയയ്ക്ക് സ്കൂൾ പൂട്ടിയതിനുശേഷം സാനിറ്ററി പാഡുകൾ കിട്ടുന്നില്ല.. “സ്കൂൾ പൂട്ടിയതിനുശേഷം ഞാൻ വീണ്ടും തുണികൾ ഉപയോഗിക്കാനും ഉപയോഗിച്ചതിനുശേഷം കഴുകിയുണക്കാനും തുടങ്ങി” എന്ന് അവൾ 2020-ൽ പാരിയോട് പറഞ്ഞു . അവൾക്കും ചിത്രകൂടത്തിലെ ആയിരക്കണക്കിന് പെൺകുട്ടികൾക്കും 3-4 മാസത്തോളം സാനിറ്ററി നാപ്കിനുകൾ സംഭാവനയായി കിട്ടിയിരുന്നുവെങ്കിലും രണ്ടുവർഷമായി അവരെല്ലാം വീണ്ടും തുണികൾ ഉപയോഗിക്കാൻ നിർബന്ധിതരായി. “സ്കൂളിൽനിന്ന് പാഡുകൾ കിട്ടാത്തതുകൊണ്ട് ഞാൻ വീണ്ടും തുണികൾ ഉപയോഗിക്കാൻ തുടങ്ങി. ഇപ്പോൾ ആ സംവിധാനം അവസാനിച്ചുവെന്ന് തോന്നുന്നു”, അവൾ പറയുന്നു.

Kiran preparing the cow feed.
PHOTO • Jigyasa Mishra
Her grandfather, Khushiram, milks the cow in the morning. Her mother, Poonam Devi (in the blue saree), suffers from pain in her wrist and knees, which limits her ability to work around the house
PHOTO • Jigyasa Mishra

ഇടത്ത്: കിരൺ കന്നുകാലികൾക്കുള്ള തീറ്റ തയ്യാറാക്കുന്നു. വലത്ത്: അവളുടെ മുത്തച്ഛൻ ഖുശിറാം രാവിലെ പാൽ കറക്കുന്നു. അവളുടെ അമ്മ പൂനം ദേവിക്ക് (നീലസ്സാരി) കൈത്തണ്ടയിലും കാൽമുട്ടിലും സദാസമയവും വേദനയുള്ളതിനാൽ വീട്ടുപണികളൊന്നും അധികം ചെയ്യാനാവുന്നില്ല

എന്നാൽ, സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് സ്ഥിതി ഭേദമാണെന്ന് ലഖ്നൌ ജില്ലയിലെ കകോരി ബ്ലോക്കിലെ സരോസ ഭരോസയിലുള്ള കോമ്പോസിറ്റ് സ്കൂളിലെ അദ്ധ്യാപിക ശ്വേത ശുക്ല പറയുന്നു. “ഞങ്ങളുടെ സ്കൂളിലെ കുട്ടികൾക്ക് എല്ലാ മാസവും കൃത്യമായി പാഡുകൾ കിട്ടുന്നുണ്ട്. ഞങ്ങൾ ഒരു രജിസ്റ്റർ സൂക്ഷിച്ച് കിട്ടുന്ന പാഡുകളെല്ലാം വിതരണം ചെയ്യുന്നു”, അവർ പറയുന്നു. എന്നാൽ യു.പി.യിലെ ഗ്രാമപ്രദേശങ്ങളിലെ സ്ഥിതിയെക്കുറിച്ച് കേൾക്കുമ്പോൾ അവർക്ക് അത്ഭുതമില്ല. “സർക്കാർ സ്കൂളുകളിൽ ഇത്തരം സാഹചര്യമൊക്കെ പതിവാണെങ്കിലും നമുക്ക് ഇതിൽ കാര്യമായി ഒന്നും ചെയ്യാനില്ല. ഞങ്ങളുടെ കുട്ടികളെ സ്വകാര്യ സ്കൂളിൽ ചേർക്കാനോ അവർക്ക് കൂടുതൽ മെച്ചപ്പെട്ട സാഹചര്യം നൽകാനോ ഞങ്ങൾക്ക് കഴിവില്ല”. അവർ സൂചിപ്പിച്ചു.

കിരണിനേയും രവിയേയും ഒരു സ്വകാര്യ സ്കൂളിലേക്കയയ്ക്കുന്നത് പൂനം ദേവിയും ഭർത്താവും എന്നും സ്വപ്നം കണ്ടിരുന്നു. “എന്റെ കുട്ടികൾ പഠിക്കാൻ മിടുക്കരാണ്. കേന്ദ്രീയ വിദ്യാലയ പോലെയുള്ള ഒരു സ്കൂളിൽ എന്റെ കുട്ടികളെ അയയ്ക്കാൻ ഒരു മാർഗ്ഗവുമില്ലേ?” പൂനം ദേവി ചോദിക്കുന്നു. “ഞങ്ങളുടെ കൈയ്യിൽ അധികം പണമൊന്നുമില്ലെങ്കിലും, മക്കളെ നല്ലൊരു സ്കൂളിൽ ചേർക്കണമെന്നും, അവർ പട്ടണത്തിലൊക്കെ പോയി, ജോലി ചെയ്ത് അന്തസ്സായി ജീവിക്കണമെന്നുമൊക്കെ അവരുടെ അച്ഛന് വലിയ മോഹമായിരുന്നു”, അവർ പറഞ്ഞു. എന്നാൽ, 10 വർഷം മുമ്പ്, കിരണ് അഞ്ചുവയസ്സാവുന്നതിന് തൊട്ടുമുമ്പ്, അവരുടെ അച്ഛൻ ജോലിസ്ഥലത്തുവെച്ച് മരിച്ചു. ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. പൂനത്തിന് അസുഖം വന്നതോടെ കാര്യങ്ങൾ കൂടുതൽ പരുങ്ങലിലായി. കുടുംബത്തിൽനിന്ന് അധികം വരുമാനമൊന്നുമില്ല. അതിനാൽ, സ്കൂളിൽനിന്ന് കിട്ടുന്ന ആർത്തവശുചിത്വ സംവിധാനങ്ങൾ ഒരനുഗ്രഹമായിരുന്നു.

എന്നാൽ കിരണിനെപ്പോലെയുള്ള നൂറായിരം പെൺകുട്ടികൾ ആർത്തവസമയത്ത് അനാരോഗ്യകരമായ ശീലങ്ങളിലേക്ക് മടങ്ങാൻ നിർബന്ധിതരാവുകയാണ്. നാഷണൽ ഇൻസ്റ്റിട്യൂറ്റ് ഓഫ് എഡുക്കേഷണൽ പ്ലാനിംഗ് ആൻഡ് അഡ്മിനിസ്ട്രേഷൻ 2016-17-ൽ പുറത്തിറക്കിയ ഇന്ത്യയിലെ സ്കൂൾ വിദ്യാഭ്യാസം എന്ന റിപ്പോർട്ടുപ്രകാരം, യു.പി.യിൽ 6-ആം ക്ലാസ്സുമുതൽ 12-ആം ക്ലാസ്സുവരെ പഠിക്കുന്ന പെൺകുട്ടികളുടെ എണ്ണം, 10.86 ദശലക്ഷമാണ്. ആർത്തവസമയത്ത് എല്ലാ മാസവും ചില ദിവസങ്ങളിൽ സ്കൂൾ പഠനം മുടങ്ങുന്ന പെൺകുട്ടികളെ സഹായിക്കാൻ ഉദ്ദേശിച്ചാണ് സാനിറ്ററി നാപ്കിന്റെ വിതരണപദ്ധതി ആരംഭിച്ചത്. 2015-ൽ, സംസ്ഥാനത്ത് അവരുടെ എണ്ണം 28 ലക്ഷമായിരുന്നു. പദ്ധതി ഇല്ലാതാവുന്നതോടെ യു.പി.യിലെ പെൺകുട്ടികളുടെ ആരോഗ്യവും ശുചിത്വവും എന്തായിത്തീരുമെന്ന് ആർക്കും പ്രവചിക്കാനാവില്ല.

ചിത്രകൂടിലെ ജില്ലാ മജിസ്ട്രേറ്റായ ശുഭ്രാന്ത് കുമാർ ശുക്ല സാഹചര്യത്തെ കാണുന്നത് വളരെ ലളിതമായിട്ടാണ്. “മഹാവ്യാധിക്കുശേഷം വിതരണത്തിൽ ചില പ്രശ്നങ്ങളുണ്ടായിട്ടുണ്ടാവാം. അല്ലെങ്കിൽ പെൺകുട്ടികൾക്ക് സാനിറ്ററി നാപ്കിന്നുകൾ കിട്ടേണ്ടതായിരുന്നു. എളുപ്പമുള്ള ഒരു പരിഹാരം, ആവശ്യമുള്ളവരൊക്കെ ഏറ്റവുമടുത്തുള്ള അങ്കണവാടിയിൽ പോയി, അവിടെനിന്ന് കിട്ടുന്ന സാനിറ്ററി പാഡുകൾ ഉപയോഗിക്കുക എന്നതാണ്. അവിടെനിന്നുള്ള ഫോളിക്ക് ആസിഡും മറ്റ് പോഷകാനുബന്ധങ്ങളും അവർക്ക് വാങ്ങുകയുമാവാം”. എന്നാൽ കിരണിനും കൂട്ടുകാരികൾക്കും ഇതിനെക്കുറിച്ച് അറിയില്ല. ചിത്രകൂടിലെ അങ്കണവാടികളിൽ സാനിറ്ററി നാപ്കിന്നുകൾ വിതരണം ചെയ്യുന്നുണ്ടെങ്കിലും അത് പുതിയ അമ്മമാർക്ക് മാത്രമേ കൊടുക്കാറുള്ളുവെന്ന് സിതാപുർ ബ്ലോക്കിലെ അങ്കണവാടി പ്രവർത്തക സൂചിപ്പിച്ചു.

After finishing all her chores, Kiran gets ready for school.
PHOTO • Jigyasa Mishra
She says bye to the calf before heading to school
PHOTO • Jigyasa Mishra

ഇടത്ത്: എല്ലാ പണികളും പൂർത്തിയാക്കിയതിനുശേഷം കിരൺ സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കുന്നു. വലത്ത്: സ്കൂളിലേക്ക് പോവുന്നതിനുമുൻപ് അവൾ പശുക്കിടാവിനോട് യാത്ര പറയുന്നു

“ജൻ ഔഷധി കേന്ദ്രങ്ങൾ വഴി ഒരു രൂപയ്ക്ക് സാനിറ്ററി പാഡുകൾ വിതരണം ചെയ്യുന്നതുവഴി സർക്കാർ ഒരു മഹത്തായ കാര്യം നിർവ്വഹിക്കുന്നുവെന്നാണ് സ്ത്രീകളുടെ ആരോഗ്യപരിചരണത്തെക്കുറിച്ച് 2020-ലെ സ്വാതന്ത്ര്യദിനത്തിന്റെയന്ന് ചെങ്കോട്ടയിൽ‌വെച്ച് പ്രധാനമന്ത്രി മോദി പറഞ്ഞത് . ചുരുങ്ങിയ കാലത്തിനുള്ളിൽ “5 കോടിയിലേറെ സാനിറ്ററി പാഡുകൾ, 6,000 ജൻ ഔഷധി കേന്ദ്രങ്ങൾ വഴി ഈ പാവപ്പെട്ട സ്ത്രീകൾക്ക് നൽകാൻ കഴിഞ്ഞു”വെന്നും മോദി കൂട്ടിച്ചേർത്തു.

ഈ ജൻ ഔഷധി കേന്ദ്രങ്ങൾ, പ്രധാൻ മന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജനയിലൂടെ, താങ്ങാവുന്ന വിലയ്ക്ക് ജനറിക്ക് മെഡിസിനുകൾ വിതരണം ചെയ്യുന്നു. 2021 ഓഗസ്റ്റിലെ കണക്കനുസരിച്ച്, രാജ്യത്ത്, 8,012 ജൻ ഔഷധികേന്ദ്രങ്ങളിലൂടെ 1,616 മരുന്നുകളും 250 ശസ്ത്രക്രിയോപകരണങ്ങളും വിൽക്കുന്നുതായി കേന്ദ്രസർക്കാരിന്റെ രാസ-രാസവള മന്ത്രാലയം അറിയിച്ചു.

എന്നാൽ, കിരണിന്റെ വീടിന്റെ 5 കിലോമീറ്റർ പരിസരത്തൊന്നും ജൻ ഔഷധി കേന്ദ്രങ്ങളില്ല. സാനിറ്ററി നാപ്കിനുകൾ വാങ്ങാൻ പറ്റുന്ന ഒരേയൊരു മരുന്നുകട വീട്ടിൽനിന്ന് 2 കിലോമീറ്റർ അകലെയാണ്. ഒരു പാക്കറ്റിന് 45 രൂപയാണ് ചുരുങ്ങിയ വില. അതവൾക്ക് താങ്ങാനാവുന്നതല്ല.

സാനിറ്ററി നാപ്കിനുകളുടെ അഭാവത്തിന് പുറമേ, സ്കൂളിൽ, ആർത്തവമുള്ള പെൺകുട്ടികൾക്കായുള്ള സൗകര്യങ്ങളും തീരെ പരിമിതമാണ്. "പാഡ് മാറ്റാൻ  വൈകീട്ട് വീട്ടിലെത്തുന്നതുവരെ കാത്തിരിക്കണം. കാരണം, പാഡ് കളയാനുള്ള ചവറ്റുകുട്ടയൊന്നും സ്കൂളിലില്ല. ചില സമയങ്ങളിൽ, സ്കൂളിലിരിക്കുമ്പോൾ പാഡ് നിറഞ്ഞ് എന്റെ യൂണിഫോമിൽ പരക്കുകയും ചെയ്യും. സ്കൂൾ വിടുന്നതുവരെ എനിക്കൊന്നും ചെയ്യാനാവില്ല". കക്കൂസുകളും വൃത്തിഹീനമാണ്. "ഞായറാഴ്ചകളിലാണ് കക്കൂസ് വൃത്തിയാക്കുക. അതുകൊണ്ട് തിങ്കളാഴ്ച ചെല്ലുമ്പോൾ വൃത്തിയായിരിക്കുന്ന കക്കൂസ്, ദിവസങ്ങൾ കഴിയുന്തോറും വൃത്തികേടായി മാറും", അവൾ പറയുന്നു.

Poonam Devi braids Kiran’s hair before she goes to school in the morning.
PHOTO • Jigyasa Mishra
Kiran and her friend Reena walk to school together
PHOTO • Jigyasa Mishra

ഇടത്ത്: സ്കൂളിലേക്ക് പോകാനൊരുങ്ങുന്ന കിരണിന്റെ തലമുടി കെട്ടിക്കൊടുക്കുന്ന പൂനം ദേവി. വലത്ത്: കിരണും അവളുടെ സുഹൃത്ത് റീനയും സ്കൂളിലേക്ക് നടക്കുന്നു

ലഖ്നൌ നഗരത്തിലെ ചേരികളിൽ താമസിക്കുന്ന സ്ത്രീകൾ നേരിടുന്ന ആർത്തവസംബന്ധമായ വെല്ലുവിളികൾ പലതലങ്ങളിലുള്ളതാണെന്ന് – വ്യക്തിപരവും, സാമൂഹികവും സ്ഥാപനപരവും - ഒരു ആനുകാലിക ലേഖനം വിശദീകരിക്കുന്നു. “വ്യക്തിതലത്തിൽ, ചെറുപ്പക്കാരികളായ സ്ത്രീകൾ ഇതിനെക്കുറിച്ച് ബോധവതികളല്ല. സാമൂഹികതലത്തിൽ, സ്ത്രീകൾ ആർത്തവസംബന്ധിയായ നിരവധി വിലക്കുകൾ നേരിടുന്നു. അതിനെക്കുറിച്ച് ചർച്ച ചെയ്യാനുള്ള അവസരങ്ങൾ അവർക്കില്ലാതെ വരികയും, സഞ്ചരിക്കാനും ജോലി ചെയ്യാനുമുള്ള പരിമിതികൾ നേരിടുകയും ചെയ്യുന്നു. സ്ഥാപനതലത്തിലാകട്ടെ, ഉദാഹരണത്തിന് സ്കൂളുകളിൽ - വൃത്തിയില്ലാത്ത കക്കൂസുകളും, പൊട്ടിപ്പൊളിഞ്ഞ വാതിലുകളും മൂലം, ആർത്തവസമയത്ത് സ്ത്രീകൾക്ക് മതിയായ സൌകര്യങ്ങൾ കിട്ടാതെ പോകുന്നു. ലേഖനം ചൂണ്ടിക്കാട്ടുന്നത് ഇതൊക്കെയാണ്.

കൃത്യമായ വിതരണമല്ല യു.പി. യിലെ സ്കൂളുകളുടെ യഥാർത്ഥ പ്രശ്നമെന്നും മറിച്ച്, തൂപ്പുജോലിക്കാരാണെന്നും വാദിക്കുകയാണ് ലഖിം‌പുർ ഖേരി ജില്ലയിലെ രാജാപുർ ഗ്രാമത്തിലെ പ്രൈമറി സ്കൂൾ പ്രിൻസിപ്പളായ റിതു അവസ്തി. “പെൺകുട്ടികൾക്ക് സാനിറ്ററി നാപ്കിനുകൾ കൊടുക്കുന്നുണ്ട്. കക്കൂസുകളിൽ ഇൻസിനറേറ്ററുകളുമുണ്ട്. എന്നാൽ പ്രശ്നം, തൂപ്പുജോലിക്കാരാണ്. സർക്കാർ നിയമിക്കുന്ന തൂപ്പുജോലിക്കാർ ഗ്രാമമുഖ്യന്റെ കീഴിലാണ് ജോലി ചെയ്യുന്നത്. അവർ ഗ്രാമമുഖ്യന്മാരെ മാത്രമാണ് അനുസരിക്കുക. സ്കൂളുകളിൽ ദിവസേന തൂപ്പുജോലി നടക്കണം. എന്നാൽ ആഴ്ചയിൽ രണ്ടുദിവസം മാത്രമേ ഇപ്പോൾ നടക്കുന്നുള്ളു“, അവർ പറയുന്നു.

ദിവസത്തിലെ സൂര്യന്റെ ആദ്യകിരണങ്ങൾ കിരണിന്റെ വീടിനകത്തേക്ക് കടക്കുമ്പോൾ, ജോലിയെല്ലാം കഴിഞ്ഞ് അവർ പോകാൻ തയ്യാറായിക്കഴിഞ്ഞു. പൂനം, അവളുടെ മുടി രണ്ടായി പിന്നിക്കെട്ടി, നിറമുള്ള റിബ്ബണുകൾകൊണ്ട് അലങ്കരിച്ചുകഴിഞ്ഞു. “കിരൺ, വേഗം വാ, ഞാൻ നിന്നെ കാത്തുനിൽക്കുകയാണ്”, പുറത്തുനിന്ന് റീന സിംഗ് വിളിച്ചുപറയുന്നു. അവൾ കിരണിന്റെ സഹപാഠിയും സ്കൂളിലേക്കുള്ള സഹയാത്രികയുമാണ്. കിരൺ ഓടിച്ചെന്നു. ആ രണ്ട് പെൺകുട്ടികളും ധൃതിപിടിച്ച് സ്കൂളിലേക്ക് നടക്കാൻ തുടങ്ങി.

എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക . ഥാക്കൂർ ഫാമിലി ഫൗണ്ടേഷന്‍റെ സ്വതന്ത്ര പത്രപ്രവർത്തന ഗ്രാന്‍റിലൂടെ പൊതുജനാരോഗ്യത്തെയും പൗരസ്വാതന്ത്ര്യത്തെയും കുറിച്ച് ജിഗ്യാസാ മിശ്ര റിപ്പോർട്ട് ചെയ്യുന്നു . ഈ റിപ്പോർട്ടിന്‍റെ ഉള്ളടക്കത്തിൽ ഥാക്കൂർ ഫാമിലി ഫൗണ്ടേഷൻ ഒരു എഡിറ്റോറിയൽ നിയന്ത്രണവും നടത്തിയിട്ടില്ല.

പരിഭാഷ: രാജീവ് ചേലനാട്ട്

Jigyasa Mishra

ଜିଜ୍ଞାସା ମିଶ୍ର, ଉତ୍ତର ପ୍ରଦେଶ ଚିତ୍ରକୂଟର ଜଣେ ସ୍ଵାଧୀନ ସାମ୍ବାଦିକ । ସେ ମୁଖ୍ୟତଃ ଗ୍ରାମାଞ୍ଚଳ ପ୍ରସଙ୍ଗରେ, ଭାରତର ବିଭିନ୍ନ ଭାଗରେ ପ୍ରଚଳିତ କଳା ଓ ସଂସ୍କୃତି ଉପରେ ରିପୋର୍ଟ ଦିଅନ୍ତି ।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Jigyasa Mishra
Editor : Pratishtha Pandya

ପ୍ରତିଷ୍ଠା ପାଣ୍ଡ୍ୟା ପରୀରେ କାର୍ଯ୍ୟରତ ଜଣେ ବରିଷ୍ଠ ସମ୍ପାଦିକା ଯେଉଁଠି ସେ ପରୀର ସୃଜନଶୀଳ ଲେଖା ବିଭାଗର ନେତୃତ୍ୱ ନେଇଥାନ୍ତି। ସେ ମଧ୍ୟ ପରୀ ଭାଷା ଦଳର ଜଣେ ସଦସ୍ୟ ଏବଂ ଗୁଜରାଟୀ ଭାଷାରେ କାହାଣୀ ଅନୁବାଦ କରିଥାନ୍ତି ଓ ଲେଖିଥାନ୍ତି। ସେ ଜଣେ କବି ଏବଂ ଗୁଜରାଟୀ ଓ ଇଂରାଜୀ ଭାଷାରେ ତାଙ୍କର କବିତା ପ୍ରକାଶ ପାଇଛି।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Pratishtha Pandya
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Rajeeve Chelanat