വെള്ളപ്പൊക്കം മൂലം ആദ്യമായി താമസം മാറ്റേണ്ടിവന്നത് മോഹേശ്വർ സമുവയ്ക്ക് ഇപ്പോഴും ഓർമ്മയുണ്ട്. അഞ്ചുവയസ്സായിരുന്നു അന്നയാൾക്ക്. “ഞങ്ങളുടെ ഒരു വീട് വെള്ളത്തിലൊലിച്ചുപോയി. ഞങ്ങൾ അഭയം തേടി ബോട്ടിൽ രക്ഷപ്പെട്ടു. ദ്വീപിനോടടുത്തുള്ള ഒരു സ്ഥലത്തേക്ക് താമസം മാറ്റി,” ഇപ്പോൾ അറുപതുകളിലെത്തിനിൽക്കുന്ന അദ്ദേഹം പറയുന്നു.
ഇടയ്ക്കിടെയുള്ള പ്രളയവും ഭൂമി നഷ്ടവും, സമുവയെപ്പോലെ, മജൂലിയിലെ – അസമിലെ ഒരു നദീദ്വീപ് - 1.6 ലക്ഷം താമസക്കാരെ ബാധിച്ചിട്ടുണ്ട്. 1956-ൽ 1,245 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന ദ്വീപിന്റെ വലിപ്പം 2017-ൽ 703 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി എന്ന്, ഡിസ്ട്രിക്ട് ഡിസാസ്റ്റർ മാനേജുമെന്റ് അതോറിറ്റിയുടെ ഈ റിപ്പോർട്ട് പറയുന്നു.
“ഇത് ശരിക്കും സൽമോറയല്ല,” സമുവ പറയുന്നു. എന്നിട്ട് കൂട്ടിച്ചേർത്തു, “സമോറയെ 43 വർഷം മുമ്പ് ബ്രഹ്മപുത്ര കൊണ്ടുപോയി.” ബ്രഹ്മപുത്രയും അതിന്റെ കൈവഴിയായ സുബൻസിരിയും ചേർന്ന് സൃഷ്ടിച്ച ന്യൂ സൽമോറയിലാണ് ഭാര്യ, മകൾ, മകന്റെ കുടുംബം എന്നിവരോടൊപ്പം സമുവ കഴിഞ്ഞ 10 വർഷമായി താമസിക്കുന്നത്.
സിമന്റും ചെളിയുമുപയോഗിച്ച് നിർമ്മിച്ച മുഴുവനായി പൂർത്തിയായിട്ടില്ലാത്ത ഒരു വീട്ടിലാണ് അവരുടെ താമസം. വീടിന്റെ പുറംഭാഗത്തുള്ള കക്കൂസിലേക്ക് പോകണമെങ്കിൽ കോണി ഉപയോഗിക്കണം. “എല്ലാ വർഷവും ഞങ്ങൾക്ക് ബ്രഹ്മപുത്രയിൽ ഭൂമി നഷ്ടമായിക്കൊണ്ടിരിക്കുന്നു,” അദ്ദേഹം പറയുന്നു.








