കോവിഡ്-19 ലോക്ക്ഡൗൺ കാലത്ത്, തന്റെ കുടുംബത്തിന് എങ്ങനെ ആഹാരം നൽകുമെന്നോർത്തു വിഷമിക്കുകയാണ് രാച്ചെനഹള്ളിയിലെ ചേരിയിൽ താമസിക്കുന്ന മൿതുംബെ എം.ഡി. "എന്റെ ഭർത്താവിന് ആഴ്ചയിലൊരിക്കൽ വേതനം ലഭിക്കുമായിരുന്നു. അപ്പോഴാണ് ഞങ്ങൾ പോയി ഭക്ഷണം വാങ്ങിക്കാറുണ്ടായിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചകളായി, ആർക്കും വേതനം ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഭക്ഷ്യസാധനങ്ങളൊന്നും വാങ്ങിയിട്ടുമില്ല", ബെംഗളൂരു നഗരം അടച്ചുപൂട്ടുന്നതിന് 10 ദിവസംമുന്നെ കണ്ടുമുട്ടിയപ്പോൾ മൿതുംബെ എന്ന 37 വയസ്സുകാരിയായ വീട്ടമ്മ എന്നോട് പറഞ്ഞു. അവരുടെ ഭർത്താവ് ഒരു പരസ്യചിത്രകാരനാണ് . സാധാരണയായി അയാൾ ആഴ്ചയിൽ ഏകദേശം 3,500 രൂപ സമ്പാദിച്ചിരുന്നു. പക്ഷെ മാർച്ച് 25-ന് തുടങ്ങിയ ലോക്കഡൗണിനുശേഷം അയാൾക്ക് ജോലിയൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.
മൂന്ന് മക്കളുള്ള ഈ ദമ്പതികൾ 10 വർഷങ്ങൾക്ക് മുൻപാണ് ജോലിയന്വേഷിച്ച് ബെംഗളൂരുവിലേക്ക് കുടിയേറിയത്. കർണ്ണാടകയിലെ വിജയപുര ജില്ലയിലെ (മുൻപ് ബിജാപ്പൂർ) തളിക്കോട്ട (തളികോട്ടി എന്നും അറിയപ്പെടുന്നും) പട്ടണത്തിൽനിന്നും വന്നവരാണ്ഇവർ. മൿതുംബെയുടെ ഭർത്താവ് മൗലാസാബ് ദോഡാമണിക്ക് ഞായറാഴ്ചകൾതോറും ലഭിച്ചിരുന്ന വേതനംകൊണ്ടാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. "ഞങ്ങൾ ഭക്ഷണസാധനങ്ങൾ - അഞ്ചുകിലോ അരി, ഒരു കിലോ എണ്ണ, പയർ വർഗ്ഗങ്ങൾ മുതലായവ - ആഴ്ചയിലൊരിക്കൽ വാങ്ങിയാണ് കഴിഞ്ഞിരുന്നത്. അതിപ്പോൾ മുടങ്ങി. ഞങ്ങളെ എവിടെയും പോകാൻ അനുവദിക്കുന്നില്ല. ഞങ്ങൾക്ക് ആഹാരത്തിനുവേണ്ടി പുറത്തുപോയേ തീരൂ."
ഏപ്രിൽ 4-ന് ഞങ്ങൾ കണ്ടുമുട്ടിയപ്പോൾ, വടക്കൻ ബെംഗളൂരുവിലെ ഒരു ചേരിയിൽ കുടിയേറിപ്പാർക്കുന്ന ദിവസവേതനത്തൊഴിലാളികൾ അവർ നേരിടുന്ന പല വിഷമങ്ങളും ഞങ്ങളുമായി പങ്കുവെച്ചു. അവർക്കാർക്കുംതന്നെ കേന്ദ്ര ധനമന്ത്രിയുടെ ദുരിതാശ്വാസ പാക്കേജിൽ വാഗ്ദാനം ചെയ്യപ്പെട്ട ഗവണ്മെന്റ് സബ്സിഡിയുള്ള ഭക്ഷ്യധാന്യങ്ങൾ ലഭിക്കാൻ അർഹതയുണ്ടായിരുന്നില്ല. അവരിൽ പലർക്കും ഒരു റേഷൻ കാർഡുപോലും കൈവശമില്ല. ചിലരുടെ പക്കൽ കാർഡുണ്ടെങ്കിലും, അത് അവരുടെ ഗ്രാമത്തിലുള്ള വീടിന്റെ മേൽവിലാസത്തിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് ഉത്തര കർണ്ണാടകയിലെ റായ്ച്ചൂർ ജില്ലയിൽനിന്ന് വരുന്ന 30 വയസ്സുകാരിയായ മാണിക്യമ്മ വിശദീകരിക്കുന്നു. "ആ കാർഡുകൾ ബെംഗളൂരുവിൽ ആ കാർഡുകൊണ്ട് ഒരു ഉപയോഗവുമില്ല", അവർ അഭിപ്രായപ്പെട്ടു.
"ജോലിയില്ലാതെ ഇപ്പോൾ ഞങ്ങൾ വലയുകയാണ്. ധാരാളം ബുദ്ധിമുട്ടുകളുണ്ട്. ഞങ്ങൾക്ക് മക്കളുണ്ട്, വാടക കൊടുക്കേണ്ടതായിട്ടുണ്ട്, ഞങ്ങൾ എങ്ങനെയാണ് അതൊക്കെ ചെയ്യേണ്ടത്?" അവൾ ചോദിക്കുന്നു. മാണിക്യമ്മയും ഭർത്താവ് ഹേമന്തും നിർമ്മാണത്തൊഴിലാളികളായിട്ടാണ് ലോക്കഡൗണിന് മുൻപ് ജോലിചെയ്തിരുന്നത്. ഏഴ് വർഷങ്ങൾക്കുമുൻപാണ് ഇവർ ബെംഗളൂരുവിൽ എത്തിയത്. നാല് മക്കളാണ് ഈ ദമ്പതിമാർക്ക്.
റായിച്ചുരിൽനിന്നുള്ള 27 വയസ്സുകാരിയായ എൻ. ലക്ഷ്മിയും, മാണിക്യമ്മ എത്തിപ്പെട്ട ഏതാണ്ടതേ കാലത്താണ് നഗരത്തിലെത്തിച്ചേർന്നത്. ലോക്ക്ഡൗൺ തുടങ്ങുന്നതുവരെ വടക്കൻ ബെംഗളൂരുവിലെ നിർമ്മാണസ്ഥലങ്ങളിലാണ് അവർ ജോലിചെയ്തിരുന്നത്. "ഞങ്ങൾ സിമെൻറ് നിർമ്മിക്കുകയും കല്ല് പൊട്ടിക്കുകയും ചെയ്യുന്നു. പ്രതിദിനം 300 രൂപയാണ് ഈ ജോലിയിലൂടെ ഞങ്ങൾ സമ്പാദിക്കുന്നത്" അവർ എന്നോട് പറഞ്ഞു. രാച്ചെനഹള്ളിയിൽ അവർ തനിച്ച് താമസിക്കുന്ന ഒറ്റമുറിയുള്ള താത്ക്കാലിക ഷെഡ്‌ഡിന് മാസം 500 രൂപയാണ് വാടക.


