അഹമ്മദോസ് സിത്താർമേക്കർക്ക് പാരീസിൽ പോകാൻ അവസരം ലഭിച്ചതാണ്, പക്ഷെ അദ്ദേഹത്തിന്റെ പിതാവ് അതിന് അനുവദിച്ചില്ല. "നീ പുറംലോകം കണ്ടാൽ പിന്നെ ഇവിടേയ്ക്ക് മടങ്ങിവരില്ല," ആ പിതാവ് അന്ന് പറഞ്ഞു. ഇന്ന് ആ വാക്കുകൾ ഓർത്തെടുക്കുമ്പോൾ, 99 വയസ്സുകാരനായ അഹമ്മദോസിന്റെ മുഖത്ത് പുഞ്ചിരി വിരിയുന്നു.
ഈ അഞ്ചാം തലമുറ സിത്താർമേക്കർക്ക് പ്രായം 30-കളുടെ അവസാനത്തോടടുക്കുന്ന കാലത്താണ് പാരീസിൽനിന്ന് രണ്ട് യുവതികൾ ക്ലാസിക്കൽ തന്ത്രിവാദ്യമായ സിത്താർ നിർമ്മിക്കുന്ന വിദ്യ പഠിക്കാൻ അദ്ദേഹത്തിന്റെ പട്ടണത്തിലെത്തുന്നത്. "ചുറ്റുപാടും അന്വേഷിച്ച ശേഷം, അവർ സഹായം തേടി എന്റെ അടുക്കൽ എത്തുകയും ഞാൻ അവരെ പഠിപ്പിക്കാൻ തുടങ്ങുകയും ചെയ്തു," മീറസിലെ സിത്താർമേക്കർ ഗലിയിൽ, വീടും വർക്ക് ഷോപ്പും ചേരുന്ന ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലിരുന്ന് അഹമ്മദോസ് പറയുന്നു. തലമുറകളായി അദ്ദേഹത്തിന്റെ കുടുംബം താമസിക്കുന്നതും ജോലി ചെയ്യുന്നതും ഇവിടെയാണ്.
“അക്കാലത്ത് ഞങ്ങളുടെ വീട്ടിൽ ശുചിമുറി ഉണ്ടായിരുന്നില്ല," അഹമ്മദോസ് തുടരുന്നു. "അവരോട് (വിദേശികളായ സന്ദർശകരോട്) ഞങ്ങൾ ചെയ്യുന്നതുപോലെ പാടത്തേക്ക് ഇറങ്ങാൻ പറയാനാകില്ലെന്നതുകൊണ്ട് ഒറ്റ ദിവസം കൊണ്ട് ശുചിമുറി നിർമ്മിക്കുകയായിരുന്നു." അദ്ദേഹം സംസാരിക്കുമ്പോൾ പശ്ചാത്തലത്തിൽ ഒരു സിത്താർ ശ്രുതി ചേർക്കുന്നതിന്റെ നേരിയ ശബ്ദം കേൾക്കാം. അദ്ദേഹത്തിന്റെ മകൻ ഗൗസ് സിത്താർമേക്കർ ജോലിയിലാണ്.
പാരീസിൽനിന്നും വന്ന യുവതികൾ ഒൻപത് മാസക്കാലം അഹമ്മദോസിന്റെ കുടുംബത്തോടൊപ്പം താമസിച്ചെങ്കിലും, സിത്താർ നിർമ്മാണത്തിന്റെ അവസാനഘട്ടം പഠിച്ചെടുക്കുന്നതിന് മുൻപ് അവരുടെ വിസാ കാലാവധി അവസാനിച്ചു. ഏതാനും മാസങ്ങൾക്കുശേഷം, അവർ പഠനം പൂർത്തിയാക്കാൻ അഹമ്മദോസിനെ പാരീസിലേയ്ക്ക് ക്ഷണിച്ചു.
എന്നാൽ പിതാവിന്റെ നിർദ്ദേശാനുസരണം ആ അവസരം വേണ്ടെന്നുവെച്ച അഹമ്മദോസ്, സിത്താർ നിർമ്മാണത്തിന് വിഖ്യാതമായ, മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ കരകൗശല ജോലി ചെയ്യുന്നത് തുടരുകയായിരുന്നു. കഴിഞ്ഞ 150-ലധികം വർഷങ്ങളായി, അഹമ്മദോസിന്റെ കുടുംബം ഈ തൊഴിലാണ് ചെയ്യുന്നത്; ഏഴ് തലമുറകളായി തുടരുന്ന ഈ പാരമ്പര്യം 99-ആം വയസ്സിലും അദ്ദേഹം കൈവിട്ടിട്ടില്ല.












