പാരി ലൈബ്രറി യെ സംബന്ധിച്ചിടത്തോളം 2024 ഒരു നാഴികക്കല്ലാണ്. പരിരക്ഷിക്കുകയും ശേഖരിക്കുകയും ചെയ്ത വിഭവങ്ങളുടെ എണ്ണത്തിൽ റിക്കാർഡ് നേട്ടമാണ് കൈവരിച്ചത്. നിയമങ്ങളും വകുപ്പുകളും, പുസ്തകങ്ങളും, പ്രമേയങ്ങളും, ഉപന്യാസങ്ങളും, സമാഹാരങ്ങളും, പദസഞ്ചയങ്ങളും, സർക്കാർ റിപ്പോർട്ടുകളും, ലഘുലേഖകളും, സർവേകളും, ലേഖനങ്ങളും എല്ലാം ഇതിൽ ഉൾപ്പെടുന്നു.

അതേസമയം, 2024 മറ്റ് പലതിനേയും കടത്തിവെട്ടുകയും ചെയ്തിരിക്കുന്നു. ഏറ്റവും ചൂട് കൂടിയ 2023-ന്റെ റിക്കാർഡിനെ മറികടന്ന വർഷമായിരുന്നു ഇത്തവണത്തേത്. കാലാവസ്ഥയിലുള്ള വ്യത്യാസം, ദേശാടന വർഗ്ഗങ്ങളെ ബാധിച്ചു. അവയിൽ അഞ്ചിലൊന്ന് ജീവിവർഗ്ഗങ്ങൾ വംശനാശ ഭീഷണി നേരിടുകയും ചെയ്യുന്നു. ഇന്ത്യയിലെ ഈർപ്പനിലങ്ങൾ - സ്പാംഗ് , ജീൽ , സരോവർ , തലാവ് , താൽ , കോല , ബിൽ , ചെറുവു തുടങ്ങിയ പേരുകളിലറിയപ്പെടുന്നവയെല്ലാം – ഭീഷണിയുടെ നിഴലിലാണ്.

മലിനീകരണവും ചൂടും തമ്മിലുള്ള ബന്ധങ്ങളെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണേഷ്യയിൽ പ്രത്യേകിച്ചും, പാർട്ടിക്കിൾ മാറ്റർ (അന്തരീക്ഷത്തിലെ ദ്രവ്യങ്ങളും ദ്രാവകവും) മൂലമുള്ള വായുമലിനീകരണം വളരെ കൂടുതലായിരുന്നു. ഇന്ത്യയിൽ അതിന്റെ സാന്ദ്രത ഓരോ ക്യുബിക് മീറ്ററിലും 54.4 മൈക്രോഗ്രാമായിരിക്കുന്നു. ലോകാരോഗ്യസംഘടന നിജപ്പെടുത്തിയ അനുവദനീയമായ അളവിന്റെ 11 ഇരട്ടിയാണത്. ഇതിൽ ഏറ്റവും ഗുരുതരമായ അവസ്ഥ ന്യൂ ദില്ലിയിലാണ്. അവിടെ ഓരോ ക്യുബിക് മീറ്ററിലും 102.1 മൈക്രോഗ്രാമായിരുന്നു വായുമലിനീകരണം. വാഹനസേവനം നടത്തുന്ന ഒരു കമ്പനിയിലെ ഗിഗ് തൊഴിലാളിയുടെ അനുഭവത്തെക്കുറിച്ചുള്ള ഒരു കോമിക് പുസ്തകം പോലും ഈ വിഷയത്തിൽ പുറത്തുവരികയുണ്ടായി

PHOTO • Design courtesy: Dipanjali Singh

തുടർച്ചയായ രണ്ട് വർഷങ്ങളിൽ താപനില ഏറ്റവും ഉയർന്ന അളവിലെത്തിയതോടെ, പാരീസ് ഉടമ്പടിയുടെ ലംഘനം കൂടുതൽ അടുത്തെത്തി. എന്നാൽ, പ്രകൃതിയിലെ അന്തരീക്ഷം മാത്രമല്ല, വർദ്ധന നേരിട്ടത്. രാജ്യത്തിന്റെ രാഷ്ട്രീയാന്തരീക്ഷവും ചൂട് പിടിച്ച്, 2024-ലെ പൊതിതിരഞ്ഞെടുപ്പിലെത്തുകയും 18-ആമത് ലോകസഭയുടെ രൂപീകരണത്തിലെത്തുകയും ചെയ്തു.

ഇന്ത്യൻ സർക്കാരിന്റെ കീഴിലുള്ള ധനകാര്യവകുപ്പ് കൊണ്ടുവന്ന തിരഞ്ഞെടുപ്പ് ബോണ്ട് , ഭരണഘടനാവിരുദ്ധമാണെന്ന് 2024 ഫെബ്രുവരി 15-ന് സുപ്രീം കോടതി കണ്ടെത്തി. ഈ ബോണ്ടുകൾ വാങ്ങിയതിനെക്കുറിച്ചും പണമാക്കി മാറ്റിയതിനെക്കുറിച്ചുമുള്ള വിശദാംശങ്ങൾ ഒരു മാസം കഴിഞ്ഞ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും തിരഞ്ഞെടുപ്പ് കമ്മീഷനും പുറത്ത് വിട്ടു.

ഫ്യൂച്ചർ ഗേമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് (പി.ആർ ആൻഡ് പ്രൈവറ്റ് കമ്പനി), മേഘ എൻ‌ജിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ്, ക്വിക് സപ്ലൈ ചെയ്ൻ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളാണ് തിരഞ്ഞെടുപ്പ് ബോണ്ടുകൾവഴി രാഷ്ട്രീയപ്പാർട്ടികൾക്ക്  പണം കൊടുത്തവരുടെ പട്ടികയിൽ മുമ്പിലുള്ളത്. സ്വീകരിച്ചവരുടെ ഭാഗത്ത് , ഭാരതീയ ജനതാ പാർട്ടിയും (6,060 കോടി രൂപ‌), ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് (1,609 കോടി രൂപ), ഇന്ത്യൻ നാഷണൽ കോൺഗ്രസ് (1,422 കോടി രൂപ) എന്നിവരാണ് ഏറ്റവും വലിയ ഗുണഭോക്താക്കൾ.

1922-ലുണ്ടായിരുന്നതിനേക്കാൾ വലിയൊരു പങ്കാണ് 2022-ൽ ഇന്ത്യയിലെ ഒരു ശതമാനം വരുന്ന സമ്പന്നർക്ക് ഇന്ത്യയുടെ മൊത്തം ദേശീയവരുമാനത്തിലുള്ളത് എന്ന്, 1922-ലെയും 2022-ലെയും ഇന്ത്യയിലെ സമ്പത്തിന്റെ വിതരണം താരതമ്യം ചെയ്തപ്പോൾ കണ്ടെത്തി. 2022-ൽ, ദേശീയവരുമാനത്തിന്റെ ഏകദേശം 60 ശതമാനവും രാജ്യത്തെ 10 ശതമാനം സമ്പന്നരുടെ കൈകളിലെത്തിയിരുന്നു.

അതിൽനിന്ന് വിരുദ്ധമായി, ഇന്ത്യയിലെഒരു ശരാശരി വ്യക്തി, ഒരു മാസം, ചരക്കുകൾക്കും സേവനങ്ങൾക്കുമായി ചിലവിടുന്നത് 3,772 രൂപമാത്രമാണ്. 2022-2023-ലെ സർവേ ഓഫ് ഹൌസ്‌ഹോൾഡ് കൺ‌സം‌പ്ഷൻ എക്സ്പെൻഡിച്ചറിന്റെ കണക്കുപ്രകാരമാണ് ഇത്. മാത്രമല്ല, 2019-നും 2022-നുമിടയ്ക്ക്, തൊഴിലാളികളുടെ യഥാർത്ഥ ശരാശരി വരുമാനത്തിൽ യാതൊരു പുരോഗതിയും ഉണ്ടായതുമില്ല .

“ഇന്ത്യൻ സമൂഹത്തെ ഡിജിറ്റലായും ജ്ഞാനാധിഷ്ഠിത സമ്പദ്ഘടനയായും (നോളജ് ഇക്കണോമി) ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന് 2024-ൽ 10 വർഷം തികയുന്നു. വിരോധാഭാസമെന്ന് പറയട്ടെ, 2024-ൽ, ഇന്റർനെറ്റ് ഷട്ട്‌ഡൌണിൽ , ഇന്ത്യയുടെ റാങ്ക് ഒന്നാം സ്ഥാനത്തായിരുന്നു. അതും തുടർച്ചയായ ആറാം വർഷം.

ലിംഗാസമത്വത്തിലും അനീതിയിലും ഇന്ത്യയിൽ ഒരു മാറ്റവുമുണ്ടായിട്ടില്ലെന്ന് ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ആ പട്ടികയിൽ രാജ്യത്തിന്റെ സ്ഥാനം 129 ആണ്. കഴിഞ്ഞ വർഷത്തേക്കാൾ രണ്ട് സ്ഥാനം താഴെ. വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളിൽ ഇന്ത്യൻ സ്ത്രീകളുടെ സ്ഥാനം ദുർബ്ബലമായതിന്റെ അടയാളമാണത്. എസ്.ഡി.ജി ജെൻഡർ ഇൻഡെക്സിലും നമ്മളുടെ പ്രകടനം മോശമായിരുന്നു. ലിംഗസമത്വത്തിൽ, 139 രാജ്യങ്ങളിൽ 91-ആം സ്ഥാനമായിരുന്നു നമ്മുടേത്.

ലിംഗസ്വത്വത്തെക്കുറിച്ച് പറയുമ്പോൾ, നിലവിലുള്ള നിയമസഭാംഗങ്ങളിൽ (എം.എൽ.എ) 135 പേർ , സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ കേസ് നേരിടുന്നവരാണ്. സ്ത്രീകളെ അപമാനിക്കുക, വിവാഹത്തിനെന്ന പേരിൽ തട്ടിക്കൊണ്ടുപോവുക, ബലാത്സംഗം, ഗാർഹിക പീഡനം, പ്രായപൂർത്തിയാകാത്തവരെ വേശ്യാവൃത്തിക്കായി വാങ്ങുക, സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുക എന്നിവയാണ് അവർക്കെതിരായ കേസുകൾ.

നിയമത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവ് പുതുക്കാൻ സമയം വൈകിയിട്ടില്ല. ഈയൊരു ആവശ്യം മാത്രം മുൻ‌നിർത്തി, ജസ്റ്റീസ് അഡ്ഡ എഴുതിയ ദ് ലോ ആൻഡ് എവരിഡേ ലൈഫ് എന്ന ലഘുപുസ്തകം ഈ വർഷം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

PHOTO • Design courtesy: Dipanjali Singh

ഇവയ്ക്ക് പുറമേ, ആരോഗ്യം , ഭാഷ , ലിംഗസ്വത്വം , സാഹിത്യം എന്നിങ്ങനെ പല വിഷയങ്ങളിലും ഞങ്ങൾ വിഭവങ്ങൾ ശേഖരിച്ച് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അവയുടെ രത്നച്ചുരുക്കവും സുപ്രധാനഭാഗങ്ങളും എല്ലാം അതിൽ ഉൾപ്പെടുന്നു. പ്രത്യേക താത്പര്യമുള്ള വിഷയങ്ങളിലൂടെയുള്ള പാരി കഥകളുടെ ഓട്ടപ്രദക്ഷിണവും ലൈബ്രറി ബുള്ളറ്റിൻ എന്ന പ്രൊജക്ടിൽ കാണാവുന്നതാണ്. ജനങ്ങളുടെ ലൈബ്രറിയെ അടുത്ത വർഷം കൂടുതൽ വിപുലപ്പെടുത്താവുന്ന വിധത്തിൽ ഞങ്ങളുടെ പഠനങ്ങളുടെ വ്യാപ്തി വിപുലപ്പെടുത്താനും ഞങ്ങൾ ലക്ഷ്യമിടുന്നു. പുതിയത് എന്തൊക്കെയാണെന്ന് കാണാൻ ഇനിയും ഇവിടേക്ക് വന്നുകൊണ്ടിരിക്കൂ

PHOTO • Design courtesy: Dipanjali Singh

പാരിയുടെകൂടെ ചേരാൻ താത്പര്യമുണ്ടെങ്കിൽ [email protected] ലേക്ക് എഴുതുക

ഈ കഥ നിങ്ങൾക്ക് ഇഷ്ടപ്പെടുകയും പാരിയിലേക്ക് നിങ്ങളുടെ കൃതികൾ നൽകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ [email protected].എന്ന മേൽ‌വിലാസത്തിൽ ബന്ധപ്പെടുക. ഫ്രീലാൻസായും സ്വതന്ത്രമായും പ്രവർത്തിക്കാൻ താത്പര്യമുള്ള എഴുത്തുകാർ, റിപ്പോർട്ടർമാർ, ഫോട്ടോഗ്രാഫർമാർ, സിനിമനിർമ്മാതാക്കൾ, പരിഭാഷകർ, എഡിറ്റർമാർ, ചിത്രകാരന്മാർ, ഗവേഷകന്മാർ എന്നിവരെ ഞങ്ങൾ ഞങ്ങളോടൊപ്പം പ്രവർത്തിക്കാൻ ക്ഷണിക്കുന്നു.

കവർ ഡിസൈൻ : സ്വദേശ ശർമ്മ

പരിഭാഷ: രാജീവ് ചേലനാട്ട്

Swadesha Sharma

Swadesha Sharma is a researcher and Content Editor at the People's Archive of Rural India. She also works with volunteers to curate resources for the PARI Library.

यांचे इतर लिखाण Swadesha Sharma
Editor : PARI Library Team

The PARI Library team of Dipanjali Singh, Swadesha Sharma and Siddhita Sonavane curate documents relevant to PARI's mandate of creating a people's resource archive of everyday lives.

यांचे इतर लिखाण PARI Library Team
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

यांचे इतर लिखाण Rajeeve Chelanat