ഇന്ത്യൻ രാഷ്ട്രീയത്തിൽ ഡോ. ബി.ആർ. അംബേദ്‌ക്കർ ഉദയം ചെയ്തതിനുശേഷം, ആ പ്രസ്ഥാനത്തെ മഹാരാഷ്ട്രയുടെ മുക്കിലും മൂലയിലും എത്തിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ശാഹിറുകളെന്ന കാവ്യാനുഗായകർ സവിശേഷമായ പങ്ക് വഹിച്ചിട്ടുണ്ട്. അവര്‍ അദ്ദേഹത്തിന്‍റെ ജീവിതവും സന്ദേശവും ദളിത് സമരങ്ങളില്‍ അദ്ദേഹത്തിന്‍റെ പങ്കും എല്ലാവര്‍ക്കും മനസിലാകുന്ന ഭാഷയില്‍ വിശദീകരിച്ചു. അവര്‍ പാടിയ പാട്ടുകള്‍ മാത്രമായിരുന്നു ഗ്രാമങ്ങളിലെ ദളിതരുടെ ഒരേയൊരു സര്‍വ്വകലാശാല. ഇവരിലൂടെയാണ് അടുത്ത തലമുറ ബുദ്ധനെയും അംബേദ്‌ക്കറെയും പരിചയപ്പെട്ടത്.
പ്രകമ്പനം കൊണ്ട എഴുപതുകളിൽ, ബാബാസാഹേബ് അംബേദ്‌ക്കറുടെ ദൗത്യത്തെ പുസ്തകങ്ങളിലൂടെ പരിചയിക്കാൻ ഇടവന്ന ഒരു കൂട്ടം കാവ്യാനുഗായകരിൽ ഉൾപ്പെടുന്ന ആളായിരുന്നു ആത്മാറാം സാൽവേ (1953-1991). മറാത്ത്‌വാഡാ സർവ്വകലാശാലയെ ഡോ. അംബേദ്ക്കറുടെ പേരിൽ പുനർനാമകരണം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് രണ്ട് പതിറ്റാണ്ടുകൾ നീണ്ടുനിന്ന നാമാന്തർ ആന്ദോളനം എന്ന പ്രസ്ഥാനത്തെ രൂപപ്പെടുത്തിയതിൽ അദ്ദേഹത്തിന്‍റെ കവിതകൾക്ക് വലിയ സ്ഥാനമുണ്ടായിരുന്നു. മറാത്ത്‌വാഡാ പ്രദേശത്തെ ജാതിവിരുദ്ധ പോരാട്ടങ്ങളുടെ യുദ്ധഭൂമിയാക്കിയ പ്രസ്ഥാനമായിരുന്നു അത്. യാതൊരു യാത്രാസൗകര്യങ്ങളുമില്ലാതിരുന്ന മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിലൂടെ കാൽനടയായി നടന്ന്, ജാതീയമായ അടിച്ചമർത്തലിനെതിരേ പ്രബുദ്ധതയുടെ വെളിച്ചം വീശാൻ തന്‍റെ ശബ്ദവും വാക്കുകളും കവിതകളും ഒരുപോലെ ആത്മാറാം ഉപയോഗിച്ചു. അദ്ദേഹത്തിന്‍റെ ഗാനങ്ങൾ കേൾക്കാൻ ആയിരങ്ങൾ ഒത്തുകൂടാറുണ്ടായിരുന്നു. “സർവ്വകലാശാലയുടെ പേർ ഔദ്യോഗികമായി മാറ്റുന്ന ദിവസം, അതിന്‍റെ പ്രവേശനകവാടത്തിൽ അംബേദ്‌ക്കറുടെ നാമം ഞാൻ സ്വർണ്ണലിപികളിൽ എഴുതും“, എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.
ജാതീയമായ അടിച്ചമർത്തലുകൾക്കെതിരേയുള്ള പോരാട്ടത്തിൽ മറാത്ത്‌വാഡയിലെ ദളിത് യുവതയെ ഇന്നും പ്രചോദിപ്പിക്കുന്നുണ്ട് ശാഹിർ ആത്മാറാം സാൽവേയുടെ പ്രകമ്പനം കൊള്ളിക്കുന്ന വാക്കുകൾ. തനിക്കാരാണ് ആത്മാറാം എന്ന് “ഒരു ദിവസം മുഴുവനുമിരുന്ന് പറഞ്ഞാലും വിശദീകരിക്കാനാവില്ല” എന്ന് സുമിത് സാൽവേ പറയുന്നു. ബീഡ് ജില്ലയിലെ ഫൂലെ പിംപാൽഗാംവ് ഗ്രാമത്തിലെ 27 വയസ്സുള്ള വിദ്യാർത്ഥിയാണ് സുമിത്. ഡോ. അംബേദ്ക്കറിനും ആത്മാറാം സാൽവേയ്ക്കും അഭിവാദ്യമർപ്പിച്ചുകൊണ്ട് ആത്മാറാമിന്‍റെ ആവേശകരമായ ഒരു ഗാനം പാടുകയാണ് സുമിത്. നടന്നുതേഞ്ഞ പാതകൾ ഉപേക്ഷിക്കാൻ കേൾവിക്കാരെ ആഹ്വാനം ചെയ്യുന്ന ഗാനമാണത്. “പഴകി മുഷിഞ്ഞ കമ്പിളിക്ക് കീഴിൽ എത്രനാൾ നിങ്ങൾ സ്വയം മൂടിപ്പുതച്ചുകിടക്കും?” എന്ന ചോദ്യത്താൽ ശ്രോതാക്കളെ കുലുക്കിയുണർത്തുന്ന ശാഹിർ “ഭരണഘടനയെ നിയമമാക്കിക്കൊണ്ടാണ് നിങ്ങളുടെ രക്ഷകൻ ഭീം അടിമത്തത്തിന്‍റെ ചങ്ങലകൾ പൊട്ടിച്ചത്” എന്ന് നമ്മെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. സുമിത് ആ പാട്ട് പാടുന്നത് കേൾക്കുക
ഭരണഘടനയെ
നിയമമാക്കിക്കൊണ്ടായിരുന്നു
അടിമത്തത്തിന്‍റെ ചങ്ങലകളെ
നിങ്ങളുടെ
രക്ഷകൻ ഭീം തകർത്തെറിഞ്ഞത്
പഴകിമുഷിഞ്ഞ
കമ്പിളി പുതച്ച്
ഇനിയുമെത്രകാലം
നീ കഴിയും?
കീറിപ്പറിഞ്ഞതായിരുന്നു
നിന്‍റെ ജീവിതം
നിന്നെ
ഒരു മനുഷ്യനായി മാറ്റിയെടുത്തത്
ഭീംജിയായിരുന്നു
വിഡ്ഢിയായ
മനുഷ്യാ, എന്നെ കേൾക്കൂ
താടിയും
മുടിയും വളർത്തി
റനോബയെ* അന്ധമായി പിന്തുടരാതിരിക്കൂ
പഴകിമുഷിഞ്ഞ
കമ്പിളി പുതച്ച്
ഇനിയുമെത്രകാലം
നീ കഴിയും?
ചാതുർവർണ്ണ്യത്തിന്‍റെ നാല് നിറങ്ങളുള്ള
കമ്പിളിയായിരുന്നു
അത്
ഭീം
അത് കത്തിച്ച് നിർവ്വീര്യമാക്കി
ബുദ്ധനഗരിയിൽ
കഴിയുമ്പോഴും
മറ്റെങ്ങോ
കഴിയാൻ നീ ആഗ്രഹിക്കുന്നു
എങ്ങിനെയാണ്
സുദിനങ്ങൾ കാണാൻ
ദളിതരുടെ
ചേരികൾക്കാവുക?
പഴകിമുഷിഞ്ഞ
കമ്പിളി പുതച്ച്
ഇനിയുമെത്രകാലം
നീ കഴിയും?
കമ്പിളിയിലെ
പേനുകൾ നിന്‍റെ
അലക്ഷ്യമായ
മുടികളെ ബാധിച്ചുകഴിഞ്ഞു
വീട്ടിലും
മഠത്തിലും നീ റനോബയെ മാത്രം
ആരാധിച്ചുകഴിയുന്നു.
അജ്ഞാനത്തിന്‍റെ മാർഗ്ഗം ഉപേക്ഷിക്കുക
സാൽവയെ ഗുരുവാക്കി പിന്തുടരുക
ആളുകളെ
വഴിതെറ്റിക്കുന്നത്
ഇനിയെങ്കിലും
മതിയാക്കുക
പഴകിമുഷിഞ്ഞ
കമ്പിളി പുതച്ച്
ഇനിയുമെത്രകാലം
നീ കഴിയും?
*റനോബ – ഒരു മൂർത്തി
ഇന്ത്യാ ഫൗണ്ടേഷൻ ഫോർ ദ് ആർട്ട്സിന്‍റെ കീഴിലുള്ള ആർക്കൈവ്സ് ആൻഡ് മ്യൂസിയം പ്രോഗ്രാമും പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയും ചേർന്ന് സംയുക്തമായി നടപ്പാക്കിയ ഒരു പ്രോജക്ടിന്‍റെ സമാഹാരത്തിന്‍റെ ഭാഗമാണ് ‘ജനസ്വാധീനമുള്ള ശാഹിരികൾ, മറാത്ത്‌വാഡയിൽനിന്നുള്ള ആഖ്യാനങ്ങൾ’ എന്ന ഈ വീഡിയോ. ഗേയ്ഥേ ഇന്‍സ്റ്റിറ്റ്യൂട്ട് / മാക്സ് മുള്ളർ ഭവൻ ന്യൂഡല്‍ഹിയുടെ ഭാഗികമായ സഹായത്തോടെയാണ് ഈ പ്രോജക്ട് സാധ്യമായത്.
പരിഭാഷ: രാജീവ് ചേലനാട്ട്