10 വയസ്സ് തികയാത്ത ഇജാസും ഇമ്രാനും യാസിറും ഷമീമയും ഏതാനും വർഷങ്ങൾ മാത്രമേ സ്കൂളിൽ പോയിട്ടുള്ളൂ. എല്ലാ വർഷവും കുടുംബത്തോടൊപ്പം മറ്റിടങ്ങളിലേയ്ക്ക് കുടിയേറുന്ന നാല് മാസക്കാലം അവർക്ക് ക്ലാസ് നഷ്ടപ്പെടാറുണ്ട്. ഇതുമൂലം അടിസ്ഥാന ഗണിതം, ശാസ്ത്രം, സാമൂഹികശാസ്ത്രം, പദാവലി, എഴുത്ത് പരിശീലനം എന്നിങ്ങനെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നിർണ്ണായക മേഖലകളിൽ ഈ വിദ്യാർഥികൾ പിന്നിലാവുന്നു.
ഈ കുട്ടികൾക്ക് 10 വയസ്സ് തികയുമ്പോഴേക്കും, സ്കൂളിൽനിന്ന് മൊത്തം ഒരു വർഷക്കാലം അവർ വിട്ടുനിന്നിട്ടുണ്ടാവും. പഠിത്തത്തിൽ മിടുക്കരായ വിദ്യാർത്ഥികൾക്കുപോലും ഈ പഠന നഷ്ടം നികത്തുക പൊതുവേ ബുദ്ധിമുട്ടായിരിക്കും.
എന്നാൽ ഇപ്പോൾ ഈ സ്ഥിതിയ്ക്ക് മാറ്റം വന്നിരിക്കുന്നു. ഇന്ന്, സ്കൂളിൽനിന്ന് അകലേക്ക് സഞ്ചരിക്കുന്ന ഈ കുട്ടികളുടെ തൊട്ട് പിറകേതന്നെ അലി മുഹമ്മദ് എന്ന സഞ്ചരിക്കുന്ന അധ്യാപകനുമുണ്ട്. 25 വയസ്സുകാരനായ അലി ഇത് മൂന്നാം വർഷമാണ് കൊടുമുടികൾ കയറി കശ്മീരിലെ ലിഡ്ഡർ താഴ്വരയിലുള്ള, ഖലാൻ എന്ന ഗുജ്ജർ അധിവാസപ്രദേശത്ത് എത്തുന്നത്. ഇനിയുള്ള നാല് വേനൽക്കാലമാസങ്ങൾ (ജൂൺമുതൽ സെപ്റ്റംബർവരെ), ഗുജ്ജർ കുടുംബങ്ങളിലെ ചെറിയ കുട്ടികളെ പഠിപ്പിക്കാനായി അദ്ദേഹം ഈ പ്രദേശത്ത് തങ്ങും. വേനൽമാസങ്ങളിൽ, തങ്ങളുടെ കാലികൾക്ക് മേയാൻ പുൽമേടുകൾ തേടിയാണ് ഗുജ്ജറുകൾ ഈ പ്രദേശത്തേക്ക് കുടിയേറുന്നത്.
"എനിക്കും ഒരു അദ്ധ്യാപികയാകാനാണ് ആഗ്രഹം," സര്ക്കാർ നല്കിയ വര്ക്ക്ബുക്ക് മുന്നിൽ തുറന്നുവെച്ച് വായന തുടരവേ, നാണംകുണുങ്ങിയായ ഷമീമ ജാൻ പറയുന്നു. ചിലപ്പോഴെല്ലാം അലി സ്വന്തം പണം ഉപയോഗിച്ചാണ് കുട്ടികൾക്ക് അടിയന്തരമായി ആവശ്യമുള്ള പഠനസാമഗ്രികൾ എത്തിച്ചുകൊടുക്കുന്നത്.












