വസ്ത്രത്തിലൂടെ വിരലോടിക്കുന്നത്, രുക്കാബായി പദാവിക്ക് നിർത്താനാവുന്നില്ല. മറ്റൊരു കാലത്തിലേക്കും ജീവിതത്തിലേക്കും അവരെ കൊണ്ടുചെന്നെത്തിക്കുകയാണ് അതിലൂടെ അവരെ ചെയ്യുന്നതെന്ന്, അവരുമായുള്ള സംഭാഷണത്തിൽനിന്ന് എനിക്ക് വ്യക്തമായി.

“ഇതാണ് എന്റെ വിവാഹ സാരി,” അക്രാണി താലൂക്കിലെ മലമ്പ്രദേശങ്ങളിലും ഗോത്രമേഖലയിലും സംസാരിക്കുന്ന ഭിൽ എന്ന ഗോത്രഭാഷയിൽ അവർ പറയുന്നു. തന്റെ മടിയിൽ വെച്ചിരിക്കുന്ന ഇളം പിങ്കും സ്വർണ്ണനിറവുമുള്ള കോട്ടൺ സാരിയെ അരുമയായി തലോടിക്കൊണ്ട്, 90 വയസ്സുള്ള അവർ ഒരു കട്ടിലിൽ ഇരിക്കുകയായിരുന്നു

“എന്റെ അച്ഛനമ്മമാർ അവർ അദ്ധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് വാങ്ങിയതാണ് ഇത്. അവരെക്കുറിച്ചുള്ള എന്റെ ഓർമ്മകളാണ് ഇത്,” ശിശുസഹജമായ ഒരു പുഞ്ചിരിയോടെ അവർ പറയുന്നു.

മഹാ‍രാഷ്ട്രയിലെ നന്ദർബർ ജില്ലയിലെ അക്രാനി താലൂക്കിലെ മൊജാര എന്ന ഗ്രാമത്തിലാണ് അവർ ജനിച്ചത്.

“എന്റെ അച്ഛനമ്മമാർ എന്റെ വിവാഹത്തിന് 600 രൂപയാണ് ചിലവിട്ടത്. അന്ന് അതൊരു വലിയ തുകയായിരുന്നു. ഈ വിവാഹസ്സാരിയടക്കമുള്ള വസ്ത്രങ്ങൾ വാങ്ങിയത് അഞ്ച് രൂപയ്ക്കായിരുന്നു. ആഭരണങ്ങളാകട്ടെ, അമ്മ വീട്ടിലിരുന്ന് ഉണ്ടാക്കിയവയും.

“തട്ടാനോ കൈവേലക്കാരോ ഉണ്ടായിരുന്നില്ല. വെള്ളിനാണയങ്ങൾകൊണ്ട് അമ്മ ഒരു നെൿലസ്സുണ്ടാക്കി. ശരിക്കുള്ള നാണയങ്ങൾ. നാണയങ്ങൾ തുളച്ച്, അതിലൂടെ കൈകൊണ്ടുണ്ടാക്കിയ ഒരു കിടക്കവരിയുടെ നൂൽ കടത്തിയാണ് അതുണ്ടാക്കിയത്,” ആ പണി ആലോചിച്ച് രുക്കാബായി ചിരിക്കുന്നു. “വെള്ളിനാണയങ്ങൾ, അല്ലാതെ ഇന്നത്തെ കടലാസ്സുനോട്ടുകളല്ല.”

Left and right: Rukhabai with her wedding saree
PHOTO • Jyoti
Left and right: Rukhabai with her wedding saree
PHOTO • Jyoti

ഇടത്തും വലത്തും: രുക്കാബായി അവരുടെ വിവാഹസ്സാരിയോടൊപ്പം

തന്റെ വിവാഹം ആർഭാടമായി നടന്നുവെന്നും, അധികം താമസിയാതെ, മൊജാരയിൽനിന്ന് നാല് കിലോമീറ്റർ അകലെ, ഭർത്താവിന്റെ ഗ്രാമമായ സുർവാണിയിലേക്ക് പോവുകയും ചെയ്തുവെന്ന് അവർ സൂചിപ്പിച്ചു. ഇവിടെവെച്ച്, ആ നിമിഷത്തിലാണ് അവരുടെ ജീവിതത്തിൽ മാറ്റം സംഭവിക്കുന്നത്. അവരുടെ ദിവസങ്ങൾ സന്തോഷപ്രദമോ എളുപ്പമുള്ളതോ ആയിരുന്നില്ല.

“എനിക്ക് അത് അന്യഗൃഹമായിരുന്നുവെങ്കിലും, ഇനിയുള്ള കാലം ഞാൻ താമസിക്കേണ്ടത് ഈ വീട്ടിലാണെന്ന് ഞാൻ എന്നെത്തന്നെ ധരിപ്പിച്ചു. എനിക്കന്ന് ആർത്തവമുണ്ടായിരുന്നു. അതിനാൽ, മുതിർന്നവരുടെ കൂട്ടത്തിലാണ് എന്നെ ഉൾപ്പെടുത്തിയിരുന്നത്,” അവർ പറയുന്നു.

“എന്നാൽ വിവാഹമെന്താണെന്നോ, ഭർത്താവെന്നാൽ എന്താണെന്നോ ഒന്നും എനിക്കൊരു ധാരണയുമുണ്ടായിരുന്നില്ല.”

സാധാരണ കുട്ടികളെപ്പോലെ കൂട്ടുകാരോടൊത്ത് കളിക്കുന്ന പ്രായമേ അവർക്കന്ന് ഉണ്ടായിരുന്നുള്ളു. എന്നാൽ, പ്രായത്തിലും കവിഞ്ഞുള്ള ബുദ്ധിമുട്ടുകൾ തരണം ചെയ്യാനും പ്രവർത്തിക്കാനും അവർ നിർബന്ധിതയായി.

“രാത്രി മുഴുവൻ ചെറുധാന്യങ്ങളും ചോളവും അരയ്ക്കണം. അഞ്ചുപേർക്കുള്ളത് – ഭർത്താവിന്റെ അച്ഛനമ്മമാർ, നാത്തൂൻ, ഭർത്താവ്, ഞാൻ - അരയ്ക്കണം.”

ജോലിഭാരം അവരെ തളർത്തി. പുറം‌വേദന സ്ഥിരമായി. “ഇപ്പോൾ മിക്സിയും ഗ്രൈൻഡറുമൊക്കെയായി ജോലി എളുപ്പമായല്ലോ.”

ശരീരത്തിനകത്ത് അനുഭവിക്കുന്ന വിഷമതകൾ ആരോടെങ്കിലും പങ്കുവെക്കുന്നത് അന്നത്തെ കാലത്ത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ആരും ശ്രദ്ധിക്കാൻ മിനക്കെടില്ല. സഹതാപപൂർവ്വം തന്നെ കേൾക്കാൻ കേൾവിക്കാരില്ലെന്ന് മനസ്സിലാകിയ രുക്കാബായി, ഒരു ചങ്ങാതിയെ കണ്ടുമുട്ടി – ജീവനില്ലാത്ത ഒരു വസ്തുവിനെ. പഴയൊരു ലോഹപ്പെട്ടിയിൽ സൂക്ഷിച്ചിരുന്ന മൺപാത്രങ്ങൾ അവർ പുറത്തേക്കെടുത്തു. “ചൂളയിൽ, അവയോടൊപ്പം നല്ലതും ചീത്തയുമായ ധാരാളം സമയങ്ങൾ ഞാൻ ചിലവഴിച്ചിട്ടുണ്ട്. പാത്രങ്ങൾ എന്റെ, സഹാനുഭൂതിയുള്ള കേൾവിക്കാരായിരുന്നു.”

Left: Old terracotta utensils Rukhabai used for cooking.
PHOTO • Jyoti
Right: Rukhabai sitting on the threshold of her house
PHOTO • Jyoti

ഇടത്ത്: പാചകത്തിന് രുക്കാബായി ഉപയോഗിച്ചിരുന്ന പഴയ ടെറാക്കോട്ട പാത്രങ്ങൾ. വലത്ത്: വീടിന്റെ തിണ്ണയിലിരിക്കുന്ന രുക്കാബായി

അത് അസാധാരണമായിരുന്നില്ല. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ, സ്ത്രീകൾ, ഒരു പാചകസാമഗ്രിയുമായി തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു: അരകല്ലുകൾ. എല്ലാ ദിവസവും ധാന്യങ്ങൾ പൊടിക്കുമ്പോൾ, ഭർത്താക്കന്മാരും സഹോദരന്മാരും ആണ്മക്കളും കേൾക്കാതെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ സന്തോഷത്തിന്റേയും സങ്കടത്തിന്റേയും, ഹൃദയവേദനയുടേയും പാട്ടുകൾ പാടാറുണ്ടായിരുന്നു. ഗ്രൈൻഡ്‌മിൽ പാട്ടുകളുടെ ഈ പാരി പരമ്പരയിൽനിന്ന് നിങ്ങൾക്കവയെക്കുറിച്ച് വായിക്കാം.

പെട്ടിയിൽ കൈയ്യിട്ട് സാധനങ്ങൾ വാരിവലിച്ചിടുമ്പോൾ അവർക്ക് ആവേശം തടുക്കാനാവുന്നില്ല. “ഇത് ദവിയാണ് (ഉണക്കിയ ചൂരയ്ക്കകൊണ്ടുള്ള തവി) ഇങ്ങനെയാണ് ഞങ്ങൾ വെള്ളം കുടിച്ചിരുന്നത്,” അവർ അത് ചെയ്തുകാണിച്ചുതരുന്നു. തന്റെ ആ ചെറിയ പ്രവൃത്തിപോലും അവരിൽ സ്വയം ഒരു ചിരി ഉളവാക്കി.

വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോഴേക്കും രുക്കാബായി ഒരമ്മയായി. വീട്ടുപണിക്കും കൃഷിപ്പണിക്കുമിടയിൽ സമയം പങ്കിടേണ്ടത് എങ്ങിനെയാണെന്ന് അവർ അതിനകം മനസ്സിലാക്കിയിരുന്നു.

കുട്ടി ജനിച്ചപ്പോൾ, വീട്ടിനകത്ത് നിരാശ നിറഞ്ഞു. “വീട്ടിൽ എല്ലാവർക്കും ആൺകുട്ടിയെയായിരുന്നു വേണ്ടത്. ഞാനത് കാര്യമാക്കാൻ പോയില്ല. കാരണം എന്റെ കുട്ടിയെ ഞാൻ‌തന്നെ വേണമല്ലോ നോക്കാൻ,” അവർ പറയുന്നു.

Rukhabai demonstrates how to drink water with a dawi (left) which she has stored safely (right) in her trunk
PHOTO • Jyoti
Rukhabai demonstrates how to drink water with a dawi (left) which she has stored safely (right) in her trunk
PHOTO • Jyoti

ദവി (ഇടത്ത്) ഉപയോഗിച്ച് എങ്ങിനെ വെള്ളം കുടിക്കണമെന്ന് രുക്കാബായി കാണിച്ചുതരുന്നു. അവരുടെ പെട്ടിയിൽ (വലത്ത്) സൂക്ഷിച്ചുവെച്ചിരുന്നതാണ് അത്

പിന്നീട് രുക്കാബായിക്ക് അഞ്ച് പെണ്മക്കൾ പിറന്നു. “ആൺകുട്ടിക്കുവേണ്ടി വീട്ടിൽ വലിയ സമ്മർദ്ദമായിരുന്നു. ഒടുവിൽ രണ്ട് ആൺകുട്ടികളും ജനിച്ചു. അതോടെ ഞാൻ സ്വതന്ത്രയായി,” കണ്ണീർ തുടച്ചുകൊണ്ട് അവർ ആ ഓർമ്മകളിലൂടെ സഞ്ചരിച്ചു.

എട്ട് കുട്ടികൾക്ക് ജന്മം കൊടുത്തതോടെ അവരുടെ ശരീരം ദുർബ്ബലമായി. “കുടുംബം വലുതായെങ്കിലും ഞങ്ങളുടെ പാടത്തെ (കഷ്ടിച്ച്, 2,000 ചതുരശ്രയടി) വിളവ് വർദ്ധിച്ചില്ല. കഴിക്കാൻ അധികമുണ്ടായിരുന്നില്ല. ഉള്ളതിന്റെ ചെറിയ പങ്കാണ് സ്ത്രീകൾക്കും പെൺകുട്ടികൾക്കും കിട്ടിയത്. പുറംവേദനയും നല്ലവണ്ണം ബുദ്ധിമുട്ടിച്ചു.” നിലനിൽക്കാൻ കൂടുതൽ സമ്പാദിക്കണമെന്ന അവസ്ഥയായി. “പുറം‌വേദനയുണ്ടായിട്ടും, ഭർത്താവ് മോട്ടിയ പദാവിയുടെ കൂടെ റോഡ് പണിക്ക് ഞാൻ പോകാൻ തുടങ്ങി. ദിവസത്തിൽ 50 പൈസ കിട്ടിയിരുന്നു.”

തന്റെ കണ്മുമ്പിൽ, മൂന്നാമത്തെ തലമുറ വളർന്നുവരുന്നത് കണ്ടുകൊണ്ട് ഇന്ന് രുക്കാബായി കഴിയുന്നു. “ഇതൊരു പുതിയ ലോകമാണ്”, അവർ പറയുന്നു. കാലത്തിൽ വന്ന മാറ്റങ്ങൾ നല്ലതിനായിരുന്നുവെന്ന് അവർ സമ്മതിക്കുന്നുണ്ട്.

പിരിയാൻ നേരത്ത്, വർത്തമാനകാലത്തിന്റെ ഒരു വിരോധാഭാസം അവർ പങ്കുവെച്ചു: “പണ്ടൊക്കെ, ആർത്തവകാലത്ത് ഞങ്ങൾ എല്ലായിടത്തും പോകാറുണ്ടായിരുന്നു. ഇന്ന് സ്ത്രീകളെ ആ സമയത്ത് അടുക്കളയിൽ കയറാൻ സമ്മതിക്കുന്നില്ല. വീട്ടിനകത്ത് ദൈവങ്ങളുടെ ഫോട്ടോ വന്നു. എന്നാൽ സ്ത്രീകൾ പുറത്താവുകയും ചെയ്തു”, പ്രകടമായ അസ്വസ്ഥതയോടെ അവർ പറയുന്നു.

പരിഭാഷ: രാജീവ് ചേലനാട്ട്

Jyoti

Jyoti is a Senior Reporter at the People’s Archive of Rural India; she has previously worked with news channels like ‘Mi Marathi’ and ‘Maharashtra1’.

यांचे इतर लिखाण Jyoti
Editor : Vishaka George

विशाखा जॉर्ज बंगळुरुस्थित पत्रकार आहे, तिने रॉयटर्ससोबत व्यापार प्रतिनिधी म्हणून काम केलं आहे. तिने एशियन कॉलेज ऑफ जर्नलिझममधून पदवी प्राप्त केली आहे. ग्रामीण भारताचं, त्यातही स्त्रिया आणि मुलांवर केंद्रित वार्तांकन करण्याची तिची इच्छा आहे.

यांचे इतर लिखाण विशाखा जॉर्ज
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

यांचे इतर लिखाण Rajeeve Chelanat