ഇന്ത്യൻ സൈന്യത്തിൽ ചേരാനുള്ള ആഗ്രഹം അച്ഛനെ അറിയിക്കുമ്പോൾ സൂരജ് ജട്ടിക്ക് കൌമാരപ്രായം‌പോലും തികഞ്ഞിരുന്നില്ല. മകനെ പ്രചോദിപ്പിക്കാൻ തനിക്ക് സാധിച്ചതിലുള്ള അഭിമാനത്തോടെ നിറചിരി ചിരിച്ചു, വിരമിച്ച സൈനികോദ്യോഗസ്ഥനായ അച്ഛൻ ശങ്കർ.

“എന്നെ സംബന്ധിച്ചിടത്തൊളം, വീട്ടിലെ അന്തരീക്ഷത്തിൽ, അത് തികച്ചും സ്വാഭാവികമായ തിരഞ്ഞെടുപ്പായിരുന്നു,” മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ പാലുസ് നഗരത്തിലുള്ള ഒരു അക്കാദമിയിൽ പരീശീലനത്തിലേർപ്പെട്ടിരിക്കുന്ന 19 വയസ്സുള്ള സൂരജ് പറയുന്നു. “ഓർമ്മവെച്ച നാൾ മുതൽ മറ്റൊന്നും ഞാൻ ആഗ്രഹിച്ചിരുന്നില്ല.” മകന്റെ തീരുമാനത്തിൽ ശങ്കറിന് സന്തോഷമേ ഉണ്ടായിരുന്നുള്ളു. ഒരച്ഛന് ഇതിൽ‌പ്പരം എന്ത് അംഗീകാരമാണ് ആവശ്യപ്പെടാനാവുക?

പത്തുവർഷങ്ങൾക്കിപ്പുറം, മകന്റെ ആ തിരഞ്ഞെടുപ്പിനെക്കുറിച്ച് ശങ്കറിന് ഒരു ഉറപ്പുമില്ല. അഭിമാനിയും സന്തോഷവാനുമായ ഒരച്ഛനിൽനിന്ന് അല്പം വർഷങ്ങൾക്കുശേഷം അയാൾ ഒരു സംശയാലുവായി മാറി. അതായത്, കൃത്യമായി പറഞ്ഞാൽ, 22 ജൂൺ 14 മുതൽ.

ആ ദിവസമാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പത്രസമ്മേളനം നടത്തി, “അഗ്നിപഥ് പദ്ധതിക്ക് കീഴിൽ, ഇന്ത്യൻ യുവതയ്ക്ക് അഗ്നിവീറുകളായി സൈന്യത്തെ സേവിക്കാൻ കഴിയും” എന്ന് പ്രഖ്യാപിച്ചത്.

പദ്ധതിക്ക് മുമ്പ്, 2015 മുതൽ 2020വരെയുള്ള അഞ്ചുവർഷക്കാലം, സൈന്യത്തിലേക്ക് തിരഞ്ഞെടുത്തിരുന്നത് ശരാശരി 61,000 ആളുകളെയായിരുന്നു. 2020-ൽ മഹാവ്യാധിയുടെ ആഞ്ഞടിച്ചതോടെ ആളെ എടുക്കുന്നത് നിർത്തി.

അഗ്നിപഥ് പദ്ധതി പ്രകാരം, ഇന്ത്യൻ സൈന്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ പോകുന്ന “യുവത്വവും ആരോഗ്യവും വൈവിധ്യവുമുള്ള”വരുടെ എണ്ണം 46,000 ആയി കുറയുകയാണ് ചെയ്യുക. പേർ നൽകാനുള്ള ശാരാശരി പ്രായപരിധി 17.5 മുതൽ 21 വർഷമായി നിജപ്പെടുത്തിയതായി സർക്കാരിന്റെ പത്രക്കുറിപ്പ് സൂചിപ്പിക്കുന്നു.

ജീവിതകാലം മുഴുവൻ നീളുന്ന ഒരു ഉദ്യോഗമെന്നതിന് പകരം, ഇത് വെറും നാലുവർഷത്തേക്ക് മാത്രമുള്ള ഒരു തൊഴിലാണ്. കേവലം 25 ശതമാനം പേർക്ക് മാത്രം സ്ഥിരമായ സൈനികസേവനത്തിന് അവസരം നൽകുന്ന ഒന്ന്.

PHOTO • Parth M.N.
PHOTO • Parth M.N.

ഇടത്ത്: സംഗ്ലിയിലെ പാലൂസ് നഗരത്തിലെ യാഷ് അക്കാദമിയിൽ യുവാക്കളും യുവതികളും പ്രതിരോധസേനയിൽ ചേരുന്നതിനായുള്ള പരിശീലനത്തിൽ. ജീവിതകാലം മുഴുവൻ നീളുന്ന ഒരു ഉദ്യോഗമെന്നതിന് പകരം, ഇത് വെറും നാലുവർഷത്തേക്ക് മാത്രമുള്ള ഒരു തൊഴിലാണ്. കേവലം 25 ശതമാനം പേർക്ക് മാത്രം സ്ഥിരമായ സൈനികസേവനത്തിന് അവസരം നൽകുന്ന ഒന്ന്. വലത്ത്: ‘നാലുവർഷമെന്നത്, ഒരു സൈനികനാവാൻ, തീരെ അപര്യാപ്തമാണ്’ മുൻ‌സൈനികനും കുണ്ടലിലെ സൈനിക് ഫെഡറേഷൻ പ്രസിഡന്റുമായ ശിവരാജ് സൂര്യവംശി (നീലനിറമുള്ള വസ്ത്രത്തിൽ) പറയുന്നു

മുൻ‌സൈനികനും കുണ്ടലിലെ സൈനിക് ഫെഡറേഷൻ പ്രസിഡന്റുമായ ശിവരാജ് സൂര്യവംശിയുടെ അഭിപ്രായത്തിൽ, ഈ പദ്ധതി ദേശതാത്പര്യത്തിന് വിരുദ്ധമാണ്. “നാലുവർഷമെന്നത്, ഒരു സൈനികനാവാൻ, തീരെ അപര്യാപ്തമാണ്,” അദ്ദേഹം പറയുന്നു. “അവരെ കശ്മീരിലോ മറ്റ് സംഘർഷഭരിത പ്രദേശങ്ങളിലോ നിയമിച്ചാൽ, അവരുടെ പരിചയത്തിന്റെ അഭാവം, പരിശീലനം കിട്ടിയ സൈനികരുടെപോലും ജീവന് ഭീഷണിയായേക്കും. ദേശസുരക്ഷയെ അപകടത്തിലാക്കുന്ന പദ്ധതിയാണ്.”

സൈന്യത്തിൽ ചേരുന്നവരെ ബഹുമാനിക്കുകയല്ല പദ്ധതി ചെയ്യുന്നതെന്ന് സൂര്യവംശി പറയുന്നു. അഗ്നിവീറുകൾ ദൌത്യത്തിനിടയിൽ മരിച്ചാൽ, അവർക്ക് രക്തസാക്ഷിയുടെ സ്ഥാനം‌പോലും കിട്ടുകയില്ല,” അദ്ദേഹം പറയുന്നു. “ലജ്ജാകരമാണത്. ഒരു എം.എൽ.എ.യോ (നിയമസഭാ പ്രതിനിധി) എം.പി.യോ (പാർലമെന്റ് അംഗം) ഒരു മാസം പദവിയിലിരുന്നാൽ‌പ്പോലും, മുഴുവൻ കാലയളവിൽ സേവനം ചെയ്യുന്നവർക്ക് കിട്ടുന്ന അതേ ആനുകൂല്യങ്ങൾ അവർക്ക് കിട്ടും. അപ്പോൾ എന്തുകൊണ്ടാണ്പട്ടാളക്കാർക്കെതിരേ ഈ വിവേചനം?”

പ്രഖ്യാപിക്കപ്പെട്ടതിനുശേഷം ഈ വിവാദ പദ്ധതിക്കെതിരേ ഇന്ത്യയിലാകമാനം വ്യാപകമായ പ്രതിഷേധങ്ങൾ ഉടലെടുത്തു. തൊഴിലാർത്ഥികളും, മുൻസൈനികരും ഒരുപോലെ ഇതിനെതിരേ രംഗത്ത് വന്നു.

2024-ലെ പൊതുതിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനുശേഷം, പദ്ധതിയിൽ ചില മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ച് ബി.ജെ.പി. നേതൃത്വത്തിലുള്ള സർക്കാർ ചിന്തിക്കുകയാണെന്ന് വാർത്തകളുണ്ട്. ഹരിയാന, പഞ്ചാബ്, ഉത്തർ പ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഭാരതീയ ജനതാ പാർട്ടിക്ക് വലിയ തിരിച്ചടിയെയാണ് നേരിടേണ്ടിവന്നത്. സൈനിക സേവനത്തിൽ കൂടുതൽ റിക്രൂട്ട്മെന്റുകൾ നടക്കുന്ന സംസ്ഥാനങ്ങളാണ് അവ. രണ്ടുവർഷങ്ങൾക്കിപ്പുറം, പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ - സൈനികസേവനത്തിലേക്ക് കൂടുതൽ റിക്രൂ‍ട്ട്മെന്റുകൾ നടക്കുന്ന മറ്റൊരു മേഖല – പദ്ധതിയെക്കുറിച്ചുള്ള നിരാശ കൂടുതൽ വ്യക്തമാവുന്നുണ്ട്. ഓരോ വീട്ടിൽനിന്നും സൈന്യത്തിലേക്ക് ഒരാളെയെങ്കിലും അയച്ചിട്ടുള്ള എത്രയോ ഗ്രാമങ്ങൾതന്നെയുണ്ട്.

ജട്ടി അത്തരമൊരു കുടുംബത്തിലെ അംഗമാണ്. ബാച്ചിലർ ഓഫ് ആർട്ട്സ് ബിരുദത്തിന്റെ അവസാനവർഷ വിദ്യാർത്ഥിയാണ് അയാൾ. എന്നാൽ അഗ്നിവീറാവാനുള്ള പരിശീലനത്തിനായി അക്കാദമിയിൽ ചേർന്നതുമുതൽ, പഠനം അല്പം പിറകിലായിട്ടുണ്ട്.

PHOTO • Parth M.N.
PHOTO • Parth M.N.

അക്കാദമിയിലെ ശാരീരിക പരിശീലനങ്ങൾ വിവിധതരത്തിലുള്ളതാണ്: സ്പ്രിന്റിംഗ്, പുഷപ്പുകൾ, നിലത്തിഴയൽ, മറ്റൊരാളെ ചുമലിലേറ്റി ഗ്രൌണ്ടിൽ ഒരു ചുറ്റ് ഓടുക തുടങ്ങിയവ

“ശാരീരിക പരിശീലനത്തിനായി രാവിലെയും വൈകീട്ടും മുമ്മൂന്ന് മണിക്കൂറുകൾ ചിലവഴിക്കുന്നുണ്ട് ഞാൻ. ക്ഷീണിച്ചുപോകും. പഠനത്തിൽ ശ്രദ്ധിക്കാനുള്ള ഊർജ്ജം ബാക്കിയുണ്ടാവില്ല. തിരഞ്ഞെടുക്കപ്പെട്ടാൽ, പരീക്ഷയ്ക്ക് മുമ്പ് പോകേണ്ടിവരും എനിക്ക്,” അയാൾ പറയുന്നു.

അക്കാദമിയിലെ ശാരീരിക പരിശീലനങ്ങൾ വിവിധതരത്തിലുള്ളതാണ്: സ്പ്രിന്റിംഗ്, പുഷപ്പുകൾ, നിലത്തിഴയൽ, മറ്റൊരാളെ ചുമലിലേറ്റി ഗ്രൌണ്ടിൽ ഒരു ചുറ്റ് ഓടുക തുടങ്ങിയവ. ഏതാനും മണിക്കൂറുകൾക്കുശേഷം ഇതൊക്കെ ആവർത്തിക്കുകയും വേണം.

ഒരുവർഷം ഇത്തരം അച്ചടക്കത്തോടെ കഴിഞ്ഞ് അഗ്നിവീറായി തിരഞ്ഞെടുക്കപ്പെട്ടാൽ ജട്ടിക്ക് 21,000 രൂപ ശമ്പളമായി ലഭിക്കും. നാലാംവർഷമാവുമ്പോഴേക്കും അത് 28,000 രൂപയായി വർദ്ധിക്കും. തന്റെ ബാച്ചിൽനിന്ന് ജോലി കിട്ടാനിടയുള്ള 25 ശതമാനത്തിൽ അയാൾ ഉൾപ്പെട്ടില്ലെങ്കിൽ, അഗ്നിപഥ് പദ്ധതിയിലെ സേവനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ 11.71 ലക്ഷം രൂപ ബാക്കിയുണ്ടാകും.

അപ്പോഴേക്കും, കൈയ്യിൽ ബിരുദങ്ങളൊന്നുമില്ലാത്ത ഒരു 23 വയസ്സുകാരനായിട്ടുമുണ്ടാകും അയാൾ.

“അതുകൊണ്ടാണ് അച്ഛൻ എന്നെക്കുറിച്ച് കൂടുതൽ ആശങ്കപ്പെടുന്നത്. പകരം, ഒരു പൊലീസുദ്യോഗസ്ഥനാവാൻ ശ്രമിക്കണമെന്നാണ് അദ്ദേഹം എന്നെ ഉപദേശിക്കുന്നത്,” ജട്ടി പറയുന്നു.

ആരംഭിക്കുന്ന വർഷം, അതായത് 2022-ൽ 46,000 അഗ്നിവീറുകൾക്ക് തൊഴിൽ ലഭിക്കുമെന്ന് ഇന്ത്യൻ സർക്കാർ പറയുന്നു. അതിനർത്ഥം, ഇരുപത്തിരണ്ടും ഇരുപത്തഞ്ചും വയസ്സ് കഴിഞ്ഞ അവരിലെ 75 ശതമാനത്തിനും, അഥവാ 34,500 യുവതീയുവാക്കൾക്കും 2026-ൽ ഭാവിയൊന്നുമില്ലാതെ തിരിച്ചുപോകേണ്ടിവരികയും എല്ലാം ആദ്യംതൊട്ട് തുടങ്ങേണ്ടിവരികയും ചെയ്യുമെന്നാണ്.

2026-വരെ 175,000 ആളുകളെയാണ് പരമാവധി തൊഴിലിലെടുക്കാൻ ലക്ഷ്യമിടുന്നത്. അഞ്ചാമത്തെ വർഷം റിക്രൂട്ട്മെന്റ് 90,000 ആയി വർദ്ധിപ്പിക്കാനും പിന്നീട് 125,000 ആക്കുകയുമാണ് ലക്ഷ്യം.

PHOTO • Parth M.N.
PHOTO • Parth M.N.

ഇടത്ത്: പ്രഖ്യാപിക്കപ്പെട്ടതിനുശേഷം അഗ്നിപഥ് പദ്ധതിക്കെതിരേ ഇന്ത്യയിലാകമാനം വ്യാപകമായ പ്രതിഷേധങ്ങൾ ഉടലെടുക്കുകയും. തൊഴിലാർത്ഥികളും, മുൻസൈനികരും ഒരുപോലെ രംഗത്ത് വരികയും ചെയ്തു. വലത്ത്: പാലുസിലെ യാഷ് അക്കാദമി നോക്കിനടത്തുന്ന പ്രകാശ് ഭോരെ വിശ്വസിക്കുന്നത്, ഈ പദ്ധതി ഗ്രാമീണ ഇന്ത്യയിലെ തൊഴിൽ പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ്. കാരണം, ബിരുദം പൂർത്തിയാക്കുന്നതിനുമുന്നേ ജോലിക്ക് പോകാൻ യുവാക്കൾ നിർബന്ധിതരാകുന്ന വിധത്തിലാണ് ഇത് രൂപപ്പെടുത്തിയിട്ടുള്ളത്

സൈനികവേഷം ധരിച്ചിരിക്കുന്ന പുരുഷന്മാർ അധികവും, കർഷകരുടെ മക്കളാണ്. കാർഷികപ്രതിസന്ധിയിൽ‌പ്പെട്ട് വലയുന്നവർ. കടക്കെണിയും, വിളകളുടെ വിലയിടിവും, വായ്പകളുടെ അഭാവവും, കാലാവസ്ഥാവ്യതിയാനത്തിന്റെ രൂക്ഷമായ പ്രഹരവും‌മൂലം ആയിരക്കണക്കിന് കർഷകരാണ് സ്വന്തം ജീവനൊടുക്കിയത്. സ്ഥിരവരുമാനമുള്ള ഒരു ജോലിയിൽ എത്തിച്ചേരുക എന്നതാണ് ഈ കാർഷിക കുടുംബങ്ങളിലെ കുട്ടികളെ സംബന്ധിച്ച് കൂടുതൽ പ്രധാനം.

പാലുസിലെ യാഷ് അക്കാദമി നോക്കിനടത്തുന്ന പ്രകാശ് ഭോരെ വിശ്വസിക്കുന്നത്, ഈ പദ്ധതി ഗ്രാമീണ ഇന്ത്യയിലെ തൊഴിൽ പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ്. കാരണം, ബിരുദം പൂർത്തിയാക്കുന്നതിനുമുന്നേ ജോലിക്ക് പോകാൻ യുവാക്കൾ നിർബന്ധിതരാകുന്ന വിധത്തിലാണ് ഇത് രൂപപ്പെടുത്തിയിട്ടുള്ളത്. “അല്ലെങ്കിൽത്തന്നെ തൊഴിൽ‌കമ്പോളം വലിയ മെച്ചമൊന്നുമല്ല. ബിരുദം കൈയ്യിലില്ലെങ്കിൽ കുട്ടികൾക്ക് അത് കൂടുതൽ ദുരിതമാകും. നാലുവർഷത്തെ സേവനം കഴിഞ്ഞ് വീട്ടിൽ തിരികെയെത്തുമ്പോൾ ഏതെങ്കിലും സൊസൈറ്റിയുടെയോ എ.ടി.എമ്മിന്റേയോ മുമ്പിൽ സുരക്ഷാ കാവൽക്കാരായി നിൽക്കേണ്ടിവരും അവർക്ക്.”

ആരും അവരെ വിവാഹം കഴിക്കാനും താത്പര്യപ്പെടില്ലെന്ന് പ്രകാശ് കൂട്ടിച്ചേർക്കുന്നു. “ഭാവിവരന് സ്ഥിരമായ ജോലിയുണ്ടോ അതോ ‘നാലുവർഷ സൈനിക’നാണോ എന്ന് പെണ്ണിന്റെ വീട്ടുകാർ തുറന്ന് ചോദിക്കും. വെടിക്കോപ്പുകൾ കൈകാര്യം ചെയ്യാൻ പരീശീലനം കിട്ടിയിട്ടും ഒന്നും ചെയ്യാനില്ലാതെ ഇരുന്ന് സഹികെട്ട ചെറുപ്പക്കാരുടെ ഒരു സമൂഹത്തെക്കുറിച്ച് സങ്കൽ‌പ്പിച്ചുനോക്കൂ. എന്തെങ്കിലും കൂടുതൽ പറയാൻ എനിക്ക് താത്പര്യമില്ല. പക്ഷേ ഇതൊരു ഭീതിദമായ ചിത്രമാണ്.”

സൈന്യത്തിൽ ചേരുന്നതിൽനിന്ന് ചെറുപ്പക്കാരെ പിന്തിരിപ്പിക്കാൻ മാത്രമേ ഈ പദ്ധതി ഉപയോഗപ്പെടൂ എന്നാണ്, 17 വർഷം സൈന്യത്തിൽ ചിലവഴിക്കുകയും, 2009 മുതൽ സാംഗ്ലിയിൽ ഒരു പരിശീലന അക്കാദമി നടത്തുകയും ചെയ്യുന്ന മേജർ ഹിമ്മത്ത് ഓഹ്‌വാളിന്റെ അഭിപ്രായം,. “2009 മുതൽ എല്ലാ വർഷവും 1,500-2,000 കുട്ടികളെങ്കിലും ഞങ്ങളുടെ അക്കാദമിയിൽ ചേരാറുണ്ടായിരുന്നു. എന്നാൽ, അഗ്നിവീറിനുശേഷം അവരുടെ എണ്ണം 100 ആയി താഴ്ന്നു. ഭീമമായ കുറവാണത്,” അദ്ദേഹം പറയുന്നു.

ഇത്തരം സാഹചര്യത്തിലും ജട്ടിയെപ്പോലുള്ളവർ ഇതിൽ ചേരാൻ വരുന്നത്, തങ്ങളുടെ ബാച്ചിലെ മുൻപ് സൂചിപ്പിച്ച ആ 25 ശതമാനത്തിൽ‌ തങ്ങൾ പെട്ടാലോ എന്ന ആഗ്രഹചിന്തകൊണ്ടുമാത്രമാണ്. അല്ലെങ്കിൽ വൈകാരികമായ എന്തെങ്കിലുമൊരു കാരണംകൊണ്ട്. റിയ ബെൽ‌ദാറിനെപ്പോലെ.

സാംഗ്ലിയിലെ ചെറുപട്ടണമായ മിരാജിൽ, വല്ലപ്പോഴും മാത്രം കൃഷിപ്പണിയിലേർപ്പെടുന്ന കർഷകദമ്പതികളുടെ മകളാണ് ബെൽദാർ. കുട്ടിക്കാലംതൊട്ട് അവൾക്ക് അവളുടെ അമ്മാവനോട് വളരെ അടുപ്പമായിരുന്നു. “അദ്ദേഹത്തിന് സൈന്യത്തിൽ ചേരണമെന്നായിരുന്നു ആഗ്രഹം. പക്ഷേ പൂർത്തീകരിക്കാൻ കഴിയാത്ത ഒരു സ്വപ്നമായി അത് ബാക്കിയായി. എന്നിലൂടെ അദ്ദേഹത്തിന്റെ ആ സ്വപ്നം പൂവിടണമെന്നാണ് എന്റെ ആഗ്രഹം,” ബെൽദാർ പറയുന്നു.

PHOTO • Parth M.N.
PHOTO • Parth M.N.

സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് പരിഹാസശരങ്ങൾ നേരിടേണ്ടിവരാറുണ്ട്. ‘തിരിച്ചുവന്ന്, പെൺകുട്ടികൾക്കായി ഒരു അക്കാദമി തുടങ്ങണമെന്നാണ് എന്റെ മോഹം,’ റിയ ബെൽദാർ പറയുന്നു. അക്കാദമിയിൽ പരിശീലനം തേടുന്ന അവളുടെ രക്ഷിതാക്കൾ, സാംഗ്ലിയിലെ മിറാജ് എന്ന ചെറിയ പട്ടണത്തിൽ വല്ലപ്പോഴും കൃഷിപ്പണിയിലേർപ്പെട്ട് ജീവിക്കുന്ന കർഷകരാണ്

ഓഹ്‌വാളിന്റെ കീഴിൽ പരിശീലനം നടത്തുന്ന അവൾ, തന്നെക്കുറിച്ചുള്ള അയൽക്കാരുടെ പരിഹാസങ്ങളെ വകവെയ്ക്കുന്നില്ല. അവർ അവളെ കളിയാക്കുകയും പരിഹസിക്കുകയുമൊക്കെ ചെയ്യാറുണ്ടെങ്കിലും. “പക്ഷേ എന്റെ രക്ഷിതാക്കൾ എന്റെ പിന്നിൽ ഉറച്ചുനിൽക്കുന്നതുകൊണ്ട്, ഞാനതൊന്നും കാര്യമാക്കാൻ പോകാറില്ല,” ബെൽദാർ പറയുന്നു.

അഗ്നിപഥ് പദ്ധതി തനിക്ക് അനുയോജ്യമല്ലെന്ന് ആ 19 വയസ്സുകാരി സമ്മതിക്കുന്നു. “ദിവസം മുഴുവൻ വ്യായാമം ചെയ്യുകയും, വിമർശനങ്ങളെ നേരിടുകയും വിദ്യാഭ്യാസം മുടങ്ങുകയും, സൈനികവേഷം ധരിക്കുകയും ചെയ്തിട്ട്, നാലുവർഷത്തിനുള്ളിൽ ഇതെല്ലാം നിങ്ങളിൽനിന്ന് തട്ടിയെടുക്കപ്പെടുകയും ഭാവിയില്ലാതാക്കുകയും ചെയ്യുന്നു. ഇത് ന്യായമല്ല,” അവൾ പറയുന്നു.

എന്നാൽ നാലുവർഷം കഴിഞ്ഞ് ചിലതെല്ലാം ചെയ്യാൻ ബെൽദാർ ലക്ഷ്യംവെച്ചിട്ടുണ്ട്. “തിരിച്ചുവന്ന്, പെൺകുട്ടികൾക്കായി ഒരു അക്കാദമി തുടങ്ങണം. കൃഷിസ്ഥലത്ത് കുറച്ച് കരിമ്പ് കൃഷിചെയ്യുകയും വേണം,” അവൾ പറയുന്നു. “നാലുവർഷത്തിനുശേഷം സ്ഥിരനിയമനം കിട്ടിയില്ലെങ്കിലും, സൈന്യത്തിൽ സേവനം അനുഷ്ഠിച്ചെന്നും അമ്മാവന്റെ സ്വപ്നം സഫലീകരിച്ചുവെന്നും എനിക്ക് അഭിമാനിക്കാമല്ലോ.”

കൂടുതൽ പ്രായോഗികമായ ഒരു സമീപനമാണ് 19 വയസ്സുള്ള ഓം വിഭൂതിയുടേത്. കോൽഹാപ്പുർ നഗരത്തിൽനിന്നുള്ള അവൻ ബെൽദാർ പരിശീലിക്കുന്ന അതേ അക്കാദമിയിൽത്തന്നെയാണ്. അഗ്നിപഥ് പദ്ധതി പ്രഖ്യാപിക്കുന്നതിനും മുൻപ്, രാജ്യസേവനം എന്ന ലക്ഷ്യത്തൊടെ ഒവ്‌ഹാളിന്റെ അക്കാദമിയിൽ ചേർന്നതാണ് അവൻ. എന്നാൽ രണ്ടുവർഷം മുമ്പ് അവൻ മറ്റൊരു വഴിയിലേക്ക് മാറി. “ഒരു പൊലീസുദ്യോഗസ്ഥനാവാനാണ് ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നത്. അതാവുമ്പോൾ 58 വയസ്സുവരെ ജോലിസ്ഥിരതയുണ്ടാവും. പൊലീസ് സേനയിൽ ചേരുന്നതും ദേശതാത്പര്യത്തിനാണല്ലോ. ഒരു സൈനികനാവാനാണ് ആഗ്രഹിച്ചതെങ്കിലും, അഗ്നിപഥ് പദ്ധതി എന്റെ മനസ്സ് മാറ്റി,” അവൻ വ്യക്തമാക്കുന്നു.

നാലുവർഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന കാര്യമാലോചിച്ചപ്പോൾ ആശങ്ക തോന്നി എന്ന് വിഭൂതി പറയുന്നു. “തിരിച്ചുവന്നിട്ട് ഞാൻ എന്തുചെയ്യും?” അയാൾ ചോദിക്കുന്നു. “എനിക്കൊരു മാന്യമായ ജോലി ആരാണ് തരിക? ഭാവിയെക്കുറിച്ച് നമുക്ക് യാഥാർത്ഥ്യബോധമുണ്ടാവണം.” ഉത്സാഹികളായ സൈനികരുടെ ഉള്ളിലുള്ള ദേശബോധത്തെ ഇല്ലാതാക്കുന്നു എന്നതാണ് അഗ്നിപഥിന്റെ ഏറ്റവും വലിയ ദോഷം എന്ന്, മുൻ സൈനികനായ സൂര്യവംശി സൂചിപ്പിക്കുന്നു. “ചില അസുഖകരങ്ങളായ റിപ്പോർട്ടുകൾ ഞാൻ കേട്ടു. 25 ശതമാനത്തിൽ ഉൾപ്പെടില്ലെന്ന് തിരിച്ചറിയുന്ന ചില കുട്ടികൾ തങ്ങളുടെ ആവേശമൊക്കെ മതിയാക്കി മുതിർന്ന ഉദ്യോഗസ്ഥരെ ധിക്കരിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന്. അതിനവരെ ഞാൻ കുറ്റം പറയില്ല. നാലുവർഷം കഴിഞ്ഞ് നിങ്ങളെ കൈയ്യൊഴിയാൻ പോകുന്ന ഒരു തൊഴിലിനുവേണ്ടി നിങ്ങളെന്തിന് നിങ്ങളുടെ ജീവൻ അപകടത്തിലാക്കണം, നിങ്ങളുടെ രക്തവും വിയർപ്പും ഒഴുക്കണം? സൈനികരെ കരാർത്തൊഴിലാളികളാക്കുകയാണ് യഥാർത്ഥത്തിൽ ഈ പദ്ധതി ചെയ്തത്.”

പരിഭാഷ: രാജീവ് ചേലനാട്ട്

Parth M.N.

पार्थ एम एन हे पारीचे २०१७ चे फेलो आहेत. ते अनेक ऑनलाइन वृत्तवाहिन्या व वेबसाइट्ससाठी वार्तांकन करणारे मुक्त पत्रकार आहेत. क्रिकेट आणि प्रवास या दोन्हींची त्यांना आवड आहे.

यांचे इतर लिखाण Parth M.N.
Editor : Priti David

प्रीती डेव्हिड पारीची वार्ताहर व शिक्षण विभागाची संपादक आहे. ग्रामीण भागांचे प्रश्न शाळा आणि महाविद्यालयांच्या वर्गांमध्ये आणि अभ्यासक्रमांमध्ये यावेत यासाठी ती काम करते.

यांचे इतर लिखाण Priti David
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

यांचे इतर लिखाण Rajeeve Chelanat