വിശപ്പ് സഹിക്കാൻ വയ്യാതെയാണ് ജലാൽ അലി മുളകൊണ്ടുള്ള മത്സ്യക്കെണികൾ ഉണ്ടാക്കാൻ പഠിച്ചത്.
ദിവസക്കൂലിയ്ക്ക് ജോലി ചെയ്താണ് യൗവ്വനത്തിൽ ജലാൽ ഉപജീവനം കണ്ടെത്തിയിരുന്നത്; എന്നാൽ വർഷക്കാലമാകുന്നതോടെ അത്തരം ജോലികളെല്ലാം നിന്നുപോകും. "മഴക്കാലത്ത് ഏതാനും ദിവസം നെല്ല് നടുന്ന ജോലി ഒഴിച്ച് വേറെ ജോലിയൊന്നും ലഭ്യമായിരുന്നില്ല," അദ്ദേഹം പറയുന്നു.
എന്നാൽ അതേ മഴക്കാലത്തുതന്നെ അദ്ദേഹം താമസിക്കുന്ന, ദറാങ് ജില്ലയിലെ മോസിത-ബാലാബാരി പ്രദേശത്തെ നീർച്ചാലുകളിലും ചതുപ്പുകളിലും മത്സ്യങ്ങൾ പെരുകിയിരുന്നതിനാൽ മുളകൊണ്ടുള്ള മത്സ്യക്കെണികൾക്ക് അക്കാലങ്ങളിൽ ആവശ്യക്കാർ ഒരുപാടുണ്ടായിരുന്നു. "എന്റെ കുടുംബത്തിന്റെ വിശപ്പകറ്റാൻ വേണ്ടിയാണ് ഞാൻ മുളകൊണ്ടുള്ള മത്സ്യക്കെണികൾ ഉണ്ടാക്കാൻ പഠിച്ചത്. വിശപ്പ് സഹിക്കാതെയാകുമ്പോൾ എങ്ങനെ എളുപ്പം ഭക്ഷണം കണ്ടെത്താമെന്നാണ് നമ്മൾ ചിന്തിക്കുക," അന്നത്തെ കാര്യങ്ങൾ ഓർത്തെടുക്കവേ ചിരിച്ചുകൊണ്ട് ആ 60 വയസ്സുകാരൻ പറഞ്ഞു.
ഇന്ന്, സെപ,ബോസ്‌ന, ബായ് എന്നീ കെണികൾ നിർമ്മിക്കുന്നതിൽ വൈദഗ്ധ്യമുള്ള കൈപ്പണിക്കാരനാണ് ജലാൽ; ഈ പ്രദേശത്തെ ജലാശയങ്ങളിൽ കാണപ്പെടുന്ന വൈവിധ്യമാർന്ന മത്സ്യങ്ങളെ പിടിക്കാൻ ഉപയോഗിക്കാവുന്ന, തദ്ദേശീയ മാതൃകയിലുള്ള മുളക്കെണികളാണിവ. അസമിലെ മോസിത-ബാലാബാരി നീർത്തട പ്രദേശത്തുള്ള പുബ്-പോദുഘാട്ട് ഗ്രാമത്തിലെ തന്റെ വീട്ടിലാണ് അദ്ദേഹം ഇവ നിർമ്മിക്കുന്നത്.
"രണ്ടു ദശാബ്ദം മുൻപുപോലും എന്റെ ഗ്രാമത്തിലും സമീപ ഗ്രാമങ്ങളിലുമുള്ള ഏതാണ്ട് എല്ലാ വീടുകളിലുള്ളവരും മുളക്കെണിവെച്ച് മീൻ പിടിക്കുമായിരുന്നു," ജലാൽ പറയുന്നു. " അന്ന് ഒന്നുകിൽ മുളക്കെണികൾകൊണ്ടോ കൈകൊണ്ടുണ്ടാക്കുന്ന ശിബ് സാൽ കൊണ്ടോ മാത്രമേ മത്സ്യബന്ധനം നടത്താൻ കഴിയുമായിരുന്നുള്ളൂ." പ്രാദേശികമായി ടോങ്കി സാൽ എന്നും സെഡ്കി സാൽ എന്നും അറിയപ്പെടുന്ന, നാല് കോണുകളിൽ മുളന്തണ്ടുകളോ നാരുകളോ ബന്ധിച്ചിട്ടുള്ള ചതുരാകൃതിയിലുള്ള വലകളെയാണ് അദ്ദേഹം പരാമർശിക്കുന്നത്
ഈ പ്രദേശത്ത് ഉപയോഗിക്കുന്ന മത്സ്യക്കെണികൾക്ക് അവയുടെ ആകൃതിയ്ക്ക് അനുസൃതമായാണ് പേര് നൽകിയിരിക്കുന്നത്: "നെടുഞ്ചതുരാകൃതിയിലുള്ള ഒരു പെരുമ്പറയുടെ രൂപമാണ് സെപയ്ക്ക്. ബായ്ക്കും നെടുഞ്ചതുരാകൃതിയാണെങ്കിലും അതിന് നീളവും വീതിയും കൂടും. അതേസമയം ദാർക്കി ദീർഘചതുരാകൃതിയിലുള്ള ഒരു പെട്ടിപോലെയാണ്," ജലാൽ വിശദീകരിക്കുന്നു. ദുയേർ, ദിയേർ, ബോയ്‌ഷ്ണോ എന്നീ കെണികൾ ഒഴുകുന്ന വെള്ളത്തിലാണ് സ്ഥാപിക്കാറുള്ളത്; വെള്ളം ഉയർന്നുനിൽക്കുന്ന നെൽവയലുകൾ, ചണപ്പാടങ്ങൾ, ചെറു കനാലുകൾ, ചതുപ്പുകൾ, നീർത്തടങ്ങൾ, നദികൾ സംഗമിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലേക്ക് വെള്ളം ഒഴുകിയെത്തുന്ന നീർച്ചാലുകൾ തുടങ്ങിയവയാണ് ഇവ ഉപയോഗിക്കാൻ അനുയോജ്യമായ പ്രദേശങ്ങൾ.
അസമിൽ കിഴക്ക് സാദിയ മുതൽ പടിഞ്ഞാറ് ദുബ്രി വരെ നീണ്ടുകിടക്കുന്ന ബ്രഹ്മപുത്രാ താഴ്വര, അസംഖ്യം നദികൾ, നീർച്ചാലുകൾ, നീർത്തടങ്ങളെയും നദികളെയും ബന്ധിപ്പിക്കുന്ന അരുവികൾ, നദീതീരത്തോട് ചേർന്നുള്ള തടാകങ്ങൾ, എണ്ണമറ്റ പ്രകൃതിദത്ത കുളങ്ങൾ എന്നിവയാൽ സമ്പന്നമാണ്. ഈ ജലാശയങ്ങളിൽ മത്സ്യബന്ധനം നടത്തിയാണ് പ്രാദേശിക സമുദായങ്ങൾ ഉപജീവനം കണ്ടെത്തുന്നത്. അസമിൽ 3.5 ദശലക്ഷം ആളുകൾ മത്സ്യബന്ധനത്തെ ആശ്രയിച്ച് ജീവിക്കുന്നുണ്ടെന്ന് 2022-ലെ ഹാൻഡ്‌ബുക്ക് ഓൺ ഫിഷറീസ് സ്റ്റാറ്റിസ്റ്റിക്സ് പറയുന്നു.
അതേസമയം, വാണിജ്യാടിസ്ഥാനത്തിലുള്ള മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന മോഷുറി സാൽ (ചെറിയ കണ്ണികളുള്ള വലകൾ) പോലെയുള്ള ഉപകരണങ്ങളും യന്ത്രവത്കൃത ഡ്രാഗ് നെറ്റുകളും ചെലവേറിയതും മത്സ്യസമ്പത്തിന് ഭീഷണി ഉയർത്തുന്നതുമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അവ കുഞ്ഞുമത്സ്യങ്ങളെപ്പോലും കുടുക്കുകയും വെള്ളത്തിൽ പ്ലാസ്റ്റിക്ക് മാലിന്യം കലരുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. എന്നാൽ പ്രാദേശികമായി ലഭ്യമാകുന്ന മുള, ചണം, ചൂരൽ എന്നിവകൊണ്ട് തദ്ദേശീയ മാതൃകയിൽ നിർമ്മിക്കുന്ന മത്സ്യക്കെണികൾ പരിസ്ഥിതി സൗഹൃദവും പ്രാദേശിക ആവാസവ്യവസ്ഥയ്ക്ക് ഇണങ്ങുന്നതുമാണ് - അവ നിശ്ചിത വലിപ്പത്തിലുള്ള മീനുകളെ മാത്രമേ കുടുക്കുകയുള്ളൂ എന്നതിനാൽ മത്സ്യം ഒട്ടുംതന്നെ പാഴായിപ്പോകില്ല.
വാണിജ്യാടിസ്ഥാനത്തിലുള്ള മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വലകൾ അമിതമായ മത്സ്യബന്ധനത്തിന് ഇടയാക്കുകയും മത്സ്യങ്ങളുടെ പ്രജനന ആവാസവ്യവസ്ഥ തകർക്കുകയും ചെയ്യുമെന്ന് ഐ.സി.എ.ആർ - സെൻട്രൽ ഇൻലൻഡ് ഫിഷറീസ് റിസേർച്ച് ഇൻസ്റ്റിട്യൂട്ടിലെ ഒരു വിദഗ്ധൻ കൂട്ടിച്ചേർക്കുന്നു. (പേര് വെളിപ്പെടുത്താൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല)
പ്രളയസമയത്ത് എക്കൽ അടിയുന്നതുമൂലം പ്രകൃതിദത്തമായ ചതുപ്പുനിലങ്ങളുടേയും നീർത്തടങ്ങളുടേയും വ്യാപ്തി കുറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു; അവയിൽ ഉൾക്കൊള്ളാവുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ അവയിൽ കാണപ്പെടുന്ന ഉൾനാടൻ മത്സ്യയിനങ്ങളുടെ ലഭ്യതയും കുറഞ്ഞിരിക്കുന്നു. ഈ വസ്തുത ഏറെ വേദനയോടെ മനസ്സിലാക്കുന്ന ഒരു വ്യക്തിയാണ് മത്സ്യബന്ധന തൊഴിലാളിയായ മുഖ്സദ് അലി: "നേരത്തെയെല്ലാം, എന്റെ വീട്ടിൽനിന്ന് ഏതാണ്ട് നാല് കിലോമീറ്റർ അകലെയുള്ള ബ്രഹ്മപുത്രാ നദിയിലേക്ക് വെള്ളം ഒഴുകുന്നത് കാണാൻ കഴിയുമായിരുന്നു. അന്നേരം ഞാൻ വെള്ളം മൂടിക്കിടക്കുന്ന വയൽവരമ്പുകളിൽ മണ്ണിട്ട് ചെറു നീരൊഴുക്കുകൾ ഉണ്ടാക്കി അവിടെ മത്സ്യക്കെണികൾ വയ്ക്കും." പുതിയ മാതൃകയിലുള്ള വലകൾ വാങ്ങാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതിനാൽ താൻ ബായ്‌കൾവെച്ചാണ് മീൻ പിടിച്ചിരുന്നതെന്ന് അറുപതുകളിലെത്തിയ മുഖ്സദ് പറയുന്നു.
"ആറോ ഏഴോ വർഷം മുൻപുവരെ ഞങ്ങൾക്ക് ധാരാളം മീൻ കിട്ടിയിരുന്നു. എന്നാൽ ഇപ്പോൾ എന്റെ നാല് ബായ്കളിൽനിന്ന് എനിക്ക് കഷ്ടി അരക്കിലോ മീൻ കിട്ടിയാലായി," ദറാങ് ജില്ലയിലെ 4-ആം നമ്പർ ആരിമറി ഗ്രാമത്തിൽ ഭാര്യയോടൊപ്പം താമസിക്കുന്ന മുഖ്സദ് അലി പറയുന്നു.
*****
ബ്രഹ്മപുത്രാ താഴ്‌വരയിൽ 166 സെന്റിമീറ്ററും ബരാക് താഴ്‌വരയിൽ 183 സെന്റിമീറ്ററും ഉൾപ്പെടെ സുലഭമായി മഴ ലഭിക്കുന്ന സംസ്ഥാനമാണ് അസം. ഏപ്രിൽ ഒടുവിലോടെ തുടങ്ങുന്ന കാലവർഷം ഒക്ടോബർ അവസാനം വരെ നീണ്ടുനിൽക്കും. പ്രകൃതിയുടെ ഈ താളത്തിന് അനുസരിച്ചാണ് ജലാൽ തന്റെ ജോലി ക്രമപ്പെടുത്തുന്നത്. "നേരത്തെ ഞാൻ ജോഷ്ഠി മാസിൽ (മേയ് പകുതിയോടെ) കെണികളുണ്ടാക്കാൻ തുടങ്ങുകയും ആളുകൾ ആഷാർ മാസ് (ജൂൺ പകുതിയോടെ) മുതൽ എന്റെ കൈയ്യിൽനിന്ന് ബായ്കൾ വാങ്ങാൻ തുടങ്ങുകയുമായിരുന്നു പതിവ്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി മഴ കുറഞ്ഞതിനാൽ, ആളുകൾ പഴയതുപോലെ കെണികൾ വാങ്ങുന്നില്ല."
വരുംകാലങ്ങളിൽ അസമിൽ താപനില വർദ്ധിക്കുകയും വാർഷിക മഴലഭ്യത കുറയുകയും തീവ്രപ്രളയങ്ങൾ ഉണ്ടാകുകയും ചെയ്യുമെന്ന് 2023-ൽ ലോകബാങ്ക് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം ജലാശയങ്ങളിൽ എക്കൽ അടിയുന്നത് കൂടാൻ ഇടയാക്കും -ഇതുമൂലം വെള്ളത്തിന്റെ അളവ് കുറയുന്നതോടെ അവയിൽ ഉൾക്കൊള്ളാവുന്ന മത്സ്യങ്ങളുടെ എണ്ണവും കുറയും.
1990 മുതൽ 2019 വരെയുള്ള കാലയളവിൽ, സംസ്ഥാനത്ത് അനുഭവപ്പെട്ട ഉയർന്ന താപനിലയുടെയും താഴ്ന്ന താപനിലയുടെയും വാർഷിക ശരാശരി യഥാക്രമം 0.049 ഡിഗ്രി സെൽഷ്യസും 0.013 ഡിഗ്രി സെൽഷ്യസും കൂടിയെന്ന് സർക്കാർ നിയമസഭയിൽ വച്ച രേഖയിൽ പറയുന്നു. ഇതേ കാലയളവിൽ ഒരു ദിവസത്തെ ശരാശരി താപനില 0.037 ഡിഗ്രി സെൽഷ്യസ് കൂടുകയും ഓരോ വർഷവും മഴയുടെ ലഭ്യത 10 മില്ലീമീറ്റർവെച്ച് കുറയുകയും ചെയ്തു.
"മുൻപെല്ലാം, എപ്പോഴാണ് മഴ പെയ്യുകയെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാമായിരുന്നു. പക്ഷെ ഇപ്പോൾ മഴപ്പെയ്ത്തിന്റെ ക്രമം ആകെ മാറിയിട്ടുണ്ട്. ചിലപ്പോൾ കുറഞ്ഞ സമയംകൊണ്ട് അമിതമായി മഴ പെയ്യുകയും മറ്റു ചിലപ്പോൾ മഴ തീരെ പെയ്യാതിരിക്കുകയും ചെയ്യുന്നു," ജലാൽ ചൂണ്ടിക്കാട്ടി. മൂന്നുവർഷം മുൻപ് അദ്ദേഹത്തെപോലെയുള്ള ഒരു കൈപ്പണിക്കാരന് മഴക്കാലത്ത് 20,000 രൂപമുതൽ 30,000 രൂപ വരെ വരുമാനം പ്രതീക്ഷിക്കാമായിരുന്നു.
കഴിഞ്ഞ വർഷം അദ്ദേഹം ഏകദേശം 15 ബായ്കൾ വിറ്റെങ്കിലും ഈ വർഷം ജൂൺ പകുതിമുതൽ ജൂലൈ പകുതിവരെയുള്ള, കാലയളവിൽ 5 ബായ്കൾ മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ; സാധാരണയായി ഈ സമയത്താണ് തദ്ദേശീയ മാതൃകയിൽ മുളയിൽ തീർത്ത ഈ മത്സ്യക്കെണികൾ ആളുകൾ ധാരാളമായി വാങ്ങിയിരുന്നതെന്ന് വിദഗ്ധനായ ഈ കൈപ്പണിക്കാരൻ പറയുന്നു.
ജലാലിനെ കൂടാതെ മറ്റു കൈപ്പണിക്കാർക്കും വരുമാനത്തിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഉദൽഗുരി ജില്ലയിൽ സെപ നിർമ്മിക്കുന്ന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന കൈപ്പണിക്കാരനാണ് 79 വയസ്സുകാരനായ ജോബ്‌ല ഡൈമാരി. "മുൻകാലങ്ങളെ അപേക്ഷിച്ച് പ്ലാവുകളിൽ ചക്ക കുറവാണ്, ചൂട് കൂടിയിട്ടുണ്ട് എന്ന് മാത്രമല്ല ഇതുവരെയും ഇവിടെ മഴ പെയ്തിട്ടില്ല. ഈ വർഷം പ്രവചനാതീതമാണ് എന്നതിനാൽ ഓർഡർ ലഭിക്കാതെ ഞാൻ പണി തുടങ്ങുന്നില്ല," അദ്ദേഹം പറയുന്നു. ഒരു സെപയുടെ അവസാന മിനുക്കുപണികൾ ചെയ്യുന്നതിനിടെയാണ് ഡൈമാരി പാരിയോട് സംസാരിച്ചത്. 2024 മേയിലെ ഉഷ്ണമേറിയ ഒരു ദിവസം അദ്ദേഹത്തിന്റെ വീട്ടിലെത്തിയ ഞങ്ങളോട്, കച്ചവടക്കാർ തന്റെ വീട്ടിൽ വരുന്നത് ഏതാണ്ട് അവസാനിപ്പിച്ചിരിക്കുകയാണെന്നും അതുകൊണ്ട് താൻ ആകെ അഞ്ച് മത്സ്യക്കെണികളേ ഉണ്ടാക്കിയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
അസമിലെ ഏറ്റവും വലിയ ചന്തകളിലൊന്നായ, ബാലുഗാവിലെ ആഴ്ചച്ചന്തയിൽ ദശാബ്ദങ്ങളായി മുളകൊണ്ടുള്ള വസ്തുക്കൾ കച്ചവടം ചെയ്യുന്നയാളാണ് സുർഹാബ് അലി. "ഈ വർഷം ജൂലൈയിലെ ആദ്യത്തെ ആഴ്ച വന്നെത്തിയിട്ടും ഞാൻ ഒരു ബായ് പോലും വിറ്റിട്ടില്ല," അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
തനിക്ക് സ്വായത്തമായിട്ടുള്ള കരവിരുത് പതിയെ അപ്രത്യക്ഷമാകുന്നത് നിസ്സഹായനായി കണ്ടുനിൽക്കുകയാണ് ജലാൽ. "ഈ പ്രക്രിയ പഠിക്കാൻ ആരും എന്റെ അടുക്കൽ വരുന്നില്ല. മീൻ ഇല്ലെങ്കിൽപ്പിന്നെ ഈ കല പഠിച്ചിട്ട് എന്താണ് ഉപയോഗം?" വീടിന്റെ പുറകുവശത്തെ മുറ്റത്ത്, നേരത്തെ പാതിയാക്കിയ ഒരു ദാർക്കിയുടെ പണി പൂർത്തീകരിക്കാനായി ഇരിക്കവേ അദ്ദേഹം ചോദിക്കുന്നു; മുറ്റമെന്ന് പറയുന്നത് വാസ്തവത്തിൽ മോസിത-ബാലാബാരി പ്രദേശത്തെ ഇനിയും പട്ടികപ്പെടുത്തിയിട്ടില്ലാത്ത ഒരു ബീലിലൂടെ നീളുന്ന ഒരു മൺ റോഡാണ്.
*****
"മടുപ്പ് മാറ്റിവച്ച്, അണുവിട ശ്രദ്ധതെറ്റാതെ ഏകാഗ്രതയോടെ ജോലി ചെയ്താൽ മാത്രമേ ഈ കെണികളുണ്ടാക്കാൻ പറ്റുകയുള്ളൂ," തന്റെ ജോലി ആവശ്യപ്പെടുന്ന ജാഗ്രത സൂചിപ്പിച്ച് ജലാൽ പറയുന്നു. "കൂടിപ്പോയാൽ നിങ്ങൾക്ക് ചുറ്റും നടക്കുന്ന സംഭാഷണങ്ങൾ കേൾക്കാം, എന്നാൽ അതിൽ പങ്കെടുക്കണമെങ്കിൽ ബായിൽ കെട്ടുകളിടുന്ന ജോലി നിർത്തിവെക്കേണ്ടി വരും." തുടർച്ചയായി ജോലി ചെയ്യുകയാണെങ്കിൽ ജലാൽ രണ്ടുദിവസംകൊണ്ട് ഒരു കെണിയുടെ പണി പൂർത്തിയാക്കും. "പക്ഷെ ഞാൻ ഇടയ്ക്കിടെ ഇടവേള എടുത്താണ് ജോലി ചെയ്യുന്നതെങ്കിൽ, പണി തീരാൻ നാലഞ്ച് ദിവസംവരെ എടുക്കും," അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
മത്സ്യക്കെണികളുണ്ടാക്കാനുള്ള ആദ്യപടി മുള തിരഞ്ഞെടുക്കുകയാണ്. പ്രാദേശികമായി ലഭ്യമായിട്ടുള്ള, നീളമേറിയ പർവ്വങ്ങളുള്ള മുളകളാണ് സാധാരണയായി കൈപ്പണിക്കാർ മത്സ്യക്കെണികൾ ഉണ്ടാക്കാൻ ഉപയോഗിക്കുക. ബായ്, സെപ എന്നീ രണ്ടു കെണികൾക്കും മൂന്ന്, മൂന്നരയടി നീളമുണ്ടാകും. തൊല്ല ബാസ് അല്ലെങ്കിൽ ജാതി ബാ എന്നീയിനം മുളകൾക്ക് വഴക്കം കൂടുതലായതിനാൽ അവയാണ് കെണികൾ തീർക്കാൻ തിരഞ്ഞെടുക്കുന്നത്.
"കെണി ഉണ്ടാക്കാൻ മൂന്നോ നാലോ വർഷം പ്രായമുള്ള, പൂർണ്ണവളർച്ചയെത്തിയ മുള ഉപയോഗിക്കേണ്ടത് പ്രധാനമാണ്; ഇല്ലെങ്കിൽ അവ അധികകാലം ഈടുനിൽക്കില്ല. കോണുകളുടെ നീളം 18 മുതൽ 27 ഇഞ്ച് വരെയാകുന്നതാണ് അഭികാമ്യം. മുള വാങ്ങുമ്പോൾ ഈ അളവ് ഞാൻ എന്റെ കന്നുകൊണ്ട് കൃത്യമായി തിട്ടപ്പെടുത്തണം,' അദ്ദേഹം പറയുന്നു. "അതിനുശേഷം ഞാൻ മുളയുടെ കോണുകൾക്കിടയിലെ ഭാഗത്തുവെച്ച് മുറിച്ച് അതിനെ ചെറുകഷ്ണങ്ങളാക്കും," നേരിയ മുളന്തണ്ടുകൾ കൈകൊണ്ട് അളന്ന് ജലാൽ കൂട്ടിച്ചേർക്കുന്നു.
മുള കഷ്ണങ്ങളാക്കി കഴിഞ്ഞാൽ, അടുത്ത ഘട്ടം അവയെ കെണിയുടെ വശങ്ങളാക്കി നെയ്യാൻ പാകത്തിൽ, ചതുരാകൃതിയിലുള്ള നേർത്ത പാളികൾ ഉണ്ടാക്കുകയാണ്. "നേരത്തെ ഞാൻ ചണനാരുകൾകൊണ്ടാണ് കാഠി (മുളയുടെ നേർത്ത പാളികൾ) നെയ്തിരുന്നത്; എന്നാൽ ഇപ്പോൾ ഞങ്ങളുടെ പ്രദേശത്ത് ചണം കൃഷി ചെയ്യാത്തതിനാൽ ഞാൻ പ്ലാസ്റ്റിക് കയറുകളാണ് ഉപയോഗിക്കുന്നത്."
കെണികൾ ഉണ്ടാക്കുന്നതിനായി 18 ഇഞ്ചോ 27 ഇഞ്ചോ പൊക്കമുള്ള, ചതുരാകൃതിയിലുള്ള 480 പാളികൾ ജലാൽ ഉണ്ടാക്കണം. "ഇത് ഏറെ കഠിനമായ ജോലിയാണ്,' അദ്ദേഹം പറയുന്നു. "കാഠികൾ ഒരേ ആകൃതിയും വലിപ്പവും മിനുസവുമുള്ളവയായില്ലെങ്കിൽ, കെണിയുടെ നെയ്‌തെടുക്കുന്ന വശങ്ങൾ സന്തുലിതമാകില്ല." അരദിവസമെടുക്കും അദ്ദേഹം ഈ ജോലി പൂർത്തിയാക്കാൻ.
കെണികളിൽ മീൻ കയറി കുടുങ്ങാൻ സഹായിക്കുന്ന വാൽവുകൾ ഉണ്ടാക്കുന്നതാണ് നിർമ്മാണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം. "80 രൂപയോളം വിലവരുന്ന ഒരു മുളയിൽനിന്ന് എനിക്ക് നാല് ബായ്കൾ ഉണ്ടാക്കാനാകും; പിന്നെ പ്ലാസ്റ്റിക്ക് കയർ വാങ്ങാൻ 30 രൂപ ചെലവാകും," ഒരു ദാർക്കി ഉണ്ടാക്കുന്നതിനിടെ അതിന്റെ മുകളറ്റങ്ങൾ യോജിപ്പിച്ചുവെക്കാനായി ഉപയോഗിക്കുന്ന അലുമിനിയം വയർ കടിച്ചുപിടിച്ചുകൊണ്ട് ജലാൽ പറഞ്ഞു.
നാല് ദിവസത്തോളം നീളുന്ന കഠിനാധ്വാനത്തിലൂടെയാണ് മുളയുടെ പാളികൾ മെടയുകയും കെട്ടുകയും ചെയ്യുന്ന പണി പൂർത്തിയാക്കുന്നത്. "കയറിൽനിന്ന് ഒന്ന് കണ്ണെടുത്താൽപ്പോലും മുള വഴുതിപ്പോകും. ഒരു മുളന്തണ്ട് നെയ്യാൻ വിട്ടുപോയാൽ രണ്ട് പാളികളും ഒരു കെട്ടിൽ കുടുങ്ങുകയും പിന്നെ അവിടെവരെ നെയ്ത്ത് അഴിച്ചുമാറ്റി വീണ്ടും ചെയ്യേണ്ടിയും വരും," അദ്ദേഹം വിശദീകരിക്കുന്നു. "മുളയുടെ ബലത്തേക്കാൾ അവ ലോലമായി നെയ്യുകയും കൃത്യസ്ഥലങ്ങളിൽ കെട്ടിടുകയും ചെയ്യുന്നതാണ് പ്രധാനം. അണുവിട ശ്രദ്ധതെറ്റാതെ ഈ ജോലി ചെയ്യുമ്പോൾ നമ്മൾ അടിമുടി വിയർത്തുകുളിക്കും."
മഴ കുറയുകയും മത്സ്യസമ്പത്ത് ക്ഷയിക്കുകയും ചെയ്യുന്ന നിലവിലെ സാഹചര്യത്തിൽ, തന്റെ കരവിരുതിന്റെ ഭാവിയോർത്ത് ജലാൽ ആശങ്കാകുലനാണ്."ഇത്രയും ക്ഷമയും കഠിനാധ്വാനവും ആവശ്യമായ നൈപുണ്യം നിരീക്ഷിക്കാനും പഠിക്കാനും ആർക്കാണ് താത്പര്യമുണ്ടാകുക?" അദ്ദേഹം ചോദിക്കുന്നു.
മൃണാളിനി മുഖർജി ഫൗണ്ടേഷന്റെ ഫെല്ലോഷിപ്പ് ഉപയോഗിച്ചാണ് ഈ ലേഖനം പൂർത്തിയാക്കിയിരിക്കുന്നത്.
പരിഭാഷ: പ്രതിഭ ആര്‍. കെ .