നിങ്ങൾക്ക് വേണമെങ്കിൽ ഞങ്ങളെ വേരോടെ പിഴുതുമാറ്റുകയോ വെള്ളത്തിൽ മുക്കിക്കൊല്ലുകയോ ചെയ്യാനാവുമെന്ന് ഞാനൊരിടത്ത് എഴുതിയിരുന്നു. പക്ഷേ പിന്നെ, നിങ്ങൾക്കായി വെള്ളമൊന്നും ബാക്കിയുണ്ടാവില്ല. നിങ്ങൾക്ക് ഞങ്ങളുടെ ഭൂമിയോ വെള്ളമോ മോഷ്ടിക്കാനായേക്കും, പക്ഷേ അപ്പോഴും ഞങ്ങൾ നിങ്ങളുടെ ഭാവി തലമുറയ്ക്കുവേണ്ടി പൊരുതുകയും മരിക്കുകയും ചെയ്യും. വെള്ളത്തിനും കാടിനും ഭൂമിക്കും വേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടങ്ങൾ ഞങ്ങളുടേത് മാത്രമല്ല, കാരണം, ഞങ്ങളൊരിക്കലും പ്രകൃതിയിൽനിന്ന് വേറിട്ടവരല്ല. പ്രകൃതിയുമായി ഇഴുകിച്ചേർന്നുകൊണ്ടാണ് ആദിവാസിയുടെ ജീവിതം. അവയിൽനിന്ന് വേറിട്ടവരായി ഞങ്ങൾ ഞങ്ങളെ കാണുന്നില്ല. ദെഹ്‌വാലി ഭിലി ഭാഷയിൽ ഞാൻ എഴുതിയ നിരവധി കവിതകളിൽ, ഞങ്ങളുടെ മൂല്യങ്ങളെ സംരക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ട്.
ഞങ്ങൾ ആദിവാസി സമൂഹങ്ങളുടെ ലോകവീക്ഷണത്തിന് വരാനിരിക്കുന്ന തലമുറകളുടെ അടിത്തറയാകാനുള്ള കെല്പുണ്ട്. ഒരു കൂട്ട സ്വയംഹത്യയ്ക്ക് നിങ്ങൾ തയ്യാറല്ലാത്തപക്ഷം, ആ ജീവിതത്തിലേക്കും ലോകവീക്ഷണത്തിലേക്കും മടങ്ങുക എന്ന ഒരേയൊരു മാർഗ്ഗം മാത്രമേ നിങ്ങളുടെ മുമ്പിലുള്ളു.


