നഗരത്തിലെ നിരവധി കടകൾ അടഞ്ഞു കിടക്കുമ്പോഴും, വിപണികൾ വിജനം ആയിരിക്കുമ്പോഴും, തെരുവുകൾ ശാന്തം ആയിരിക്കുമ്പോഴും അനിത ഘോടാലേക്ക് മാർച്ച് 21 ശനിയാഴ്ച ഒരു സാധാരണ തൊഴിൽദിനം ആയിരുന്നു. കോവിഡ്-19 മൂലം സർക്കാർ ലോക്ക്ഡൗൺ നടപടികൾ ഏർപ്പെടുത്തിയിരുന്നതിനാൽ അന്നേ ദിവസം എല്ലാവരും മുംബൈയിലെ വീട്ടിൽ തങ്ങിയിരുന്നു.
പക്ഷെ ശാന്തമായ തെരുവിലെ കെട്ടിക്കിടന്ന വൃത്തിരഹിതമായ കറുത്ത ജലത്തിൽ നിന്നും ചെളി പോലെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുകയായിരുന്നു അനിത. കുറച്ചു ചെളിവെള്ളം അവരുടെ കാലുകളിലേക്ക് അടിച്ചുകയറി. “ഞങ്ങൾക്ക് എല്ലാദിവസവും അപകടങ്ങൾ നിറഞ്ഞതാണ്. ഇപ്പോഴത്തെ കൊറോണ കൊണ്ടു മാത്രമല്ല, കുറച്ചു തലമുറകളായി ഞങ്ങളുടെ കാര്യം ഇങ്ങനെയാണ്.”
അന്ന് രാവിലെ ഏകദേശം ഒൻപതു മണി ആയിരുന്നു. രണ്ടു മണിക്കൂറുകളായി കിഴക്കൻ മുംബൈയിലെ ചെമ്പൂരിലെ മാഹൂൽ ഗ്രാമത്തിലെ എം-വെസ്റ്റ് വാർഡിലെ തെരുവുകളും കല്ലുപാകിയ നിരത്തുകളും തൂത്തു വൃത്തിയാക്കിക്കൊണ്ട് അവർ ജോലി ചെയ്യുകയായിരുന്നു.
ഇങ്ങനൊരു ഭീഷണമായ അവസ്ഥയിൽ അവരുടെ ആരോഗ്യ സ്ഥിതി എന്തായിരിക്കും? "ഈ മുഖാവരണങ്ങൾ ഞങ്ങൾക്ക് ഇന്നലെയാണ് [മാർച്ച് 20] ലഭിച്ചത്, അതും വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഞങ്ങൾ ആവശ്യപ്പെട്ടപ്പോൾ”, അവർ പറഞ്ഞു. ഒരു മുഖാവരണം അരക്കെട്ടിലെ സാരിക്കുള്ളിൽ തിരുകിക്കൊണ്ട് 35-കാരിയായ അനിത സുരക്ഷയ്ക്കായി ഒരു ആവരണം കഴുത്തിനുചുറ്റും ധരിച്ചു. "ഈ മുഖാവരണങ്ങൾ കട്ടി കുറഞ്ഞതും വീണ്ടും ഉപയോഗിക്കാൻ കഴിയാത്തതുമാണ് [രണ്ടുദിവസം ഉപയോഗിച്ചശേഷം]”, അവർ പറഞ്ഞു. കൈയുറകളില്ല, സുരക്ഷയ്ക്കായി കാലിൽ ധരിക്കാവുന്ന കട്ടികൂടിയ ബൂട്ടുകളും അവരുടെ ജോലികളിൽ ഉപയോഗിക്കുന്നതായി കേട്ടിട്ടില്ല.
അനിത മഹാരാഷ്ട്രയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മാതംഗ് സമുദായത്തിൽ പെടുന്നു. തലമുറകളായി അവരുടെ കുടുംബം ശുചീകരണ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നു. "എന്‍റെ മുത്തച്ഛൻ തുറസ്സായ കുഴികളിൽ നിന്നും മനുഷ്യ മലം തലയിൽ ചുമന്നിരുന്നു [മുംബൈയിൽ]”, അവർ പറഞ്ഞു. "ഏതു തലമുറയോ വർഷമോ ആകട്ടെ, മനുഷ്യരെന്ന നിലയിലുള്ള അവകാശങ്ങൾക്കായി ഞങ്ങളുടെ ആൾക്കാർക്ക് എല്ലായ്പ്പോഴും സമരം ചെയ്യേണ്ടതുണ്ടായിരുന്നു.”
കാര്യങ്ങൾ വഷളാക്കി കൊണ്ട് മാഹൂൽ പ്രദേശം കുറച്ചുവർഷങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നു. അടുത്തുള്ള രാസ വ്യവസായശാലകളിൽ നിന്നുo എണ്ണ ശുദ്ധീകരണ ശാലകളിൽ നിന്നുമുള്ള ഉയർന്ന നിലയിലുള്ള വായുമലിനീകരണം ആണ് ഇതിനു കാരണം.









