“ഞാനും എന്റെ അമ്മയും ഇന്നലെ രാത്രികൂടി അതിനെച്ചൊല്ലി വഴക്കടിച്ചു,” 21 വയസ്സുള്ള ആശ ബാസ്സി പറഞ്ഞു. “വിദ്യാഭ്യാസം അവസാനിപ്പിച്ച് വിവാഹം കഴിക്കാൻ കഴിഞ്ഞ മൂന്ന് കൊല്ലമായി എന്റെ അച്ഛനമ്മമാർ എന്നെ നിർബന്ധിച്ചുകൊണ്ടിരിക്കുകയാണ്,” 21 വയസ്സുള്ള അവർ പറഞ്ഞു.
യവത്‌മാൽ പട്ടണത്തിലെ സാവിത്രി ജ്യോതിറാവു സമാജ്കാരിയ മഹാവിദ്യാലയത്തിൽ, സോഷ്യൽ വർക്കിൽ അവസാനവർഷ ബിരുദ വിദ്യാർത്ഥിനിയാണ് ആശ. കുടുംബത്തിൽ ഔപചാരിക വിദ്യാഭ്യാസം ലഭിച്ച ആദ്യത്തെയാളാണ് അവൾ. “നേരത്തേ വിവാഹം ചെയ്യുന്ന പെൺകുട്ടികളെ എല്ലാവരും പ്രശംസിക്കും. എന്നാൽ, എനിക്ക് പഠിക്കണം. അങ്ങിനെ മാത്രമേ എനിക്ക് സ്വതന്ത്ര്യയാകാൻ കഴിയൂ”, അവൾ കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിലെ യവത്‌മാൽ ജില്ലയിലെ ജെവലി ഗ്രാമത്തിൽനിന്നുള്ള മതുര ലഭാൻ സമുദായക്കാരിയാണ് ആശ. സംസ്ഥാനത്ത്, വിമുക്തജാതി (ഡീനോട്ടിഫൈഡ്) ഗോത്രക്കാരായി പട്ടികപ്പെടുത്തപ്പെട്ടവരാണ് ആ സമുദായക്കാർ. ജെവാലിയിലെ സ്വന്തം സ്ഥലത്ത് സോയ, പരുത്തി, ഗോതമ്പ്, ചെറുധാന്യങ്ങൾ എന്നിവ കൃഷി ചെയ്യുന്നവരാണ് അവളുടെ മാതാപിതാക്കൾ.
മൂന്ന് പെൺകുട്ടികളും ഒരു ആൺകുട്ടിയുമടങ്ങുന്ന ആ കുടുംബം കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. മൂത്ത മകളായ ആശ, അമ്മാവന്റേയും അമ്മായിയുടേയും കൂടെ യവത്‌മാൽ പട്ടണത്തിൽ താമസിച്ചാണ് ബിരുദത്തിന് പഠിക്കുന്നത്.
നാട്ടിലെ ചില അദ്ധ്യാപകരുടെ പ്രേരണയാൽ, മാതാപിതാക്കൾ അവളെ 7-ആമത്തെ വയസ്സിൽ വീട്ടിനടുത്തുള്ള ജില്ലാ പരിഷദ് (ഇസഡ്.പി) സ്കൂളിൽ ചേർത്തു. 3-ആം ക്ലാസ്സുവരെ അവിടെ പഠിച്ച അവൾ പിന്നീട്, ജെവലിയിൽനിന്ന് 112 കിലോമീറ്റർ അകലെയുള്ള യവത്‌മാലിലേക്ക് മാറി. അവിടെ മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡിന്റെ കീഴിലുള്ള ഒരു സ്കൂളിൽ ചേർന്ന്, പിന്നീട് സമീപത്തുള്ള ഒരു കൊളേജിൽ ചേരുകയായിരുന്നു.








