“ഇംഗ്ലീഷ്” ക്ലാസ്സിലെ കുട്ടികൾ പറഞ്ഞു. അവരുടെ ഇഷ്ടവിഷയം ഏതാണെന്ന് ഞങ്ങൾ ചോദിച്ചതിനുള്ള മറുപടിയായിരുന്നു അത്. ഒരു ഇന്ത്യൻ ക്ലാസ് റൂമിൽ ചോദിക്കാൻ പറ്റിയ അത്ര നല്ല ഒരു ചോദ്യമായിരുന്നില്ല അത്. ആദ്യത്തെ രണ്ട് കുട്ടികൾ “ഇംഗ്ലീഷ്” എന്ന് പറഞ്ഞാൽ, ക്ലാസ്സിലെ മറ്റെല്ലാ കുട്ടികളും അതേ ഉത്തരം പറയാൻ സാധ്യതയുണ്ടായിരുന്നു. ആദ്യത്തെ രണ്ട് ഇരകൾ ശിക്ഷയൊന്നും കിട്ടാതെ രക്ഷപ്പെടുമ്പോൾ, ഇനി അതായിരിക്കും ഉണ്ടാവുക എന്ന് നമുക്ക് എളുപ്പത്തിൽ ഊഹിക്കാം.
എന്നാൽ ഇത് ഏതെങ്കിലുമൊരു സ്ഥലമല്ല. ഒരു ഏകാദ്ധ്യാപിക പഠിപ്പിക്കുന്ന, ഇടലിപ്പാറയിലെ ഇന്റഗ്രേറ്റഡ് ട്രൈബൽ ഡെവലപ്മെന്റ് പ്രൊജക്ട് സ്കൂളാണ്. കേരളത്തിലെ ഏറ്റവും വിദൂരസ്ഥവും ഏക ഗോത്രപഞ്ചായത്തുമായ ഇടമലക്കുടിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പുറത്തൊരിടത്തും ആരും ഇംഗ്ലീഷ് സംസാരിക്കുന്നത് നിങ്ങൾക്ക് കേൾക്കാനാവില്ല. ആ ഭാഷയിലുള്ള എന്തെങ്കിലും ബോർഡുകളോ, പോസ്റ്ററുകളോ, അടയാളങ്ങളോ അവിടെയൊന്നുമില്ല. എന്നിട്ടും, ആ ഭാഷയാണ് ഏറ്റവുമിഷ്ടമെന്ന് കുട്ടികൾ പറഞ്ഞു. മറ്റ് പല സ്കൂളുകളിലേയുംപോലെ ഇടുക്കി ജില്ലയിലെ ഈ സ്കൂളിലും 1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾക്ക് ഒരേയൊരു ക്ലാസ്സുമുറിയാണ് ഉണ്ടായിരുന്നത്. തുച്ഛമായ ശമ്പളം വാങ്ങുകയും, വലിയ അദ്ധ്വാനഭാരം വഹിക്കുകയും, പ്രതികൂലാവസ്ഥകളെ നേരിടുകയും ചെയ്യുമ്പോഴും, തന്റെ കുട്ടികളോട് പ്രതിജ്ഞാബദ്ധയായ പ്രഗത്ഭയായ ഒരു അദ്ധ്യാപികയായിരുന്നു അവിടെ പഠിപ്പിച്ചിരുന്നത്.
എന്നാൽ ഒരു വിമതസ്വരം അവിടെയും കേട്ടു. “കണക്ക്” ധീരനായ ഒരു കുട്ടി എഴുന്നേറ്റുനിന്ന് ഉത്തരം പറഞ്ഞു. കണക്കിനോടുള്ള ഇഷ്ടം ഒന്ന് കാണട്ടെ എന്ന് ഞങ്ങളും അവനെ ഒന്ന് പരീക്ഷിച്ചു. നെഞ്ച് വിരിച്ച്, അവൻ 1 മുതൽ 12 വരെയുള്ള ഗുണനപ്പട്ടിക, നിർത്താതെ, ഒറ്റശ്വാസത്തിൽ ഉരുവിട്ടു. കൈയ്യടികളൊന്നുമില്ലാതെതന്നെ. അവൻ രണ്ടാമതും അത് ആവർത്തിക്കാൻ പോകുന്നുവെന്ന് കണ്ടപ്പോൾ, മതിയെന്ന് ഞങ്ങൾ ആശ്വസിപ്പിച്ചു.





