മലിനജലത്താൽ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ പുലർത്തുന്ന അലംഭാവത്തിനെതിരേ പ്രതിഷേധിക്കാൻ 2024 ആഗസ്റ്റ് 24-നു ലുധിയാനയിൽ ഒരു സമരം സംഘടിപ്പിക്കപ്പെട്ടു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളുടെ വിവിധഭാഗങ്ങളിൽനിന്നുള്ള നൂറുകണക്കിന് ആളുകളാണ് ഈ സമരപരിപാടിയിൽ പങ്കെടുത്തത്. 'കാലെ പാനി ദാ മോർച്ച' (ജലമലിനീകരണത്തിനെതിരായ സമരം) എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട ഈ പരിപാടിയിൽ, സത്‌ലജ് നദിയുടെ തീരങ്ങളിൽ താമസിക്കുന്ന, ദുരിതബാധിതരായ ജനങ്ങൾ ഭാഗഭാക്കായി.
'ബുഡ്ഡ ദരിയയെ (നദി) വെറുതെ വിടുക! സത്‌ലജ് നദിയെ വെറുതെ വിടുക.'
ബുഡ്ഡ നാലയിലെ മലിനീകരണത്തിനെതിരേ ജനരോഷം ഉയരുന്നതോ നദി ശുദ്ധീകരിക്കാൻ പദ്ധതികൾ പ്രഖ്യാപിക്കപ്പെടുന്നതോ ഇവിടെ പുതിയ കാര്യമല്ല. കഴിഞ്ഞ മൂന്ന് ദശാബ്ദമായി തുടരുന്ന ഈ പ്രക്രിയകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായിട്ടുമില്ല. നദി ശുദ്ധീകരിക്കാൻ പ്രഖ്യാപിക്കപ്പെട്ട ഏറ്റവുമാദ്യത്തെ പദ്ധതി 1996-ൽ തുടക്കം കുറിച്ച ആക്‌ഷൻ പ്ലാൻ ഫോർ ക്‌ളീൻ റിവർ സത്‌ലജ് ആയിരുന്നു. ഈ പദ്ധതിക്ക് കീഴിൽ ജമൽപൂർ, പട്ട്യാ, ബല്ലോക്കെ എന്നീ ഗ്രാമങ്ങളിൽ മൂന്ന് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ (STP - മലിനജല സംസ്കരണ കേന്ദ്രം) സ്ഥാപിക്കപ്പെട്ടു.
2020-ൽ പഞ്ചാബ് സർക്കാർ ബുഡ്ഡ നാല ശുദ്ധീകരിക്കാൻ 650 കോടി രൂപ മുതൽമുടക്കിൽ രണ്ടുവർഷം നീണ്ടുനിൽക്കുന്ന ഒരു നവീകരണ പദ്ധതിയ്ക്ക് തുടക്കമിടുകയുണ്ടായി. ബുഡ്ഡ നാലയുടെ ദുരവസ്ഥയ്ക്ക് മുൻ സർക്കാരിനെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി ഭഗ്വന്ത് മൻ, ബുഡ്ഡ നാല നവീകരിക്കാനായി ജമൽപൂരിൽ സംസ്ഥാനത്തെ ഏറ്റവും വലിയ STP ഉദ്‌ഘാടനം ചെയ്യുകയും 315 കോടിയോളം ചിലവ് വരുന്ന മറ്റ് പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.
പരസ്പരമുള്ള കുറ്റപ്പെടുത്തലുകൾ തുടരുമ്പോഴും, സർക്കാരോ രാഷ്ട്രീയപ്പാർട്ടികളോ ബുഡ്ഡ നാലയുടെ പ്രശ്നം പരിഹരിക്കാൻ ചെറുവിരൽ അനക്കിയിട്ടില്ലെന്ന് കാശ്മീര ബായ് പറയുന്നു. ലുധിയാനയിൽനിന്നുള്ള ആക്ടിവിസ്റ്റുകൾ അടിക്കടി ഈ വിഷയം പഞ്ചാബ് സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും സർക്കാർ കോടികണക്കിന് രൂപ ചിലവഴിക്കുകയും ചെയ്തിട്ടും ബുഡ്ഡ നാല മലിനമായി തുടരുന്നതിനാൽ പ്രദേശവാസികളും ഇടയ്ക്കിടെ പ്രതിഷേധവുമായി തെരുവിലിറങ്ങാൻ നിർബന്ധിതരാകുകയാണ്.
60 വയസ്സുകാരിയായ മൽകീത് കൗർ അങ്ങകലെ മാൻസ ജില്ലയിലെ അഹമ്മദ്പൂരിൽനിന്ന് പ്രതിഷേധത്തിൽ പങ്കെടുക്കാൻ വന്നെത്തിയതാണ്. "ഞങ്ങളെ ബാധിച്ചിരിക്കുന്ന പല രോഗങ്ങൾക്കും കാരണം ഈ മലിനജലവും വ്യവസായശാലകളിൽനിന്ന് മണ്ണിലേക്കൊഴുക്കുന്ന മാലിന്യവുമാണ്. ജീവൻ നിലനിർത്താൻ വേണ്ട അടിസ്ഥാനഘടകമാണ് വെള്ളം, ഞങ്ങൾക്ക് ശുദ്ധമായ വെള്ളം ലഭിക്കണം, " അവർ പറഞ്ഞു.