മാറിടം പുനർനിർമ്മിക്കാനുള്ള ശസ്ത്രക്രിയയ്ക്കായി, 18 വയസ്സുള്ള സുമിത് (പേര് യഥാർത്ഥമല്ല) ആദ്യമായി ഹരിയാനയിലെ റോത്തക്കിലെ ഒരു സർക്കാർ ജില്ലാ ആശുപത്രിയിൽ പോയപ്പോൾ അയാൾക്ക് കിട്ടിയ ഉപദേശം പൊള്ളലേറ്റ രോഗിയായി ആശുപത്രിയിൽ പ്രവേശനം നേടണമെന്നായിരുന്നു.
ജനിച്ചുവീണ ശരീരത്തിൽനിന്ന്, തങ്ങൾക്ക് സ്വസ്ഥത അനുഭവപ്പെടുന്ന ഒരു ശരീരത്തിലേക്ക് മാറുന്നതിനുള്ള തടസ്സങ്ങൾ ഒഴിവാക്കാൻ, ഇന്ത്യയിലെ ട്രാൻസ്ജെൻഡർ സമുദായത്തിന് ഇത്തരം നുണകളെയാണ് ആശ്രയിക്കേണ്ടിവരുന്നത്. എന്നിട്ടുപോലും ആ നുണകൊണ്ട് പ്രയോജനമുണ്ടായില്ല.
എട്ടുവർഷത്തെ കടലാസ്സുജോലികളും, അവസാനിക്കാത്ത മനശ്ശാസ്ത്ര വിലയിരുത്തലുകളും, വൈദ്യോപദേശങ്ങളും, വായ്പയടക്കം ഒരുലക്ഷത്തിലേറെ രൂപയും, വലിഞ്ഞുമുറുകിയ കുടുംബ ബന്ധങ്ങളും പൂർവ്വാവസ്ഥയിലെ മാറിടത്തോടുള്ള മാറാത്ത അസംതൃപ്തിയും എല്ലാം മറികടന്നാണ്, ഒടുവിൽ, റോത്തക്കിൽനിന്ന് ഏകദേശം 100 കിലോമീറ്റർ അപ്പുറത്തുള്ള ഒരു സ്വകാര്യാശുപത്രിയിൽനിന്ന് സുമിതിന്, “ടോപ്പ് സർജറി’എന്ന് ഗ്രാമ്യഭാഷയിൽ അറിയപ്പെടുന്ന ആ ശസ്ത്രക്രിയ ലഭ്യമായത്.
ഒന്നരവർഷത്തിനുശേഷം, ഇപ്പൊഴും നടക്കുമ്പോൾ, 26 വയസ്സുള്ള സുമിത്, അല്പം കൂനിയാണ് നടക്കുന്നത്. സ്തനങ്ങൾ ഒരു നാണക്കേടും അസൗകര്യവുമായി തോന്നിയിരുന്ന, ശസ്ത്രക്രിയാപൂർവ്വ ദിനങ്ങൾ നൽകിയ ഒരു സ്വഭാവമായിരുന്നു ആ അല്പം കുനിഞ്ഞുള്ള നടപ്പ്.
ജനനസമയത്തുണ്ടായിരുന്ന ലിംഗത്തിൽനിന്ന് വ്യത്യസ്തമായ ഒരു ലിംഗത്തോട് താദാത്മ്യം തോന്നുന്ന സുമിതിനെപ്പോലെയുള്ള എത്രപേർ ഇന്ത്യയിലുണ്ടെന്നുള്ളതിന്റെ കൃത്യമായ കണക്കുകളൊന്നുമില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ചേർന്ന് നടത്തിയ ഒരു പഠനപ്രകാരം, 2017-ൽ ഇന്ത്യയിലെ ട്രാൻസ്ജെൻഡർ വ്യക്തികളുടെ എണ്ണം 4.88 ലക്ഷമാണ്.
“മൂന്നാം ലിംഗ”ക്കാരും, അവർ “സ്വയം തീരുമാനിച്ച” ലിംഗസ്വത്വവുമായി താദാത്മ്യം പ്രാപിക്കാനുള്ള അവരുടെ അവകാശത്തെയും അംഗീകരിക്കുകയും, അവർക്ക് ആരോഗ്യപരിരക്ഷ ഉറപ്പുവരുത്താൻ സർക്കാരുകൾക്ക് നിർദ്ദേശം നൽകുകയും ചെയ്തുകൊണ്ട്, നാഷണൽ ലീഗൽ സർവീസസ് അഥോറിറ്റി 2014-ഉം, യൂണിയൻ ഓഫ് ഇന്ത്യയും തമ്മിലുള്ള ഒരു കേസിൽ സുപ്രീം കോടതി സുപ്രധാനമായ ഒരു വിധി പ്രസ്താവിച്ചിരുന്നു. ലിംഗനിർണ്ണയ ശസ്ത്രക്രിയ, ഹോർമോൺ ചികിത്സ, മാനസികാരോഗ്യ ചികിത്സാ സേവനങ്ങൾ എന്നിവയുൾപ്പെടെ, ഈ സമുദായത്തിന് സമഗ്രമായ ആരോഗ്യപരിചരണ സേവനങ്ങൾ നൽകുന്നതിൽ സർക്കാരിന്റെ പങ്ക് നിർവ്വചിച്ചുകൊണ്ട്, 2019-ലെ ട്രാൻസ്ജെൻഡർ വ്യക്തികൾ (സംരക്ഷണ) നിയമവും, അഞ്ചുവർഷം കഴിഞ്ഞ്, നിലവിൽ വന്നു.









