തീരദേശ കർണാടകയിലെ വിവിധ സാംസ്കാരിക ആഘോഷങ്ങൾക്കായി തുളുനാട്ടിലെ ഗർനാൽ സായിബെർ അതവ കരിമരുന്ന് കലാകാരന്മാർ അത്യന്താപേക്ഷിതമാണ്. ഭൂതകോലത്തിലും, ഉത്സവങ്ങളിലും, വിവാഹങ്ങളിലും, ജന്മദിനാഘോഷങ്ങളിലും, ഗൃഹപ്രവേശനത്തിലും തുടങ്ങി ശവസംസ്കാര ചടങ്ങുകളിൽപ്പോലും അവരുടെ പങ്കാളിത്തം ഏറെ പ്രതീക്ഷയോടെ ആളുകൾ കാത്തിരിക്കുന്നു.
'ഗർനാൽ' എന്ന വാക്കിന്റെ അർത്ഥം പടക്കമെന്നാണ്. 'സായിബെർ' എന്നത് പദം ഒരു മുസ്ലിം വ്യക്തിയെയും സൂചിപ്പിക്കുന്നു.
കർണാടകയിലെ മുൽക്കി സ്വദേശിയായ അമീർ ഹുസൈൻ പറയുന്നത് അദ്ദേഹത്തിനെ ഈ കൈത്തൊഴിൽ പഠിപ്പിച്ചത് അദ്ദേഹത്തിന്റെ അച്ഛനാണെന്നാണ്. അമീറിന് തന്റെ മുൻ പൂർവ്വികർവഴി പാരമ്പരാഗതമായി കൈമാറി കിട്ടിയതാണ് ഈ തൊഴിൽ.
"പടക്കങ്ങൾ എറിയുന്നതും കൈകാര്യം ചെയ്യുന്നതും അപകടകരമായ ജോലിയാണ്, പ്രത്യേകിച്ച് വലിയ പടക്കങ്ങൾ," കർണാടകയിലെ മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷനിലെ റിസർച്ച് അസോസിയേറ്റായി പ്രവർത്തിക്കുന്ന നിതേഷ് അഞ്ചൻ പറയുന്നു.
ഉഡുപ്പി ജില്ലയിലെ അത്രാടി ഗ്രാമത്തിൽനിന്നുള്ള മുസ്താഖ് അത്രാടി എന്ന മുസ്ലീം യുവാവ് ഭൂത ആചാരങ്ങൾക്കായി ഗർനാൽ ഉണ്ടാക്കുകയും എറിയുകയും ചെയ്യാറുണ്ട്, അതുകൂടാതെ, ഏറ്റവും ശക്തമായ ഗർനലുകളിലൊന്നായ കഡോണി നിർമ്മിക്കുന്നതിൽ പ്രത്യേക വൈദഗ്ധ്യവും അയാൾക്കുണ്ട്. "വിപുലമായ പ്രക്രിയയിലൂടെ രാസവസ്തുക്കൾകൊണ്ട് സൃഷ്ടിക്കുന്ന ഒരു കരിമരുന്നാണ് കഡോണി," അദ്ദേഹം പറയുന്നു. കഡോണി നിലംപതിക്കുമ്പോൾ ആ സ്ഥലം പ്രകമ്പനം കൊള്ളും.


