തേഞ്ഞുപോയ ചെരുപ്പുകളെപ്പോലും തൊഴിലാളികൾ നിധിപോലെ സൂക്ഷിക്കുന്നു. ചുമട്ടുകാരുടെ ചെരിപ്പുകളുടെ ഉൾഭാഗം കുഴിയുകയും ചളുങ്ങുകയും ചെയ്തിട്ടുണ്ടാവും. മരംവെട്ടുകാരുടെ ചെരിപ്പുകളിൽ നിറയെ മുള്ളുകൾ കാണാം. വിട്ടുപോകാതിരിക്കാൻ സേഫ്റ്റിപിന്നുകൾ കുത്തിവെച്ചവയായിരുന്നു പലപ്പോഴും എന്റെ ചെരിപ്പുകൾ.
ഇന്ത്യയിലുടനീളമുള്ള എന്റെ യാത്രയിൽ, ഞാൻ ചെരിപ്പുകളുടെ ചിത്രങ്ങൾ എമ്പാടും പകർത്തിയിട്ടുണ്ട്. അവയുടെ ആഖ്യാനങ്ങൾ കേൾക്കുകയായിരുന്നു എന്റെ ചിത്രങ്ങൾ. ആ ചെരിപ്പുകളുടെ കഥകളിലൂടെ, എന്റെ സ്വന്തം യാത്രകളും ഇതളഴിയുകയാണ്.
തൊഴിൽസംബന്ധമായി ഈയടുത്ത്, ജയ്പുർ, ഒഡിഷ എന്നിവിടങ്ങളിലേക്ക് പോയപ്പോൾ, ബരാബങ്കിയി, പുരാണമന്തിര തുടങ്ങിയ ചില ഗ്രാമങ്ങളിലെ സ്കൂളുകൾ സന്ദർശിക്കാൻ എനിക്കവസരം ലഭിച്ചു. ആദിവാസി സമൂഹങ്ങൾ ഒത്തുചേരുന്ന അവിടുത്തെ മുറിക്ക് മുമ്പിൽ ചെരിപ്പുകൾ വൃത്തിയായി അടുക്കിവെച്ചിരിക്കുന്നത് കണ്ട് ഞാൻ അതിശയിച്ചു.
ആദ്യമൊന്നും ഞാനതത്ര ശ്രദ്ധിച്ചില്ലെങ്കിലും യാത്ര തുടങ്ങി മൂന്ന് ദീവസങ്ങൾ കഴിഞ്ഞപ്പോൾ ആ പഴകിത്തേഞ്ഞ, തുളകൾ വീണ ആ ചെരിപ്പുകൾ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി.
























